കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ പദ്ധതിയായ മെഡിക്കല്‍ കാര്‍ഡ്,പ്രിവിലേജ് കാർഡ് പദ്ധതി കൊച്ചി ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ റവന്യു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. അമേരിക്കൻ മലയാളികൾക്ക് കേരളത്തിലേക്കുള്ള പാലമാണ് ഫൊക്കാന . കേരളത്തിൻെ പുരോഗമനത്തിനും വികസനത്തിനും ഒപ്പം നിൽക്കാൻ ഫൊക്കാനയ്ക്ക് സാധിച്ചത് അഭിമാനകരമായ നിമിഷമാണെന്ന് മന്ത്രി സൂചിപ്പിച്ചു. 2018 , 2019 ലെ പ്രളയം, കോവിഡ് , നിപയും , ഓഖിയും , വയനാട് ദുരന്തം ഉണ്ടായ സമയത്ത് അമേരിക്കൻ മലയാളികളുടെ സഹായം കേരളാ ഗവൺമെൻ്റിന് മറക്കാൻ സാധിക്കില്ല.പ്രവാസികൾ ഇനിയും ലോകത്തിൻ്റെ ഏത് ഭാഗത്തിരുന്നാലും നിങ്ങളുടെ ഭൂമിയുമായി ബന്ധപ്പെട്ട റവന്യു പരാതികൾ പരിഹരിക്കുവാൻ ഓൺലൈൻ സംവിധാനം നിലവിൽ വന്നു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഇപ്പോൾ ലോഞ്ച് ചെയ്യുന്ന മെഡിക്കൽ കാർഡ് ഫൊക്കാനയുടെ പ്രവർത്തകർക്കും അവരുടെ ബന്ധുക്കൾക്കും ഏറെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കൊച്ചി രാജഗിരി ഹോസ്പിറ്റല്‍, പാലാ മാര്‍ സ്ലീവാ മെഡ്‌സിറ്റി ഹോസ്പിറ്റല്‍, തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ ബൃഹത് പദ്ധതി ഒരുങ്ങുന്നത്. അമേരിക്കന്‍-കനേഡിയന്‍ മലയാളികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും പ്രസ്തുത ഹോസ്പിറ്റലുകളിൽ ചികിത്സാ ബില്ലുകളിൽ ഇളവു ലഭിക്കുന്നതിന് വേണ്ടിയാണ് മെഡിക്കല്‍ കാര്‍ഡ് നല്‍കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. മെഡിക്കൽ കാർഡ് പദ്ധതിയിൽ നിരവധി നൂതനമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫൊക്കാനയിലെ എല്ലാ അംഗ സംഘടനയിലെ അംഗങ്ങൾക്കും അവരുടെ
ബന്ധുക്കൾക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ സാധിക്കും. ഇൻ പേഷ്യൻ്റ് ഔട്ട് പേഷ്യൻ്റ് വിഭാഗങ്ങളിലും റേഡിയോളജി സ്കാനിംഗ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്കും ഇളവുകൾ ലഭിക്കും. വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളും , ഇൻ പേഷ്യൻ്റ് വിഭാഗങ്ങളിൽ എത്തുന്ന ഇൻ്റർനാഷണൽ രോഗികൾക്ക് മറ്റ് സേവനങ്ങളും ഹെൽത്ത് കാർഡ് ഉള്ളവർക്കും ലഭ്യമാക്കും. സേവനങ്ങൾ ലഭ്യമാക്കാൻ ഹെൽത്ത് കാർഡ് ഈ ആശുപത്രികളിലെ ഫ്രണ്ട് ഡസ്കിൽ കാണിച്ചാൽ മാത്രം മതിയാകുമെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ തൻ്റെ സ്വാഗത പ്രസംഗത്തിൽ അറിയിച്ചു.
ഹെൽത്ത് കാർഡ് ലോഞ്ചിംഗ് ചടങ്ങിൽ മുൻ മന്ത്രി പ്രൊഫ. കെ.വി തോമസ്, ചാണ്ടി ഉമ്മന്‍, രാജഗിരി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഫാ. ജോയി കിളിക്കുന്നേല്‍ സി.എം.ഐ, മാര്‍ സ്ലീവാ മെഡ്‌സിറ്റി എം.ഡി മോണ്‍സിങ്ങര്‍ ഡോ. ജോസഫ് കണിയോടിക്കല്‍,
ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി ,ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍, അസോസിയേറ്റ് ട്രഷറര്‍ ജോണ്‍ കല്ലോലിക്കല്‍, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി അപ്പുക്കുട്ടന്‍ പിള്ള, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍ ജോജി തോമസ്, മുന്‍ പ്രസിഡന്റും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മെമ്പറുമായ ജോര്‍ജി വര്‍ഗീസ്, മുന്‍ പ്രസിഡന്റും ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്ററുമായ പോള്‍ കറുകപ്പിള്ളില്‍ , ജെയ്ബു കുളങ്ങര ,ലീല മാരേട്ട് , തോമസ് തോമസ്, ഫിലിപ്പോസ് ഫിലിപ്പ് , ഡോ. ഷീല വർഗീസ് ,സാജൻ, മിനി സാജൻ തുടങ്ങി നിരവധി വ്യക്തികൾ ചടങ്ങിൻ്റെ ഭാഗമായി. ഡോ. ഷീല വർഗീസിൻ്റെ പ്രാർത്ഥനാ ഗാനത്തോടെ തുടങ്ങിയ ചടങ്ങിൽ ഫൊക്കാന മുൻ പ്രസിഡൻ്റ് ജോർജി വർഗീസ് ആയിരുന്നു എം സി.