മലയാളി സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മുതിര്‍ന്ന പൗരന്മാരുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി മെയ് നാലാം തീയതി ശനിയാഴ്ച ടാമ്പായിലെ സെയിന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഒരു സമ്മേളനം ചേരുകയുണ്ടായി.
ടാമ്പാ: മലയാളി സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മുതിര്‍ന്ന പൗരന്മാരുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി മെയ് നാലാം തീയതി ശനിയാഴ്ച ടാമ്പായിലെ സെയിന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഒരു സമ്മേളനം ചേരുകയുണ്ടായി.
കഴിഞ്ഞ മുപ്പതു വര്‍ഷത്തിലേറെയായി ടാമ്പായിലെ സീനിയര്‍ സിറ്റിസണ്സിനോടൊപ്പം ഒരു പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കറായും സാമൂഹിക പ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ചു പോരുന്ന റവ.ഫാ. ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി.
തന്റെ ഔദ്യോഗിക ജീവിതത്തിലും അല്ലാതെയും നേരിട്ടറിവുള്ള ചില മലയാളികള്‍, അവരുടെ സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നുപോലും വാര്‍ദ്ധക്യകാലത്ത് നേരിടേണ്ടിവരുന്ന ദുരിതപൂര്‍ണ്ണമായ അനുഭവങ്ങള്‍ അദ്ദേഹം സദസ്യരോട് പങ്കുവെച്ചു. സീനിയര്‍ സിറ്റിസണ്‍സിനു വേണ്ടി സര്‍ക്കാര്‍ നടത്തിപ്പോരുന്ന ചില ക്ഷേമപദ്ധതികളെക്കുറിച്ച് അച്ചന് വിവരണം നല്കി.
വാര്‍ദ്ധക്യകാലത്തും നമ്മള് മുടങ്ങാതെ അനുഷ്ഠിക്കേണ്ട ആരോഗ്യ പരിപാലനത്തെപ്പറ്റിയും ചില ലളിതമായ വ്യായാമ മുറകളെപ്പറ്റിയും സീനിയര്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റായി ദീര്‍ഘകാല പ്രവര്‍ത്തന പരിചയമുള്ള കെ.കെ. ഏബ്രഹാം ഒരു ചെറിയ വിവരണം നല്കി.
ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള സമയത്തുതന്നെ നമ്മുടെ മരണാനന്തരം കുടുംബാംഗങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍, മതിയായ സംവിധാനങ്ങളും രേഖകളും നിയമപരമായി തയ്യാറാക്കി വെക്കേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റി ഫൊക്കാന മുന്‍ പ്രസിഡണ്ട് കമാന്‍ഡര്‍ ജോര്‍ജ് കോരുത് ഓര്‍മ്മിപ്പിച്ചു.
യുവജനങ്ങള്‍ക്കു വേണ്ടി നിരവധി ക്ഷേമപദ്ധതികള്‍ തയ്യാറാക്കുന്ന മലയാളി ദേശീയ സംഘടനകള്‍ വര്‍ദ്ധിച്ചുവരുന്ന മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കണമെന്ന് സ്റ്റീഫന്‍ ലൂക്കോസ് അഭ്യര്‍ത്ഥിച്ചു.
വിദേശരാജ്യങ്ങളില്‍ മുതിര്‍ന്ന മലയാളികളെ സഹായിക്കുന്നതിന്, അവിടെയുള്ള സംഘടനകള്‍ നടത്തുന്ന സേവനങ്ങളെക്കുറിച്ച് ഏബ്രഹാം പതിയില്‍ ഒരു ചെറിയ വിവരണം നല്കി.
ബുദ്ധിമുട്ടും പ്രയാസങ്ങളും അവശതയും അനുഭവിക്കുന്ന നമ്മുടെ സമൂഹത്തിലെ വയോധികരുടെ വാര്‍ദ്ധക്യകാലം സന്തോഷപ്രദമാക്കുവാന്‍ എന്തു ചെയ്യുവാന്‍ കഴിയുമെന്ന് മറ്റു സംഘടനകളുമായി യോജിച്ച് ആശയവിനിമയം നടത്തണമെന്ന് ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു.
നമ്മുടെ സമൂഹത്തില്‍ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി ഒരു സപ്പോര്‍ട്ട് സിസ്റ്റം അഥവാ പിന്തുണാ സംവിധാനം രൂപീകരിക്കുന്നത് നല്ലതായിരിക്കുമെന്ന് രാജു മൈലപ്ര നിര്‍ദ്ദേശിച്ചു.
മലയാളി സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ ഈ യോഗത്തില്‍ പങ്കെടുത്ത് അവരുടെ അഭിപ്രായങ്ങളും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും നല്കി.
ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി ഉണ്ണികൃഷ്ണന് കോ-ഓര്‍ഡിനേറ്ററായി കമാന്‍ഡര്‍ ജോര്‍ജ് കോരുത്, സ്റ്റീഫന്‍ ലൂക്കോസ്, ഏബ്രഹാം പതിയില്‍, സണ്ണി ജേക്കബ് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. റവ.ഫാ. ജോര്‍ജ് പൗലോസ് കോര്‍ എപ്പിസ്കോപ്പ ഉപദേശക സമിതിയില്‍ തുടരും.
സണ്ണി ജേക്കബ്, ടിറ്റോ ജോണ്‍, ജോണ്‍ ജേക്കബ് എന്നിവരാണ് ഈ സമ്മേളനത്തിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തിയത്.
COMMITTEE
REV .GEORGE PAULOSE COR EPISCOPA
K.K.ABRAHAM
COMMANDER GEORGE KORATH
STEPHEN LUKOSE
ABRAHAM PATHIYIL
UNNIKRISHNAN
RAJU MYLAPRA