തിരുവനന്തപുരം: ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് മാർക്കോ. മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിന് ഇപ്പോൾ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേഷിധിച്ചിരിക്കുകയാണ് സിബിഎഫ്സി. ‘എ’ സർട്ടിഫിക്കറ്റുമായി പ്രദർശനാനുമതി നൽകിയതിനാലാണ് തീരുമാനമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈൽ പ്രതികരിച്ചു. സിനിമയുടെ ഒ ടി ടി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. സിനിമയിലെ രംഗങ്ങൾ പൂർണമായി മുറിച്ചുമാറ്റിയുള്ള സെൻസറിങ് ഇപ്പോൾ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കാറ്റഗറിയായി തരംതിരിച്ച് സർട്ടിഫിക്കറ്റ് നൽകുകയാണ് നിലവിലെ രീതി. വയലൻസ് കൂടുതലുള്ള സിനിമകൾ കുട്ടികൾ കാണാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് മാതാപിതാക്കളാണ്. അവർക്കാണ് പൂർണ ഉത്തരവാദിത്തം. സിനിമയുടെ സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണമെന്നും നദീം പറഞ്ഞു.