PRAVASI

കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ ‘മലയാളം മിഷന്‍’ ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

Blog Image
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനും, മലയാളി മുസ്ലിംസ് ഓഫ് ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റണും (MMGH) സം‌യുക്തമായി “എന്റെ കേരളം” ഓൺലൈൻ മലയാളം ക്ലാസുകൾ വിജയകരമായി ആരംഭിച്ചു.

ഹ്യൂസ്റ്റണ്‍ (ടെക്സാസ്): കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനും, മലയാളി മുസ്ലിംസ് ഓഫ് ഗ്രേയ്റ്റര്‍ ഹ്യൂസ്റ്റണും (MMGH) സം‌യുക്തമായി “എന്റെ കേരളം” ഓൺലൈൻ മലയാളം ക്ലാസുകൾ വിജയകരമായി ആരംഭിച്ചു. ഈ പരിപാടിയോടൊപ്പം, കേരള സംസ്ഥാന മലയാളം മിഷന്റെ ഹ്യൂസ്റ്റണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും നടന്നു. ഹ്യൂസ്റ്റണിലെ മലയാളി കുട്ടികൾക്ക് മലയാള ഭാഷയിൽ സമഗ്രമായ അടിത്തറ നൽകുകയും അവരുടെ സാംസ്കാരിക വേരുകളോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാഠ്യ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

സൗകര്യപ്രദമായ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഒരുക്കുന്ന ഈ ക്ലാസുകൾ എല്ലാ പ്രായത്തിലെയും, എല്ലാ തലങ്ങളിലെയും വിദ്യാർത്ഥികളെ ആകർഷിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. അനുഭവസമ്പന്നരും അഭിനിവേശമുള്ളവരുമായ അദ്ധ്യാപകർ നയിക്കുന്ന ക്ലാസുകൾ രസകരവും ഇടപഴകുന്നതുമായ പഠന അനുഭവം ഉറപ്പാക്കുന്നു.

ഈ സംരംഭം എം എം ജി എച്ച് പ്രസിഡന്റ് മുഹമ്മദ് റിജാസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പ്രത്യേക അതിഥികളായി റോബിൻ ജെ ഇലക്കാട്ട് (മേയർ, മിസോറി സിറ്റി, ഹ്യൂസ്റ്റണ്‍), സുരേന്ദ്രൻ കെ. പട്ടേൽ (Judge, 240th District Court, Fort Bend County), മാത്യൂസ് മുണ്ടയ്ക്കല്‍ (പ്രസിഡന്റ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ്‍), വിനോദ് വൈശാഖി ( മലയാളം മിഷൻ റജിസ്ട്രാർ), ആഷാ മറിയം ജോൺ (മലയാളം മിഷൻ പി ആർ ഒ), ഡോ. എസ് എ ഷാനവാസ് (HOD, Department of Linguistics, Kerala University) എന്നിവർ പങ്കെടുത്തു ആശംസ അറിയിച്ചു.

കുട്ടികളുടെ അദ്ധ്യാപിക ആമിന ഷാനവാസ് (MA Linguistics) കഥകൾ പറഞ്ഞും സംസാരിച്ചും കുട്ടികളെ ആകർഷിച്ചു.

കൂടാതെ, അമേരിക്കയില്‍ അറിയപ്പെടുന്ന പ്രമുഖ സാമൂഹ്യ-സാംസ്ക്കാരിക-സമുദായ നേതാക്കളായ യുഎ നസീർ സാഹിബ്, സമദ് പൊന്നേരി, അബ്ദുൽ ഗഫൂർ (എംഎംജിഎച്ച് ഉപദേശക സമിതി ബോർഡ് അംഗം) എന്നിവർ ആശംസാ പ്രസംഗം നടത്തി. സഗീർ അബ്ദുള്ള (MMGH വൈസ് പ്രസിഡന്റ്) യോഗം ഏകോപിപ്പിക്കുന്നതിനായുള്ള എല്ല സാങ്കേതിക പിന്തുണയും നൽകി. എംഎംജിഎച്ച് ഭാരവാഹികൾ സ്വാഗതവും, ഡോ. ഷംന സഗീർ നന്ദിയും പറഞ്ഞു.

ഇതിൻറെ ഭാഗമായി മലയാളം മിഷൻ ഹ്യൂസ്റ്റണ്‍ ഈ വർഷത്തെ ഹ്യൂസ്റ്റണിലെ റീജിയണൽ ചാപ്റ്റർ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ഡോ. നജീബ് കുഴിയിൽ (പ്രസിഡന്റ്), ഡോ. ഫുവാദ് അലൂർ (വൈസ് പ്രസിഡന്റ് ), അജി ഹുസൈൻ (അദ്ധ്യക്ഷൻ), ഡോ. ബുഷ്റ മണക്കാട്ട് (സെക്രട്ടറി), അമർ ഹാരിസ് (ജോയിന്റ് സെക്രട്ടറി), ഡോ. സാഹിറ ജിഫ്രി, ജസ്‌ല ഗഫൂർ (കൺവീനർമാര്‍), ആമിന ഷാനവാസ് (എം എ മലയാളം ഭാഷാശാസ്ത്രം – അദ്ധ്യാപിക) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഈ കമ്മിറ്റി മറ്റു മലയാളി സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുകയും, ഹ്യൂസ്റ്റണിലെ കുട്ടികൾക്കായി മലയാളം ഭാഷ പഠിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യും.

വാര്‍ത്ത: അജി ഹുസൈന്‍ കോതമംഗലം, ഹ്യൂസ്റ്റണ്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.