കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി കളക്ടറേറ്റിലേക്ക് മാറ്റി നൽകണമെന്ന് റവന്യൂ വകുപ്പിനോട് മഞ്ജുഷ ആവശ്യപ്പെട്ടു. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്നാണ് മഞ്ജുഷയുടെ വിശദീകരണം. അടുത്ത മാസം ജോലിയിൽ പ്രവേശിക്കുമെന്നും മഞ്ജുഷ അറിയിച്ചു. കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അപേക്ഷ നല്‍കിയത്.
എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ ജാമ്യ ഹർജിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നു കോടതിയെ ബോധ്യപ്പെടുത്താനാണ് കുടുംബത്തിന്റെ നീക്കം. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണമെന്നും പിപി ദിവ്യ ജയിൽ മോചിതയായ ഷേഷം പ്രതികരിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനു വേണ്ടിയുള്ള അവസരം കോടതിയിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 11 ദിവസത്തിനു ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്.