തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മരിച്ച ഇന്ദുജയുടെ (25) പിതാവ് ശശിധരന്‍ പാലോട് പോലീസിൽ പരാതി നൽകി. മകളെ കാണാൻ അഭിജിത്തിന്റെ വീട്ടുകാർ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഭർതൃവീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചിരുന്നു എന്നാൽ അവിടേക്ക് ചെല്ലാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു. തുടർന്ന് ഭർത്താവ് അഭിജിത്തിനെ (25) പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇളവട്ടത്തുള്ള ഭർത്താവ് അഭിജിത്തിന്റെ വീട്ടിലെ രണ്ടാം നിലയിലുള്ള ബെഡ്റൂമിലെ ജനലിൽ ഇന്ദുജയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അഭിജിത്ത് വീട്ടിൽ ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയം വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരനാണ് അജിത്ത്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നു മാസം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇതിന് ശേഷം ഇന്ദുജയുടെ വീട്ടുകാരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.