PRAVASI

ബോച്ചേ മുക്കിയ പ്രസ്ക്ലബ്

Blog Image

ഇന്ത്യാ പ്രസ്ക്ലബ് അവാര്‍ഡ് നൈറ്റ്, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ കുലപതികളുടെയും പൗരപ്രമുഖരുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ കൊച്ചിയിലെ ഗോകുലം കണ്‍വന്‍ഷന്‍ സെന്‍ററില്‍ വെച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഏഷ്യാനെറ്റ് മുതല്‍ മീഡിയ വണ്‍ വരെയുള്ള ആകമാന മലയാള വാര്‍ത്താ ചാനലുകളില്‍ നിന്നുമുള്ള പ്രതിഭകളെ തെരഞ്ഞെടുത്ത് അവരുടെ സമഗ്ര സംഭാവനകള്‍ക്കു മാധ്യമശ്രീ, മാധ്യമരത്ന, മീഡിയ എക്സലന്‍സ് തുടങ്ങിയ സൂപ്പര്‍ ഡ്യൂപ്പര്‍ നാമത്തിലുള്ള അവാര്‍ഡുകള്‍ നല്കി ആദരിച്ചു.
ഇന്ത്യയിലെയും ഗള്‍ഫ് നാടുകളിലെയും മാധ്യമരംഗത്തെ പ്രമുഖര്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്കിയത്. അമേരിക്കയിലെ പത്രപ്രവര്‍ത്തകരെയൊന്നും പരിഗണിച്ചില്ല. അവര്‍ കുറച്ചുകൂടി മൂക്കുവാനുണ്ട്. ഒരുപക്ഷേ, രണ്ടു വരി വാര്‍ത്ത തെറ്റു കൂടാതെ എഴുതുവാന്‍ അറിയാത്തവരാണ് ഈ പ്രസ്ക്ലബ് ഭാരവാഹികളില്‍ ഭൂരിഭാഗം പേരും എന്നുള്ളതും ഒരു കാരണമായിരിക്കാം.
ഇനി ഫൊക്കാനാ, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ മഹത്തായ സംഘടനകളുടെ കേരളാ കണ്‍വന്‍ഷനുകള്‍ നടക്കാനിരിക്കുന്നതേയുള്ളൂ.
ഇത്തരം പരിപാടികള്‍ അമേരിക്കയില്‍ നിന്നും കേരളത്തില്‍ പോയി നടത്തുന്നതിനോട് എനിക്ക് പൂര്‍ണ്ണ യോജിപ്പാണ്. കൂട്ടുകാരും നാട്ടുകാരും എല്ലാം കൂടി ഒന്നടിച്ചു പൊളിച്ചു പോരാം.
സാഹചര്യം അനുകൂലമായിരുന്നെങ്കില്‍ ഞാനും പോയേനേ!
ഇത്രയധികം ചാനലുകാരെ ആദരിച്ചിട്ടും അവരൊന്നും വേണ്ടത്ര കവറേജ് നമ്മള്‍ക്കു നല്കിയില്ല. അതൊരു മാതിരി മറ്റേ പണി ആയിപ്പോയി.
എങ്കില്‍ത്തന്നെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരോടൊപ്പമുള്ള നമ്മുടെ നേതാക്കന്മാരുടെ ഫോട്ടോ സോഷ്യല്‍ മീഡിയായില്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനു വമ്പിച്ച സഹായം നല്കുമെന്നു പ്രഖ്യാപിച്ച നമ്മുടെ നേതാക്കന്മാരൊന്നും അവിടം സന്ദര്‍ശിച്ചതായുള്ള വാര്‍ത്ത കണ്ടില്ല. ഒരുപക്ഷേ, 'വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത്'എന്നുള്ള ആഗ്രഹം കൊണ്ടായിരിക്കും.
ഏതായാലും അവാര്‍ഡ്'ദാന' പരിപാടി ഭംഗിയായി സംഘടിപ്പിച്ച ഭാരവാഹികള്‍ക്കു അസൂയ കലര്‍ന്ന അഭിനന്ദനങ്ങള്‍!
മലയാളികള്‍ക്ക് ഇതൊന്നുമല്ല ഇപ്പോഴത്തെ പ്രധാനവിഷയം. ഒരു നടിയുടെ പരാതിയെത്തുടര്‍ന്ന്, പോലീസിന്‍റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള 'ഒരു പ്രത്യേക ആക്ഷനും' അതിനെത്തുടര്‍ന്നുണ്ടായ കോടതി വിധിയുമാണ്.
ഇതിന്‍റെ പിന്നാലെ ഇരുപത്തിനാലു മണിക്കൂറും മൂടിനു തീ പിടിച്ചതുപോലെ പരക്കംപായുന്ന മാപ്രാകള്‍ക്ക്, മറ്റു വാര്‍ത്തകള്‍ കവറു ചെയ്യാന്‍ എവിടെ നേരം കിട്ടാനാണ്?
ചട്ടയും മുണ്ടും ഉടുത്തു നടക്കുന്ന ഒരു സ്വര്‍ണ്ണ വ്യാപാരി, അയാളുടെ പുതുതായി തുടങ്ങുന്ന ഒരു ബ്രാഞ്ചിന്‍റെ ഉദ്ഘാടനം നടത്താന്‍ ഉദ്ഘാടനത്തൊഴിലാളിയായ ഒരു പ്രമുഖ നടിയെ വിളിക്കുന്നു. അവരെ കാണാനായി ജനം തടിച്ചുകൂടുന്നു. അവരുടെ താത്വിക അവലോകനം കേള്‍ക്കാനോ, അവര്‍ നല്കുന്ന സാരോപദേശങ്ങള്‍ കേട്ട് നല്ലവരായി ജീവിക്കണം എന്ന പ്രതിജ്ഞയെടുക്കുവാനോ ഒന്നുമല്ല ഈ ജനം കൂടുന്നത്.
നടിയുടെ ആകാരവടിവ് എടുത്തു കാട്ടിയുള്ള വസ്ത്രധാരണ രീതി കണ്ട് ആസ്വദിക്കുവാനാണ് അവര്‍ വണ്ടിയും വള്ളവും പിടിച്ച് അവിടെയെത്തുന്നത് എന്നുള്ളത് ഒരു സത്യമാണ്. അതു നടിക്കും അറിയാം. ആസ്വാദകരുടെ അഭിരുചിക്കനുസരിച്ച്, വലിയ പ്രതിഫലത്തുക വാങ്ങി, അവര്‍ അതു ഭംഗിയായി നിര്‍വഹിക്കുന്നു.
ഉദ്ഘാടനവേദിയില്‍ വെച്ച് ചട്ടക്കാരന്‍ മുതലാളി അവരോട് മോശമായി പെരുമാറുന്നതൊന്നും ഞാന്‍ കണ്ട വീഡിയോയില്‍ കണ്ടില്ല. എന്നാല്‍, ഇയാള്‍ ദ്വയാര്‍ത്ഥ വീരനാണെന്നും തരം കിട്ടുമ്പോഴൊക്കെ സ്ത്രീകളെ അപമാനിക്കാറുണ്ടെന്നും പറയപ്പെടുന്നു. പിന്നീട് ഈ നടിയെപ്പറ്റി മോശമായ പരാമര്‍ശങ്ങള്‍ നിരന്തരം തുടര്‍ന്നു പോരുന്നു എന്നും പറയപ്പെടുന്നു.
പൊതുവേദികളില്‍ ഇത്തരം ശരീരവടിവു പ്രദര്‍ശിപ്പിക്കുന്ന വസ്ത്രധാരണവുമായി പ്രത്യക്ഷപ്പെടുന്നതു കണ്ട് ആസ്വദിക്കുന്നവര്‍, പിന്നീട് മാറി നിന്ന് നല്ലപിള്ള ചമഞ്ഞ് സോഷ്യല്‍ മീഡിയായില്‍ അവരെപ്പറ്റി മോശം കമന്‍റുകള്‍ ഇടുന്നത് മോശമാണ്. വിമര്‍ശനമാകാം, പക്ഷേ, അത് അശ്ലീലപരമാകരുത്.
റോസാപുഷ്പം അകലെനിന്ന് ആസ്വദിക്കാം. പക്ഷേ, തേന്‍ (ഹണി) നുകരാമെന്നു കരുതി, വളരെ അടുത്തു ചെന്നാല്‍ ചിലപ്പോള്‍ മുള്ളു കൊണ്ടെന്നിരിക്കും (നമ്മുടെ ചട്ടമുതലാളിക്കു പറ്റിയതു പോലെ).
ഇതിനേത്തുടര്‍ന്ന് സ്ത്രീകളുടെ വസ്ത്രധാരണ രീതിയെപ്പറ്റി ധാരാളം അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഒരു സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള അവകാശം ഉണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായം-ആയിക്കൊള്ളട്ടെ!
പക്ഷേ, പുരുഷനായാലും സ്ത്രീയായാലും സന്ദര്‍ഭത്തിനനുസരിച്ച് മാന്യമായ രീതിയില്‍ വസ്ത്രധാരണം നടത്തണം എന്നുള്ളതാണ് മര്യാദക്കാരനായ എന്‍റെ അഭിപ്രായം.
ജയിലില്‍ കിടന്നു കൊതുകുകടി കൊള്ളുന്ന, വേദനിക്കുന്ന കോടീശ്വരനും മേനിയഴകു പ്രദര്‍ശിപ്പിച്ചു കോടികള്‍ കൊയ്യുന്ന മോഡലുകള്‍ക്കും ഈയുള്ളവന്‍റെ അഭിവാദനങ്ങള്‍!
സ്വര്‍ണ്ണമുതലാളിയോട് ഒരു മുന്നറിയിപ്പ്: ചട്ടയും മുണ്ടുമണിഞ്ഞ് ജയിലില്‍ കിടക്കുമ്പോള്‍ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്.

 രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.