ഓണത്തോടൊപ്പം ചേർത്തുവായിക്കപ്പെടുന്ന ഒന്നാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. ജലോത്സവങ്ങളുടെ നാടായ കേരളത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഈ വള്ളം കളിയ്ക്കുണ്ട്. ആചാരങ്ങളും വിനോദങ്ങളും ഒത്തൊരുമിക്കുന്ന അപൂർവ്വ നിമിഷങ്ങളാണ് ആറന്മുള വള്ളംകളി കാഴ്ചക്കാർക്കായി ഒരുക്കുന്നത്. ജലപ്പരപ്പിലെ ആവേശത്തിരയിളക്കം ആസ്വാദകഹൃദയങ്ങളിലേക്കും കടന്നുകയറുന്ന അസുലഭനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനായി ഓരോ ഓണക്കാലത്തും കേരളം കാത്തിരിക്കാറുണ്ട്.
ഓണത്തോടൊപ്പം ചേർത്തുവായിക്കപ്പെടുന്ന ഒന്നാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി. ജലോത്സവങ്ങളുടെ നാടായ കേരളത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഈ വള്ളം കളിയ്ക്കുണ്ട്. ആചാരങ്ങളും വിനോദങ്ങളും ഒത്തൊരുമിക്കുന്ന അപൂർവ്വ നിമിഷങ്ങളാണ് ആറന്മുള വള്ളംകളി കാഴ്ചക്കാർക്കായി ഒരുക്കുന്നത്. ജലപ്പരപ്പിലെ ആവേശത്തിരയിളക്കം ആസ്വാദകഹൃദയങ്ങളിലേക്കും കടന്നുകയറുന്ന അസുലഭനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനായി ഓരോ ഓണക്കാലത്തും കേരളം കാത്തിരിക്കാറുണ്ട്.
പത്തനംതിട്ട ജില്ലയിൽ പമ്പ നദിക്കരയിലുള്ളൊരു ഗ്രാമപ്രദേശമാണ് ആറന്മുള. ഇവിടെ ചിങ്ങമാസത്തിലെ ഉത്രട്ടാതി നക്ഷത്രത്തിലാണ് വള്ളംകളി നടത്തുന്നത്. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമാണ് ചിങ്ങമാസത്തിലെ ഉത്രട്ടാതി നക്ഷത്രം. അന്നേ ദിവസം തന്നെയാണ് പാർഥന്റെ അഥവാ ആർജ്ജുനന്റെ ജന്മനക്ഷത്രമെന്നും വിശ്വസിക്കപ്പെടുന്നു. മഹാഭാരതയുദ്ധകാലത്ത് അർജ്ജുനന്റെ തേരാളിയായിരുന്ന പാർത്ഥസാരഥിയുടെ വിശ്വരൂപമാണ് ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠ. അർജ്ജുനൻ പ്രതിഷ്ഠ നടത്തിയതെന്നു കരുതപ്പെടുന്ന നിലക്കൽ നാരായണപുരത്തായിരുന്നു മൂല പ്രതിഷ്ഠ. പിന്നീട് അവിടെ നിന്നും പമ്പാതീരത്ത് ആറു മുളകൾ കൂട്ടിക്കെട്ടി അവിടെ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. അങ്ങനെ ആ സ്ഥലം ആറന്മുള എന്ന് അറിയപ്പെടാൻ തുടങ്ങി എന്നതാണ് 'ആറന്മുള' എന്ന പേരിന്റെ ഉത്ഭവകഥകളിലൊന്നായി പറയപ്പെടുന്നത്.
ആറന്മുള ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളുടെ ഭാഗമാണ് വള്ളംകളി. പണ്ടുപണ്ട് ആറന്മുളയ്ക്കു അടുത്തുള്ള കാട്ടൂർ മങ്ങാട്ട് മഠത്തിലെ ഭട്ടതിരിപ്പാട് എല്ലാ മാസവും തിരുവോണ നാളിൽ ബ്രാഹ്മണർക്ക് ഊട്ട് നടത്തിയിരുന്നു. ഒരു തിരുവോണത്തിന് അദ്ദേഹത്തിന്റെ ഊട്ടിന് ബ്രാഹ്മണരെ കിട്ടാതെ വരികയും അത്യന്തം ദുഃഖിതനായ അദ്ദേഹം ആറന്മുളയപ്പനെ പ്രാർത്ഥിക്കുകയും ചെയ്തത്രേ. അപ്പോൾ അവിടെ ഒരു ബ്രാഹ്മണൻ എത്തി ഭക്ഷണത്തിനായി ആവശ്യപ്പെടുകയും ഭട്ടതിരി ആ ബ്രാഹ്മണനെ സന്തോഷത്തോടെ ഊട്ടുകയും ചെയ്തു. അടുത്ത ചിങ്ങത്തിൽ ഉത്രാടം നാളിൽ ഈ ബ്രാഹ്മണൻ ഭട്ടതിരിക്ക് സ്വപ്നദർശനം നൽകുകയും പിറ്റേന്ന് തിരുവോണ ദിവസം ഒരു ദിവസത്തെ ചെലവിനുള്ള വസ്തുക്കളുമായി ക്ഷേത്രത്തിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്ന് തനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട ബ്രാഹ്മണൻ സാക്ഷാൽ ആറന്മുളയപ്പൻ ആണെന്ന് തിരിച്ചറിയുന്ന ഭട്ടതിരി പിറ്റേന്ന് സന്തോഷത്തോടെ ഒരു ദിവസത്തെ ചിലവിനുള്ള വസ്തുക്കളുമായി തോണിയിൽ ക്ഷേത്രത്തിലെത്തി. പിന്നീട് എല്ലാ വർഷവും ചിങ്ങത്തിൽ തിരുവോണനാളിൽ ഒരു ദിവസത്തെ ക്ഷേത്രചിലവിനുള്ള സാധനങ്ങളുമായി ആർഭാടപൂർവ്വം ഭട്ടതിരി ക്ഷേത്രത്തിൽ എത്താൻ തുടങ്ങി.
ഭട്ടതിരിയുടെ ആർഭാടപൂർവ്വമുള്ള ഈ യാത്ര രസിക്കാത്ത ചിലർ ഒരിക്കൽ അദ്ദേഹത്തിന്റെ തോണി തടഞ്ഞു. ആയുധാഭ്യാസികളായ തൊട്ടാവള്ളി ആശാന്മാർ വിവരം അറിഞ്ഞെത്തുകയും അവരും മറ്റു നാട്ടുകാരും ചേർന്നു തോണിയെ അക്രമികളിൽ നിന്ന് രക്ഷിച്ച്, ആഘോഷപൂർവ്വം ക്ഷേത്രത്തിൽ എത്തിക്കുകയും ചെയ്തത്രേ. പിന്നീട് എല്ലാ വർഷവും തിരുവോണ ചിലവ് തോണി എന്നറിയപ്പെടുന്ന ഈ തോണിയ്ക്ക് അകമ്പടി സേവിക്കാൻ ചുണ്ടൻവള്ളങ്ങൾ അണിനിരന്നു തുടങ്ങി. ഇന്ന് തോണി വരവ് എന്നറിയപ്പെടുന്ന ഈ യാത്ര ആചാരങ്ങളുടെ പെരുമയും മഹിമയും വിളിച്ചോതുന്ന ഒന്നാണ്. തിരുവോണ തോണി വരവ് രാത്രിയായതിനാൽ പിൽക്കാലത്തു ആളുകൾക്ക് കാഴ്ച്ചയൊരുക്കുവാൻ വേണ്ടി ക്ഷേത്രപ്രതിഷ്ഠ ദിനമായ ഉത്രട്ടാതി നാളിൽ പകൽ ചുണ്ടൻവള്ളങ്ങൾ അണിനിരന്നു കൊണ്ട് ജലോത്സവം ആഘോഷിക്കാൻ തുടങ്ങി. ഇതാണ് ആറന്മുള ജലോത്സവത്തിന്റെ ഐതിഹ്യവും കഥയും.
ജലോത്സവത്തിൽ പങ്കെടുക്കുന്ന ചുണ്ടൻവള്ളങ്ങൾ പള്ളിയോടങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ആകർഷകമായി അലങ്കരിക്കപ്പെടുന്ന വള്ളങ്ങളിൽ മുത്തുക്കുടയേന്തി നിൽക്കുന്നവരുടെ സാന്നിദ്ധ്യം പള്ളിയോടങ്ങൾക്ക് ഗജവീരന്മാരുടെ ഗംഭീര്യമേകുന്നു. നാൽപ്പത്തിയെട്ടു ചുണ്ടൻ വള്ളങ്ങൾ പങ്കെടുക്കുന്ന ഈ വള്ളംകളിയെ വെള്ളമുണ്ടും തലപ്പാവും അണിഞ്ഞ തുഴച്ചിലുകാരാണ് നയിക്കുന്നത്. ഓരോ ചുണ്ടൻവള്ളവും പമ്പാനദിക്കരയിലെ ഓരോ ഗ്രാമങ്ങളുടെയും പ്രതിനിധികളാണ്. വഞ്ചിപ്പാട്ടിന്റെ താളത്തിൽ പമ്പയിലൂടെ ഒഴുകി നീങ്ങുന്ന ഈ വള്ളങ്ങൾ നയനാനന്ദകരമായ ഒരു കാഴ്ചയാണ്. ആദ്യം പള്ളിയോടങ്ങളുടെ ഘോഷയാത്രയും പിന്നീട് മത്സര വള്ളംകളിയും നടക്കുന്നു. നാലാം നൂറ്റാണ്ടു മുതൽ നടന്നുവരുന്നെന്നു കരുതപ്പെടുന്ന ഈ ജലോത്സവം കേരളത്തിന്റെ കലാസാംസ്‌കാരിക പൈതൃകത്തിന്റെ മകുടോദാഹരണമാണ്.
കേരളീയരുടെ ആവേശവും അഭിമാനവുമായ ഈ 'ജലപൂരം' ഓണത്തിന്റെ ഒരുമയും പെരുമയും ലോകത്തിന് മുന്നിൽ ഉദ്ഘോഷിക്കുന്നു. മാവേലിനാടിന്റെ മഹോത്സവം തന്നെയാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി.
എല്ലാ വായനക്കാർക്കും ഐശ്വര്യവും നന്മയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു!
ദിവ്യ എസ് മേനോൻ