തിരുവനന്തപുരം: തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അമ്മയും അനുജനും കാമുകിയുമായിരുന്നുവെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍. താനും ജീവനൊടുക്കുമെന്നും കടംകയറിയതോടെ ഇനി ജീവിക്കേണ്ടെന്ന് കുടുംബം തീരുമാനിച്ചിരുന്നുവെന്നും അഫാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊല്ലാന്‍ തീരുമാനിച്ചതെന്നും അഫാൻ ജയിൽ അധികൃതരോട് പറഞ്ഞു.
കൊലയ്ക്ക് ശേഷം എലിവിഷം കഴിച്ചെന്ന് വെളിപ്പെടുത്തിയ അഫാന്‍ എട്ട് ദിവസമായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയതോടെയാണ് ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് സ്പെഷല്‍ സബ് ജയിലിന് പകരം സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയത്. അഫാനെ കസ്റ്റഡിയില്‍ കിട്ടാനായി ഇന്ന് പൊലീസ് അപേക്ഷ നല്‍കും. അതിന് ശേഷം വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്താനാണ് തീരുമാനം.
കുടുംബത്തിനേറ്റ ദുരന്തമറിഞ്ഞ് 7 വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ അബ്ദുള്‍ റഹീം തന്‍റെ കുടുംബത്തിന് 65 ലക്ഷം കടബാധ്യതയെന്ന മകന്റെ മൊഴി കേട്ട് ഞെട്ടുകയായിരുന്നു. വിദേശത്ത് 15 ലക്ഷവും നാട്ടില്‍ കൂടിപ്പോയാല്‍ 12 ലക്ഷത്തിന്‍റെയും കടമുണ്ടാകാമെന്നാണ് റഹീം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അബ്ദുള്‍ റഹീമിന് അറിയാമെങ്കിലും ഇല്ലെങ്കിലും കുടുംബത്തിന് വന്‍ കടമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കടം നല്‍കിയവരെയും വായ്പയെടുത്തിരുന്ന ധനകാര്യ സ്ഥാപനങ്ങളെയും സമീപിച്ചാണ് പൊലീസ് കടബാധ്യത ഉറപ്പിച്ചത്.
വിദേശത്ത് പിതാവിന്റെ ബിസിനസ് തകര്‍ന്നതോടെ 2022 മുതല്‍ വരുമാനം കുറഞ്ഞു തുടങ്ങി. പക്ഷേ മുന്‍പുണ്ടായിരുന്ന ആര്‍ഭാട ജീവിതം മാറ്റാന്‍ അഫാനും അമ്മയുമടങ്ങുന്ന കുടുംബം തയാറായില്ല. പലരില്‍ നിന്നും ലക്ഷങ്ങള്‍ കടവും പലിശയ്ക്ക് പണവും വാങ്ങിയാണ് കടം 65 ലക്ഷത്തോളം എത്തിയത്. അഫാന്‍ ലഹരി ഉപയോഗിച്ചതിന് തെളിവ് ലഭിക്കാതെയും അഫാന് മാനസിക പ്രശ്നമില്ലെന്ന് റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തതോടെ കടബാധ്യത തന്നെയാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ് ഉറപ്പിച്ചു.
അതിനിടെ സഹോദരന്‍ അഫ്സാനയെയും സുഹൃത്ത് ഫര്‍സാനയെയും കൊലപ്പെടുത്തിയ കേസില്‍ കൂടി അഫാന്റെ അറസ്റ്റ് വെഞ്ഞാറമൂട് പൊലീസ് രേഖപ്പെടുത്തി.