അയ്യോ അയമുട്ട്യാഷ് മരിച്ചോ പത്രം അരിച്ചു പെറുക്കുന്നതിനിടയിൽ അമ്മ ആരാദ് ? മക്കൾ ..... അത് ഞങ്ങളെ അറബ്യാഷ് പറഞ്ഞു കൊണ്ട് അമ്മ അൻവിദ ക്കുട്ടിയാവുന്നതു കണ്ട് മക്കൾക്കു കൗതുകം
അയ്യോ അയമുട്ട്യാഷ് മരിച്ചോ
പത്രം അരിച്ചു പെറുക്കുന്നതിനിടയിൽ അമ്മ
ആരാദ് ?
മക്കൾ .....
അത്
ഞങ്ങളെ അറബ്യാഷ്
പറഞ്ഞു കൊണ്ട്
അമ്മ അൻവിദ
ക്കുട്ടിയാവുന്നതു കണ്ട് മക്കൾക്കു കൗതുകം
ഉച്ചനേരം ഒരു മണിയായാൽ ഉസ്കൂൾ മുഴുക്കെ ഉപ്പുമാവു മണം പരന്ന്
കുട്ട്യോൾടെ വായിൽ കപ്പലോട്ടാൻ വെള്ളം നിറഞ്ഞുണ്ടാകും
നീണ്ട ബെല്ലിൽ വരിയും നിരയും നോക്കാതെ മുന്നും പിന്നും നോക്കാതെ ഉപ്പുമാവ് വാങ്ങാൻ ഒരോട്ടമുണ്ട്
പൂ പറിക്കാൻ പോര്ന്നോ
പോര് ന്നോ അതിരാവിലെ
ആരെ നിങ്ങക്കാവിശം
ആവിശം അതിരാവിലെ
അനൂനെ ഞങ്ങൾക്കാവിശം
ആവിശം അതിരാവിലെ
ആരവളെ കൊണ്ടോവും
കൊണ്ടോവുംഅതിരാവിലെ
ഞാനവളെ കൊണ്ടോവും
കൊണ്ടോവുംഅതിരാവിലെ .....
മൈതാനത്ത് കുട്ടികൾ നട്ടുച്ചനേരത്തെ അതിരാവിലെയാക്കുന്നതും നോക്കി അയ് മുട്ട്യാഷ് ജനാലയ്ക്കൽ അങ്ങനെ ഇരുന്നു
റഹ്‌മാൻ ഒനാണ് അനൂനെ ആവിശ്യക്കാരൻ
കഴിഞ്ഞ ക്ലാസിൽ ചോദ്യം ചോദിച്ച് തന്നെ എടങ്ങേറാക്കിയപഹയൻ
ആ കുരുപ്പ് ചെക്കന് അനൂ നെ വര കടത്താൻ പറ്റല്ലേ
മാഷ്കുട്ടി ഒന്ന് ആഗ്രഹിച്ചു
അയ്യടാഅവൻപണിയൊപ്പിച്ചു
അവളതാ ഇപ്പുറത്തെ കൂട്ടത്തിൽ
വീണ്ടുംഉച്ചവെയിലുമാഞ്ഞ്
അതിരാവിലെയാവുന്നു
കുട്ടിക്കളി കണ്ട് വീണ്ടും വീണ്ടും അയമുട്ട്യാഷ് ഒരുകുട്ടിയാവുന്നു
ഒരു കുയ്ന്തൻ കുറുമ്പൻ കുട്ടി
കളിക്കിടയിൽ വീഴുന്ന കുട്ടികളെ കളിയാക്കി ചിരിക്കുന്ന കുട്ടികൾക്കൊപ്പം മാഷും ചിരിച്ചു
നീട്ടി ബെല്ലിൽ നിന്നു പോയ കളിക്കൊപ്പം
അയമുട്ട്യാഷ്ടെ കുയിന്തും നിന്നു പോയി
അയമുട്ട്യാഷ് അറബ്യാഷായി വേഷം മാറി
രണ്ട് ബി ക്ലാസിൽ
അലിഫും ബാഹും കലമുന്നും പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ
അങ്ങേ ക്ലാസിൽ നിന്ന് ആരവങ്ങൾ ഉയരുന്നു
അങ്ങോട്ടോടി മാഷ്
ക്ലാസ് അധ്യാപകൻ അവധിയിലാണ് എന്ന് കുട്ടികൾ
ഇപ്പോഴത്തെ വിഷയം എടുക്കീം
എന്ന് മാഷ്
കുട്ടികൾ തമ്മിൽ
ഒരു ആശ്ചര്യ നോട്ടം നോക്കി
ന്തേയ് ഡാ പുസ്തകം എട്ക്കിനെടാ ന്ന് മാഷ്
പിന്നേം
ശങ്ക പൂണ്ട് കുട്ടികളിൽ നിന്ന്
അല്ല മാഷേ
ഈ മലയാളം ബി ങ്ങക്ക് തിര്യോ
അദ്രുമാൻ മാഷ്ടെ ചെവിയിൽ ചോദിച്ചു
ആ ..ടാ ഇത്തിരി ശ്ശെ തിരിയും
അയമുട്ട്യാഷും വിട്ടില്ല
നിങ്ങള് നോട്ട് ട്ത്ത്
ഐച്ചിങ്ങന്ന്ങ്ങട്ട് പകർത്തി എഴുതിക്കൂടി
ബെല്ലടിച്ചാ
ഞാം വന്ന് നോക്കും
അൻവിദല്ലെ ലീഡറ്
എഴ്താത്തോരെ പേര്
നീഎഴുതിക്കോണ്ടൂ
കയ്യിലെ വടി വായുവിൽ ചുഴറ്റി മാഷ്
നോട്ടുബുക്കുകളുടെ പേജുകൾ നിറയുന്നു
ഒറ്റബെല്ലടി കേട്ട് മാഷ് ക്ലാസിൽ നിന്ന് ഇറങ്ങി
പോകുന്നവഴി അഞ്ച് ബിയുടെ വാതിൽ കടക്കുമ്പോൾ
അദ്രുമാൻ വാതിക്കൽ നിന്നു ക്ഷണിച്ചു
ങ്ങള് എങ്ങട്ടാ വരീം
ഞങ്ങളെ നോട്ട് സരിടീം
പോടാ ചെറ്ക്കാ
ജ്ജ് ചോദിച്ചപോലെ നിയ്ക്ക്മലയാളം അറിയൂലാടാ
മറ്റാരെങ്കിലും നോക്കും ട്ടൊ
അറബ്യാഷ് നൈസായി
ഐസ്കേപ്പായി
എടാ റഹ്‌മാനെ ...
അറബ്യാഷ് മ്മളെ
പറ്റിച്ചു ടാ
അദ്രുമാൻ്റെ പ്രഖ്യാപനം
അത് അന്തകാലത്തെ ഉസ്കൂൾ
അമ്മ പറഞ്ഞ ഉസ്കൂൾ പിടികിട്ടാതെ മക്കൾ തമ്മിൽ നോക്കി
പിന്നെ ഗൂഗ്ൾസേർച്ച് ചെയ്ത്
പ്രൊജക്ടിൽ മുഴുകി
അറബ്യാഷേം റഹ്മാനേം അദ്രൂനേം
അൻവിദയേം പിന്നെ അമ്മയേയും കൂടി ഗൂഗിൾ വിഴുങ്ങി
ജിഷ യു.സി