ആഗോള വ്യാപാര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ഇന്ന് മുതൽ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതോടെ അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുൾപ്പെടെള്ള അമേരിക്കയിൽ നിന്നെത്തുന്ന പ്രധാന ഇറക്കുമതികൾക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ചൈനയുടെ ഈ തീരുമാനം നിർണയാകമാകും. യുഎസിലെ കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്ക് 15% അധിക താരിഫ് നേരിടേണ്ടിവരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറപ്പിൽ പറയുന്നു. സോയാബീൻ, പന്നിയിറച്ചി, ബീഫ്, കടൽ വിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ താരിഫ് 10% വർദ്ധിപ്പിക്കും. ഇന്ന് മുതൽ ചൈന, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് യുഎസ് വൻതോതിലുള്ള തീരുവകൾ ഏർപ്പെടുത്തി. ഇത് വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ട്രംപ്, കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25% തീരുവ ചുമത്തി, അതേസമയം നിലവിലുള്ള തീരുവകൾക്ക് പുറമേ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10% അധിക തീരുവ വർദ്ധിപ്പിച്ചു. അമേരിക്കയുടെ വ്യാപാര ബന്ധങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് സൂചന. എന്നാൽ ഇത്തരമൊരു കടുത്ത നീക്കം ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.