PRAVASI

15-ാമത് കെ.സി.സി.എൻ.എ. കൺവൻഷന്റെ മുഖ്യാകർഷണമായി "മെഗാ ചെണ്ടമേളം" ഒരുങ്ങുന്നൂ

Blog Image

വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ കെ .സി.സി.എൻ .എ .(KCCNA ) യുടെ നേതൃത്വത്തിൽ ടെക്സസിലെ സാൻ അന്റോണിയായിൽ വച്ച് 2024, ജൂലൈ 4 ,5 ,6 ,7 തീയതികളിൽ  നടത്തപ്പെടുന്ന15-ാമത് കെ.സി.സി.എൻ.എ. ദേശീയ ഫാമിലി കൺവെൻഷന്റെ ഒരുക്കങ്ങൾ വളരെ വേഗത്തിൽ മുന്നേറുന്നതായി  കെ.സി.സി.എൻ.എ. നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കു വേണ്ടി പ്രസിഡന്റ് ശ്രി .ഷാജി എടാട്ടും ജനറൽ സെക്രട്ടറി  അജീഷ് പോത്തൻ താമ്രത്തും അറിയിച്ചു .


ഡാളസ്: വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ കെ .സി.സി.എൻ .എ .(KCCNA ) യുടെ നേതൃത്വത്തിൽ ടെക്സസിലെ സാൻ അന്റോണിയായിൽ വച്ച് 2024, ജൂലൈ 4 ,5 ,6 ,7 തീയതികളിൽ  നടത്തപ്പെടുന്ന15-ാമത് കെ.സി.സി.എൻ.എ. ദേശീയ ഫാമിലി കൺവെൻഷന്റെ ഒരുക്കങ്ങൾ വളരെ വേഗത്തിൽ മുന്നേറുന്നതായി  കെ.സി.സി.എൻ.എ. നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കു വേണ്ടി പ്രസിഡന്റ് ശ്രി .ഷാജി എടാട്ടും ജനറൽ സെക്രട്ടറി  അജീഷ് പോത്തൻ താമ്രത്തും അറിയിച്ചു .

ലോക പ്രശസ്തമായ സാൻ അന്റോണിയായിലെ റിവർവാക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹെൻട്രി  ബി. ഗോൺസാലസ് കൺവൻഷൻ സെന്ററിലാണ്  ഇത്തവണത്തെ ക്നാനായ ദേശീയ മാമാങ്കം അരങ്ങേറുന്നത് .

കെ.സി.സി.എൻ.എ.യിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന 20 യൂണിറ്റ് സംഘടനകളിൽ നിന്നായി 1000 -ൽ  അധികം കുടുബങ്ങൾ  (4,000 ത്തോളം അംഗങ്ങൾ )  പങ്കെടുക്കുമെന്നു  പ്രതീക്ഷിക്കുന്നു.  കേരളത്തിൽ നിന്നും വടക്കേ അമേരിക്കയിൽ കുടിയേറിയിരിക്കുന്ന മുപ്പതി നായിരത്തില്പരം ക്നാനായ സമുദായഗംങ്ങൾ എന്നും വളരെ ആവേശത്തോടെ ഉറ്റു നോക്കുന്ന കൺവൻഷനിൽ  ക്നാനായ സമുദായത്തിന്റെ യും കേരളത്തിന്റെയും പാരമ്പര്യ കലാ സാംസ്‌കാരിക  പരിപാടികൾ അരങ്ങേറും .

ഇത്തവണ  കൺവൻഷനോടനുബന്ധിച്ചു കേരളീയ വാദ്യകലകളിൽ പ്രധാനവും കാണികളിൽ ഒരേസമയം ആവേശവും ദൃശ്യ ശ്രവണ വിസ്മയം തീർക്കുന്ന "മെഗാ ചെണ്ടമേളം" അരങ്ങേറും.

പുരുഷന്മാരും സ്ത്രീകളും യുവജനങ്ങളും ഹൈസ്കൂൾ കുട്ടികളും ഉൾപ്പെടെ 300 -ൽ  അധികം ചെണ്ട മേളക്കാർ  ഈ മെഗാ മേളയിൽ അണിനിരക്കും. കൂടാതെ ഈ താളൽമകമായ "ഡ്രംമിംഗും ബ്ലാസ്റ്റിംഗും"  KCCNA ഫാമിലി കൺവെൻഷൻ്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നായിരിക്കും!! അമേരിക്കയിൽ നടന്നിട്ടുള്ള ഏറ്റവും വലിയ ചെണ്ടമേളങ്ങളിൽ ഒന്നായി ചരിത്രം കുറിക്കുവാൻ സംഘാടകർ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

സാൻ ആന്റോണിയ ഡൗൺ ടൗണിൽ അക്ഷരാർത്ഥത്തിൽ ഒരു  " മിനി തൃശൂർ പൂരം" അരങ്ങേറുമെന്നു സംഘാടകർ അവകാശപ്പെടുന്നു.

ശ്രീ അരുൺ നെല്ലാമറ്റത്തിലിന്റെ  (ഷിക്കാഗോ - മുഖ്യ കോ-ഓർഡിനേറ്റർ) നേതൃത്വത്തിൽ ശ്രീമതി ഏലിയാമ്മ കൈതമറ്റത്തിൽ, ശ്രീ ജീവൻ പതിപ്പറമ്പിൽ (ഹൂസ്റ്റൺ) ,ശ്രീ ആൻ്റണി ഇല്ലിക്കാട്ടിൽ (സാൻഹൊസെ), ശ്രീ ചാക്കോ അമ്പാട്ട് (ഡാളസ്) എന്നിവർ ഈ മെഗാ ചെണ്ടമേളത്തിന്റെ ഇവന്റ് കോ-ഓർഡിനേറ്റർമാരായിരിക്കും.  

ഇവരെക്കൂടാതെ ശ്രീ ജോൺ കുസുമാലയം (ന്യൂയോർക്) ,ശ്രീ പ്രിൻസ്‌ തടത്തിൽ (ന്യൂയോർക്),ശ്രീ സജി ചിറയിൽ (ഡാളസ്), ശ്രീ ജിനോയ് കാവലക്കൽ (ചിക്കാഗോ ) എന്നിവർ കോ-ഓർഡിനേറ്റർ മാരായി  പ്രവർത്തിക്കും.

ചിക്കാഗോ ഏരിയയിൽ ഒരു ദശാബ്ദത്തിലേറെയായി ചെണ്ടമേളത്തിലെ പ്രമുഖനാണ് ശ്രീ.അരുൺ നെല്ലാമറ്റം. പ്രാദേശികമായും ദേശീയമായും നിരവധി പ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ചെണ്ട കലയിൽ ഹൂസ്റ്റൺ വനിതകളെ നയിക്കുന്നതിൽ തിളങ്ങിയ താരമാണ് ശ്രീമതി ഏലിയാമ്മ കൈതമറ്റത്തിൽ, കൂടാതെ ക്നാനായ വിമൻസ് സമ്മിറ്റിൽ ചെണ്ടമേളത്തിൻ്റെ മുഖ്യ ശില്പിയായിരുന്നു.

ഹൂസ്റ്റൺ യുവാക്കളുടെ "ചെണ്ട മാസ്റ്റർ" എന്നറിയപ്പെടുന്ന  ശ്രീ. ജീവൻ ടോമി പതിപ്പറമ്പിൽ ഹൂസ്റ്റണിൽ  സ്വന്തമായി Chenda/percussion സ്കൂൾ നടത്തിവരുന്നു. ഹൂസ്റ്റണിലെ യുവാക്കളുടെ ചെണ്ട ടീമിനെ നയിക്കുന്ന  അദ്ദേഹം  യുവ വിദ്യാർത്ഥികളെ താളവാദ്യത്തിൻ്റെ മേഖലയിലേക്ക് നയിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള തീവ്രമായ പ്രവത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു .

സാൻഹൊസ്സായിൽ നിന്നുള്ള ആന്റണി ഇല്ലിക്കാട്ടിലും ഡാളസിൽ  നിന്നുള്ള ചാക്കോ അമ്പാട്ടും ചെണ്ട വാദ്യമേളകളിലെ മറ്റു  പ്രമുഖന്മാരാണ് .

KCCNA കൺവെൻഷൻ്റെ വിജയത്തിനായി തങ്ങളുടെ വിലപ്പെട്ട സമയവും ഊർജ്ജവും ചിലവഴിക്കുവാൻ വേണ്ടി മുന്നോട്ടുവന്ന എല്ലാ  കോർഡിനേറ്റർമാർക്കും കെ. സി. സി. എൻ. എ. നന്ദി അറിയിക്കുന്നതായി എക്സിക്യൂട്ടീവ്  കമ്മറ്റി അറിയിച്ചു .

അങ്ങനെ ഇത്തവണത്തെ കെ.സി.സി.എൻ.എ  കൺവൻഷൻ കേരളീയ താളവാദ്യ മേളങ്ങളോടെ ഏറ്റവും ആസ്വാദ്യാനുഭവമാക്കുവാൻ കെ.സി.സി.എൻ.എ എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ കമ്മറ്റികൾ അക്ഷീണം പ്രവർത്തിച്ചു വരുന്നു.

Related Posts