LITERATURE

ഗ്രാന്റ് റോഡ് ടു ബോറിവിലി ( കഥ )

Blog Image
അന്ന്, ദീപാവലി ദിവസം.തലേ ദിവസം,രാത്രിയിലെ ഒരു വണ്ടിക്കും ടിക്കറ്റ് കിട്ടിയില്ല. സാധാരണ ടിക്കറ്റ് ബുക്ക് ചെയ്തു തരാറുള്ള agent മുകേഷ്‌ഭായ് കൈ മലർത്തി. "സർ ആജ് കോയി ഭി ട്രെയിൻ മേ നഹി മിലാ. കൽ ദീപാവലി കി ചുട്ടി ഹേ, ..." ദിവാകരനെ ഓർത്തു അപ്പോൾ. അയാൾക്ക്‌ പിടിപാടുണ്ട്. ടിക്കറ്റ് തരപ്പെടുത്താനായേക്കും.

അന്ന്, ദീപാവലി ദിവസം.തലേ ദിവസം,രാത്രിയിലെ ഒരു വണ്ടിക്കും ടിക്കറ്റ് കിട്ടിയില്ല. സാധാരണ ടിക്കറ്റ് ബുക്ക് ചെയ്തു തരാറുള്ള agent മുകേഷ്‌ഭായ് കൈ മലർത്തി. "സർ ആജ് കോയി ഭി ട്രെയിൻ മേ നഹി മിലാ. കൽ ദീപാവലി കി ചുട്ടി ഹേ, ..." ദിവാകരനെ ഓർത്തു അപ്പോൾ. അയാൾക്ക്‌ പിടിപാടുണ്ട്. ടിക്കറ്റ് തരപ്പെടുത്താനായേക്കും.

രാവിലെ ഹോട്ടലിൽ നിന്ന് checkout ചെയ്തു, ബോംബെ സെൻട്രൽ സ്റ്റേഷനിലെ കറന്റ് റിസർവേഷൻ കൗണ്ടറിൽ നിന്ന് സിറ്റിംഗ് ടിക്കറ്റ് വാങ്ങി. പ്ലാറ്റഫോമിൽ വളരെ കുറച്ചു പേര്‍ മാത്രം. യാത്ര അയയ്ക്കാൻ വന്നവരുടെ തിരക്കോ ബഹളമോ, കൂലികളുടെ കശപിശയോ  ഇല്ല. ഗുജറാത്ത് എക്സ് പ്രെസ്സിലെ D4 ഡബ്ബയിൽ കയറി ഇരുന്നു. ഒരറ്റത്തെ സീറ്റിൽ   ഗുജറാത്തി സമ്പ്രദായത്തിൽ സാരിയുടുത്ത ഒരു വയസ്സി ഇരിയ്ക്കുന്നു. അവരെ സീറ്റിൽ ഇരുത്തി, ബാഗുകൾ സീറ്റിനടിയിൽ അടുക്കി ഒരു പയ്യൻ ഇറങ്ങി പോവുന്നു. കംപാർട്മെന്റ് തീർത്തും ഖാലി.മറ്റൊരു യാത്രക്കാരൻ ഒരു മൂലയ്ക്കിരിക്കുന്നു. അയാൾ മുഖമുയർത്തി ഒന്ന് നോക്കി, ചെറുതായി ചിരിച്ചു, "കണ്ടോ, ഇന്നത്തെ അവസ്ഥ" എന്ന് പറയുന്ന പോലെ. വീണ്ടും പത്ര വായന തുടർന്നു. വേറെ ആരുമില്ല. ഓടാൻ ഒരുങ്ങിയിരിക്കുന്ന ട്രെയിനിൽ ഇങ്ങനത്തെ ഖാലി കംപാർട്മെന്റ് ആദ്യമായാണ് കാണുന്നത്. കുറേപ്പേര്‍ ബോറിവിലി  സ്റ്റേഷനില്‍‍ നിന്ന് കയറുമായിരിയിരിയ്ക്കും.  കൂടിപ്പോയാല്‍ 10 പേര്‍ ഒരു കമ്പാര്‍ട്ടുമെന്റില്‍.

TT വന്നാൽ fine കൊടുത്തോ അവന്റെ പോക്കറ്റിൽ പൈസ തിരുകിയോ സീറ്റ് കിട്ടാൻ ശ്രമിക്കണം.  തിരക്കില്ലാത്ത അവസ്ഥയിൽ അതൊരു പ്രശ്നമാകില്ല.

"Po..ng ...." എൻജിൻ ശബ്ദമുണ്ടാക്കി, വണ്ടി ഒന്ന് കുലുങ്ങി. വല്ലാത്ത ശബ്ദം...

പെട്ടെന്ന് രണ്ടു പെൺകുട്ടികൾ ചാടി കയറുന്നു. അവരുള്ളിൽ എത്തിയതും വണ്ടി പതുക്കെ നീങ്ങിത്തുടങ്ങി. രണ്ടു പേരും  മറ്റൊന്നും തീരെ ശ്രദ്ധിക്കാതെ, സംശയിക്കാതെ തന്നെ വന്ന് മുന്നിലെ സീറ്റിലിരുന്നു. അലസമായി അവരെ ഒന്ന് നോക്കി. അവരിവിടെ ഇരുന്ന് ഗുജറാത്തി സ്ത്രീകളെപ്പോലെ ചറങ്ങും പെറങ്ങും വർത്തമാനം തുടങ്ങിയാല്‍ ബോറടിയ്ക്കുമല്ലോ! വലതു വശത്തു നായർ ഹോസ്പിറ്റലിന്റെ കൂറ്റൻ കെട്ടിടം കൺമറയുന്നതു വരെ നോക്കി യിരുന്നു.                              

നോട്ടം മുന്നിലിരിക്കുന്ന പെൺകുട്ടികളുടെ മുഖത്ത് വീണു. ഒന്ന്, വെളുത്ത് മെലിഞ്ഞ  പെൺകുട്ടി, ഭയന്ന കണ്ണുകൾ, വിളറിയതെങ്കിലും ചന്തമുള്ള  മുഖം, രണ്ടാമത്തേത് ഇത്തിരി തടിച്ച് ഇരുണ്ട നിറത്തില്‍,‍ തനിച്ചിരിക്കാൻ വയ്യ എന്ന് പറയുന്ന ഭാവത്തോടെ, ആകര്‍ഷ കമായ മുഖം. രണ്ടു പേർക്കും 15-16 വയസ്സിൽ കൂടുതൽ പ്രായമുണ്ടാവില്ല.

Non AC കംപാർട്മെന്റ് ഖാലിയാണ്. എവിടെ വേണമെങ്കിലും പോയി ഇരിക്കാം. അവരെന്തിനാണെന്റെ മുന്നിൽ വന്നിരുന്നത്? reserved ടിക്കറ്റ് ഉണ്ടെങ്കിൽ സീറ്റ് ഇവിടെ ആയിരിക്കണം. ഒന്നുകൂടി അവരെ നോക്കി, നല്ലവണ്ണം ചുഴിഞ്ഞു നോക്കി. തെക്കേ ഇന്ത്യയിലെയും വടക്കേ ഇന്ത്യയിലെയും കുട്ടികളല്ല എന്ന് തോന്നി. ബംഗാളി / ബംഗ്ലാദേശി കുട്ടികളാവണം.

സ്പീഡ് കുറച്ച്, വണ്ടി ഒന്ന് കുലുങ്ങി നിന്നു. മഹാലക്ഷ്മി സ്റ്റേഷനെത്തുന്നതിനു മുമ്പ്.                                                                   
രണ്ടു കുട്ടികളും പരസ്പരം സംസാരിക്കുന്നില്ല. ഭയന്ന ഭാവമുള്ളവൾ എന്നെത്തന്നെ നോക്കിയിരിക്കുന്നു. അല്പം അസ്വസ്ഥത തോന്നി.

മൊബൈലിൽ SMS notification ന്റെ ശബ്ദം. ഗായത്രിയുടെ ചോദ്യമാണ്, 'ഏതു 

വണ്ടിയിൽ, എപ്പോൾ എത്തും, സ്റ്റേഷനിൽ വരണോ, അതോ ഓട്ടോ വിളിച്ചു വരുമോ?" മറുപടി കുറച്ചു കഴിഞ്ഞു അയക്കാം. ബാഗിൽ നിന്ന് ലാപ്ടോപ്പ് പുറത്തെടുക്കണോ എന്ന് സംശയിച്ചു ഇരുന്നു.

"അങ്കിൾ, ഈ വണ്ടി അഹമ്മദാബാദിൽ പോകില്ലേ?" വെളുത്ത കുട്ടി ബംഗാളി ചുവയുള്ള ഹിന്ദിയിൽ ചോദിച്ചു.
ഓ അത് ശരി, അപ്പോൾ റിസർവേഷൻ ഇല്ല.

"പോകും, ടിക്കറ്റ് എടുത്തിട്ടില്ലേ?" എന്ന് ചോദിച്ചപ്പോഴേക്കും വണ്ടി നീങ്ങാൻ തുടങ്ങി.
"ഇല്ല"
"TT വരുമ്പോൾ ടിക്കറ്റ് കയ്യിലില്ലെങ്കിൽ പിഴ കൊടുക്കാനുള്ള കാശു കയ്യിലുണ്ടോ?" മറുപടി 

വന്നില്ല. രണ്ടു കുട്ടികൾക്കും മറുപടി പറയേണ്ട ആവശ്യം ഉള്ളതായി തോന്നാത്തത് പോലെ. (കുട്ടികളേ, പൈസ തന്ന് നിങ്ങളെ  സഹായിയ്ക്കാനൊന്നുമാകില്ല, എനിയ്ക്ക് കേട്ടോ.)

"എന്തിനാണ് അഹമ്മദാബാദിലേക്കു പോകുന്നത്, അവിടെ എന്ത് ചെയ്യാനാ?, അവിടെ ആരെങ്കിലും ഉണ്ടോ?" ഇത്രയും ചോദിച്ചു. ഉത്തരം വന്നില്ല.

രണ്ടു പേരുടെ കയ്യിലും ഓരോ ചെറിയ ബാഗ് ഉണ്ട്, നാലോ അഞ്ചോ തുണി വയ്ക്കാവുന്നവ വലിപ്പത്തിൽ.

"അവിടെ പണി കിട്ടും എന്ന് എന്ന് ചാച്ചാ പറഞ്ഞു "അര മിനിട്ടു കഴിഞ്ഞപ്പോൾ വെളുത്ത കുട്ടി പറഞ്ഞു.

" ആരുടെ ചാച്ചാ, ഏതു ചാച്ച ?" ഹിന്ദി സിനിമയിലെ ചാച്ചാ എന്ന് വിളിക്കപ്പെടുന്ന പല കഥാപത്രങ്ങളുടെയും ശരീര ഭാഷ ഓർത്തെടുക്കാൻ ശ്രമം നടത്തി.

"ചാച്ചാ ഒരു തടിച്ച ആളാണ്. ഞങ്ങളെ ഈ വണ്ടിയിൽ ഇരുത്തി പോയി, അവിടെ ഒരാളുടെ ഫോൺ നമ്പറും തന്നിട്ടുണ്ട്", ഇത്രയും പറഞ്ഞു അവൾ സൽവാറിനുള്ളിൽ നിന്നൊരു കടലാസ് കഷ്ണം എടുത്തു തന്നു - ലക്ഷ്മൺ കനബാർ,CTM അഹമ്മദാബാദ്,  ഫോൺ നമ്പറും.

ആ കുറിപ്പ് കഷ്ണം കടലാസ് തിരിച്ചു കൊടുക്കണോ, കൊടുക്കാതിരുന്നിട്ട് എന്ത് കാര്യം എന്ന് അഞ്ചാറു സെക്കൻഡ് ആലോചിച്ചു, കടലാസ് തിരിച്ചു കൊടുത്തു.

മഹാലക്ഷ്മി സ്റ്റേഷന്‍ കഴിഞ്ഞപ്പോൾ, വണ്ടി പതുക്കെ പതുക്കെ നിന്നു. ഞായറാഴ്ചകളിലും  പൊതു ഒഴിവു ദിവസങ്ങളിലും maintenance നു വേണ്ടി റെയിൽവേ ലൈൻ ചില ട്രാക്കുകൾ തുറന്നു കൊടുക്കാറില്ല, ലോക്കൽ വണ്ടികളുടെ frequency കുറയും, ദൂര വണ്ടികൾ വൈകാറുമുണ്ട്. ബോറിവിലി കഴിഞ്ഞു വണ്ടിയുടെ സ്റ്റാറ്റസ് അനുസരിച്ചു ഗായത്രിക്കു മെസ്സേജ് കൊടുക്കാം എന്ന് വച്ചു.

മഹാലക്ഷ്മി സ്റ്റേഷനിൽ ഒരാളും ഇല്ല. ഒഴിവു ദിവസം. സെൻട്രൽ സ്റ്റേഷനിലും എണ്ണാവുന്ന ആളുകളെ ഉണ്ടായിരുന്നുള്ളു.

ഈ കുട്ടികളെ ചൊല്ലി ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉണ്ട്. അവരാരോ എന്തോ ആകട്ടെ എന്ന് കരുതി, വീണ്ടും ലാപ്ടോപ്പ് എടുത്തു പണി തുടങ്ങണോ എന്ന ആലോചന വന്നു. ലാപ്ടോപ്പ് പുറത്തെടുത്തില്ല. വല്ലാത്ത മടുപ്പു തോന്നി. രാവിലെ ഒന്നും കഴിച്ചിട്ടില്ല, 


വിശപ്പുമുണ്ട്. ആലൂ പരാഠയോ വടാ പാവോ കഴിക്കാൻ താല്പര്യം തോന്നിയില്ല.
ഫോൺ ശബ്ദിച്ചു. "ഗായത്രി ഞാൻ വണ്ടിയിലാണ്, 1 മണിക്ക് അവിടെ എത്തും. ഭക്ഷണം പുറത്തു നിന്നു കഴിക്കാം. അഭയ് അവിടെ ഇല്ലേ, അവനോടു ഉച്ചക്ക് എങ്ങോട്ടും പോകേണ്ട എന്ന് പറയു.."

"അതല്ല ദാസൂ, രാത്രി ഗുപ്ത കാക്കിമായുടെ വീട്ടിൽ പൂജ ഉണ്ട്...". ശബ്ദത്തിലെ അക്ഷമയും, 
 ചോദിയ്ക്കാൻ കുറെയുണ്ട് എന്ന ധ്വനിയും പ്രകടമായിരുന്നു.

"OK പോകാം. ഞാൻ വേറെ എങ്ങോട്ടും പോകാതെ നേരത്തെ വീട്ടിലെത്താം".

ബാഗിൽ കയ്യിട്ടു. ആലിസ് മൺറോയുടെ കഥകളുടെ പുസ്തകം ഉണ്ട്. മടുപ്പു ഇനിയും കൂടിയാൽ അത് വായിയ്ക്കാനെടുക്കാം. ആളൊഴിഞ്ഞ സ്റ്റേഷൻ പ്ലാറ്റുഫോമുകളും തിരക്കൊഴിഞ്ഞ റോഡുകളും നോക്കി ഇരിയ്ക്കാനാണ് തോന്നിയത്.                                                                                                                           
ഈ കുട്ടികളെവിടെ നിന്ന് വന്നു, ആരുടെ കൂടെ വന്നു, എവിടെ പാർത്തു, ഇനി പോകുന്നെടത്ത്  എന്ത് ചെയ്യും എന്നൊക്കെ ആലോചിക്കേണ്ടതുണ്ടോ എന്നൊക്കെ സ്വയം ചോദിക്കുന്നുണ്ടെങ്കിലും  ഔത്സുക്യം വിട്ടു പോവുന്നില്ല.

"ഇവിടെ എന്ന് വന്നു, എവിടെയാ ആരുടെ കൂടെ ആരുടെ വീട്ടിലാ താമസിച്ചിരുന്നത് ?"എന്ന് ചോദിക്കുമ്പോൾ രണ്ടു പേരുടെയും മുഖവും കഴുത്തും, കൈകളും, മാറിടവും ഒക്കെ ഒ ന്ന് കൂടി ശ്രദ്ധിച്ചു നോക്കി. അസാധാരണമായി ഒന്നും കണ്ടില്ല എന്നത് ഇത്തിരി ആശ്വാസം തന്നോ എന്നറിയില്ല. ഇട്ടിരിക്കുന്ന ചൂടിദാർ കീറിയവയല്ല. കാലില്‍ ചെരിപ്പുണ്ട്. ഇരുനിറത്തിലുള്ള  പെണ്‍കുട്ടിയുടെ ചുണ്ടില്‍ തലേന്ന് രാത്രിയില്‍ തേച്ച ചായത്തിന്റെ ഒരു ലാഞ്ഛനയുണ്ടെന്ന് തോന്നി. അങ്ങനെ ആവണം എന്നുമില്ല.

മെലിഞ്ഞ പെൺകൊടി ഇത്തിരി  മുന്നോട്ടാഞ്ഞ് ഇരുന്നു. ചുണ്ടു നനയ്ക്കാൻ ശ്രമിച്ച പോലെ. അറിയാതെ എന്റെ കൈ ബാഗിലെ വെള്ളക്കുപ്പി തൊട്ടു.
"ഈ വണ്ടിയിൽ കയറിയില്ലേ, ആ  വലിയ സ്റ്റേഷനപ്പുറത്തു ഒരു ചെറിയ സ്റ്റേഷന് അടുത്ത് ഒരു പഴയ മര ഗോവണിയുള്ള 4 നിലക്കെട്ടിടത്തിൽ"
" ആ നാലു നില കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ആഷെ പാഷെ ഒനേക് കാഗോചേര്‍ദൂകാനെ ആചെ.( അതിനപ്പുറത്തു കടലാസിന്റേം പേപ്പറിന്റേം കടകളുണ്ട് ..")
ഇപ്പോൾ സംസാരിക്കേണ്ടതുണ്ട് എന്നറിയുന്ന വെളുത്ത കുട്ടിയാണ് പറഞ്ഞത്. പെട്ടെന്നവള്‍‍ ഒരിത്തിരി ഭാഗം ബംഗാളിയില്‍ ഒഴുക്കോടെ പറഞ്ഞത്,‍ കുറച്ചു നേരത്തേയ്ക്ക് ചെറിയ കൗതുകമുണ്ടാക്കി.
അവള്‍ക്കെന്തൊക്കെയോ ചോദിയ്ക്കാനും പറയാനുമുണ്ട് എന്ന പോലെ എന്റെ നേരെ കുറച്ചധികം മുന്നോട്ടാഞ്ഞിരുന്നുവോ!

അത്, അവൾ പറഞ്ഞ വലിയ സ്റ്റേഷൻ കഴിഞ്ഞുള്ള ചെറിയ സ്റ്റേഷൻ, ഗ്രാന്റ് റോഡ് അല്ലെങ്കിൽ ചർണി റോഡ് സ്റ്റേഷൻ ആയിരിക്കും. പഴകിയ കെട്ടിടങ്ങളും അതിനുള്ളിലെ മുറികളെന്നു പറയുന്ന ക്യാബിനുകളിൽ അടച്ചിടപ്പെട്ട സ്ത്രീ ശരീരങ്ങളും ഒരിയ്ക്കൽ കണ്ടിട്ടുണ്ട്. ദിവാകരൻ തന്നെയാണ് കാണിച്ചു തന്നിട്ടുള്ളത് .

"നിങ്ങൾ അവിടെ, അഹമ്മദാബാദിൽ, എന്ത് പണിയാണ് ചെയ്യാൻ പോകുന്നത്?..."

'അറിയില്ല അങ്കിൾ, ഒരുപക്ഷെ തുണിക്കടയിൽ, .." വെളുത്ത കുട്ടി മാത്രമാണ് ഇത് വരെ പറഞ്ഞു കൊണ്ടിരുന്നത്.

"തുണി മില്ലിൽ എന്നാണ് പറഞ്ഞത്..." ആദ്യമായ് തടിച്ചിരുണ്ട പെൺകൊടി ബംഗാളി കലർന്ന ഹിന്ദിയിൽ  പറഞ്ഞു. തികച്ചും ഒരു ഇമോഷനും ഇല്ലാത്ത, പക്ഷെ വശ്യമായ മുഖം. 

അത്രയും പറഞ്ഞു പുറം കാഴ്ചകൾ കാണാൻ തുടങ്ങി അവൾ, ഇനി എനിയ്ക്കൊന്നും 
പറയാനില്ല എന്ന മട്ടിൽ.                                                          
(അഹമ്മദാബാദിലെ  തുണി മില്ലുകൾ, ഏതാണ്ടൊക്കെയും നിന്ന് പോയിട്ട് പത്തു മുപ്പതു കൊല്ലമായി!!!)
                 
ബംഗാളിലെ പുരുലിയ ജില്ലയിൽ നിന്നു, തുണിക്കടയിൽ ജോലി തരാമെന്നു പറഞ്ഞ് കൊണ്ടുവന്നതാണ് ഞങ്ങളെ. അകലെ ഒരു വീട്ടിൽ ആക്കിപ്പോയി കാനുഭായി. (കാനുഭായി ഗ്രാമത്തിലെ ഒരു ഏജന്റ്‌ ആവണം.) അപ്പോള്‍ കടത്തി കൊണ്ട് വന്നതാണ്! 
 
"എത്ര ദിവസമായി ഇവിടെ?"
"നാല് ദിവസമായി"
അവരെന്തെല്ലാം കണ്ടുകാണും, അവരെക്കൊണ്ട് എന്തെല്ലാം ചെയ്യിപ്പിച്ചു കാണും എന്നും ഊഹിക്കാൻ ശ്രമിച്ചു.

"അവിടെ 8 -10 സ്ത്രീകൾ വേറെയും ഉണ്ട്. ചാർ മാൾ കാ മകാൻ ഹേ (4 നിലകളുള്ള കെട്ടിടമാണ്). ഞങ്ങൾ കണ്ടു എല്ലാ നിലകളിലും കുറെ പെണ്ണുങ്ങൾ ഉണ്ട്."

ഇവരെന്താണ് അഹമ്മദാബാദിൽ ചെയ്യാൻ പോവുന്നതെന്ന് മനസ്സിലായി. പോകുന്നത് വറചട്ടിയിൽ നിന്ന്  എരിതീയിലേയ്ക്കാണെന്നവർക്കറിയുമോ എന്തോ!
പെട്ടെന്ന് ദിവാകരനെ ഓർത്തു. അയാളിപ്പോൾ എവിടെയാവും?

ദിവാകരന്റെ കൂടെ രണ്ടു വര്‍ഷം മുമ്പ് ഈ കുട്ടി പറഞ്ഞ തരത്തിലുള്ള കെട്ടിടങ്ങളും അവിടത്തെ അന്തേവാസികളെയും, അത് നടത്തുന്നവരെയും, അവിടെ ചുറ്റിപ്പറ്റി കൂട്ടിക്കൊടുപ്പു നടത്തുന്നവരെയും, പൈസ വാങ്ങി കാവൽ നിൽക്കുന്ന പോലീസുകാരെയും, പോലീസ് വണ്ടിയിലിരിക്കുന്ന പണക്കാരെയും, അവരുടെ പിണിയാളുകളായ പോലീസു ദ്യോഗസ്ഥരെയും ഒക്കെ കണ്ടതാണ്.

ദിവാകരനും കുറെപ്പേരും ഈകുട്ടികളെപ്പോലുള്ളവരുടെ രക്ഷകരാണ്. ദിവാകരന്റെ ഫോൺ ശബ്ദിക്കുന്നു. എടുക്കുന്നില്ല.വണ്ടി നീങ്ങിയോ എന്ന് സംശയം. ഇപ്പോള്‍ ദിവാകരന്റെ ഫോണിൽ അയാൾ പരിധിയ്ക്കു പുറത്താണ് എന്ന സന്ദേശമാണ്.

ദിവാകരാ എന്തെങ്കിലും ചെയ്യണം. ഒരവസരം കൊടുക്കണം. ദിവാകരനോട് ഫോണിൽ സംസാരിക്കാനായി ഒന്ന് കൂടി ശ്രമിച്ചു.

ഈ കുഞ്ഞുങ്ങൾ ചാടി ഇറങ്ങിയ കൂടും, ഓടി പോന്ന ഊടു വഴികളും ഓര്‍മ്മയിലെത്തി. ഒന്നോ രണ്ടോ വര്‍ഷം  മുമ്പ് ദിവാകരൻ അവിടെ കൊണ്ടുപോയ ദിവസം ഓർത്തു.
"ദാസൂ, നീയിപ്പോ ഫ്രീ ആണെങ്കിൽ, നിന്നെ ഞാനൊരു സ്ഥലം വരെ കൊണ്ട് പോകാം. വേദനിപ്പിക്കുന്ന കുറെ കാഴ്ചകൾ കാണാൻ ധൈര്യം ഉണ്ടെങ്കിൽ വാ. ബൈക്കുള ഫയർ സ്റ്റേഷനടുത്ത്  എത്തുക, ഏഴു മണിയോടെ."

ബൈക്കുളയിൽ, ദിവാകരൻ പറഞ്ഞ സ്ഥലത്തുകാത്തു നില്പുണ്ടായിരുന്നു. രണ്ടു പേര് വേറെയും. അതിലൊരാൾ യൂണിഫോം ഇടാത്ത പോലീസുകാരൻ ആണെന്ന് പിന്നെയാണ് മനസ്സിലായത്.

അടുത്തെത്തി കൈ തന്നു ദിവാകരൻ പറഞ്ഞത്, "നിനക്കൊരു കഥ എഴുതാനുള്ള മെറ്റീരിയൽ കിട്ടും. ചുരുങ്ങിയത് നിനക്ക് ആൾക്കൂട്ടത്തിൽ ആനന്ദ് പറയുന്ന ഗലികളും തെരുവുകളും മനുഷ്യരും മുഖങ്ങളും ഒക്കെ ഏതാണ്ട് അത് പോലെ തന്നെ കാണാൻ കഴിഞ്ഞെന്നും വരും." പലതും കണ്ട് അവരോടൊപ്പം നടന്നു. സങ്കടമോ,പേടിയോ,  വിവശതയോ, ഒക്കെ തോന്നി. കദനതാപത്തില്‍ പാതി വെന്തു പോയ ഹൃദയം നീറി. 
 ആ അനുഭവം ഒരുപാട് രാത്രികളിലെ ഉറക്കം അപഹരിച്ചു. 

ഒന്ന് കൂടി ശ്രമിച്ചു, ദിവാകരനെ  ഫോണിൽ കിട്ടുവാനായി. ദിവാകരന്റെ ഫോൺ വന്നപ്പോഴേക്കും വണ്ടി ബാന്ദ്ര കടന്നിരുന്നു.
"കൃഷ്ണദാസ്, നീയിപ്പോ എവിടെയാ, എന്തെങ്കിലും urgency ഉണ്ടോ?" ഒരുപാട് ശബ്ദങ്ങൾ!ദിവാകരൻ ട്രെയിൻ യാത്രയിലാണെന്നു മനസ്സിലായി, ശബ്ദം താഴ്ത്തി പറഞ്ഞാൽ അയാൾക്ക്‌ മനസ്സിലാവില്ല. ഉറക്കെ തന്നെ കാര്യങ്ങൾ പറഞ്ഞു.
                              
"അതെ, urgent ആണ്. ഞാനിപ്പോ ഗുജറാത്ത് എക്സ്പ്രെസ്സിലാണ് ,ബറോഡയ്ക്ക് പോയിക്കൊണ്ടിരിയ്ക്കുന്നു. ഇന്നലെ ഥാനെയിൽ കസ്റ്റമർ സൈറ്റിൽ ആയിരുന്നു. ഒരു മീറ്റിംഗിന് വന്നതാണ്. ഇപ്പോൾ ഈ വണ്ടിയില്‍ സിറ്റിംഗ് ഡബ്ബയിൽ തിരിച്ചു പോകുന്നു. ടിക്കറ്റിനു വേണ്ടിയല്ല. പ്രശ്നം, രണ്ടു പെൺകുട്ടികൾ ഇപ്പോൾ ഈ കോംപാട്മെന്റിൽ എന്റെ അടുത്ത് ഇരിയ്ക്കുന്നു. അവർ ഗ്രാന്റ് റോഡിലെ അല്ലെങ്കില്‍ ചാർണി റോഡിലെ ഒരു മാളത്തിൽ നിന്ന് ഓടി പോന്നവരാകാനാണ് സാദ്ധ്യത. ഒരുത്തൻ അവരെ അഹമ്മദാബാദിലേയ്ക്കു കടത്തുന്നു. എന്തെങ്കിലും ചെയ്യാൻ പറ്റുമോ?"
"ഈ ഡബ്ബ ഏതാണ്ട് ഖാലിയാണ്.  ബോറിവിലിയിൽ നിന്ന് കുറച്ചു പേര് കയറുമായിരിക്കും."
പറഞ്ഞവസാനിപ്പിക്കുന്നതിനു മുമ്പ് തന്നെ അയാളുടെ ചോദ്യം വന്നു.
"ഏതു സ്റ്റേഷനിൽ എത്തി?"ദിവാകരന്റെ ശബ്ദത്തിൽ എന്റെ ഭയത്തിന്റെ പ്രതിഫലനം ഇല്ല.

"ഖാർ റോഡ് കഴിഞ്ഞു"                                                   

"ഡബ്ബയിൽ തിരക്കുണ്ടോ? ഒരു കാര്യം ചെയ്യൂ..." അഞ്ചാറു സെക്കന്റ് കഴിഞ്ഞു അയാൾ പറഞ്ഞു.
" പറ്റുമെങ്കിൽ അവരെ ബോറിവിലിയിൽ ഇറക്കാൻ നോക്ക്, നിനക്ക് കൂടെ ഇറങ്ങേണ്ടി വരും. റിസ്ക് ഉണ്ട്. ആദ്യം കംപാർട്മെന്റിൽ എവിടെയെങ്കിലും അവരുടെ കൂടെയോ അപ്പുറത്തോ ഇപ്പുറത്തോ കംപാർമെന്റിൽ ദൂരെയൊ ആരെങ്കിലും ഉണ്ടോ എന്ന് നോക്ക്....."
ഇത്രയും പറഞ്ഞപ്പോഴേക്കും ഫോൺ disconnect ആയി.
ദിവാകരൻ പറഞ്ഞ വിധം എണീറ്റ് നിന്ന് നോക്കാൻ ധൈര്യം ഉണ്ടായില്ല. വെറും അഞ്ചു പേര് മാത്രം ഇരിക്കുന്ന ഡബ്ബയിൽ ഇരുന്നു നോക്കിയാലും മതിയാവും. നിന്നൊരു അവലോകനം നടത്തിയാല്‍  ഉണ്ടായേക്കാവുന്ന ഭവിഷ്യത്!!

അമ്പരപ്പോടെയാണ് രണ്ടു പേരും എന്റെ മലയാളത്തിലുള്ള ഫോൺ വർത്തമാനം കേട്ടുകൊണ്ടിരുന്നത്. അറിയാത്ത ഭാഷ ആയതു കൊണ്ടാവാം, അവരുടെ മുഖത്ത്-
വെളുത്തവളുടെ മുഖത്ത് ഭീതിയുടെ വിളർച്ചയും, കറുത്തവളുടെ മുഖത്തെ ഇരുട്ടും കൂടിയ പോലെ.

മൊബൈൽ നെറ്റ്‌വർക്ക് വന്നും പോയും ഇരിക്കുന്നു...വണ്ടി വളരെ പതുക്കെയാണ് നീങ്ങുന്നത്. എവിടെയോ ട്രാക്കിൽ പ്രശ്നമുള്ളതു പോലെ. ലൊട്ടു ലൊടുക്ക് സാധനങ്ങൾ വിൽക്കുന്നവരില്ലാത്ത ട്രെയിൻ കംപാർമെൻറ്, വിരളമായി കാണുന്ന കാഴ്ച. അരികിലൂടെ കടന്നു പോയ മുംബൈ ലോക്കൽ ട്രെയിനുകളിലും കാലിയായ ഡിബ്ബകൾ.

വീണ്ടും ദിവാകരന്റെ plan of actions വന്നു.
"ഞാനും പ്രീതവും രത്‌ലാമിൽ നിന്ന് വരികയാണ്. ഞങ്ങളിപ്പോൾ വൈതരണ സ്റ്റേഷനിൽ എത്തി. ആ കുട്ടികളെ ബോറിവിലി സ്റ്റേഷനിൽ ഇറക്കാൻ പറ്റുകയാണെങ്കിൽ അവരെയും കൊണ്ട് പ്ലാറ്റ്ഫോം 7 ല്‍ മുന്നോട്ടുള്ള അവസാന ഭാഗത്തു,  പോയി നില്‍ക്ക്. ഞങ്ങൾ 
വന്നാൽ നിനക്ക് അടുത്ത വണ്ടിയ്ക്കു പോകാം..."

"OK ശ്രമിക്കട്ടെ" എന്നും പറഞ്ഞു ഫോൺ വച്ചു.  ഇനിയാണ് execution, എങ്ങനെ ചെയ്യണം എന്ന പരീക്ഷണം. രണ്ടിനേം എങ്ങിനെ ഇറക്കും!

ബംഗാളിയിൽ എങ്ങനെ പറഞ്ഞു ഫലിപ്പിക്കും എന്നൊന്ന് മനസ്സിൽ കോറിയിട്ടു. പറയേണ്ട വാചകങ്ങളൊക്കെ ഏതാണ്ട് രൂപപ്പെടുത്തി ഉണ്ടാക്കി.

"നിങ്ങള്‍ക്ക്  അഹമ്മദാബാദിലേയ്ക്കു പോകേണ്ട ആവശ്യമില്ല" എന്ന് ഹിന്ദിയില്‍ തുടങ്ങി പതുക്കെ ബംഗളയിലേയ്ക്ക് ചുവട് മാറ്റി.                                                                                                 
"നിങ്ങള്‍ക്ക് ഇവിടെ മുംബയിൽ തന്നെ പണി തയ്യാറാക്കാൻ ഇപ്പൊ എന്റെ ഒരു  കൂട്ടുകാരനോട് പറഞ്ഞിട്ടുണ്ട്.. നമുക്ക് അടുത്ത സ്റ്റേഷനിൽ ഇറങ്ങേണ്ടി വരും. അവർ രണ്ടു സാറന്മാർ വരും. അവരുടെ കൂടെ പോകാം. എന്താ തയ്യാറല്ലേ?"
ഇത്രയും പറഞ്ഞപ്പോൾ വെളുത്ത കുട്ടി, സംസാരിക്കുന്ന കുട്ടി ഒന്ന് മുന്നോട്ടാഞ്ഞു, കൂടുതൽ എന്തോ പറയാനെന്ന പോലെ. പക്ഷെ ഒന്നും പറഞ്ഞില്ല.

കറുത്ത പെൺകുട്ടിയും എന്റെ മുഖത്ത് തന്നെ ഉറ്റു നോക്കി കൊണ്ടിരിയ്ക്കുന്നത് ശ്രദ്ധിച്ചു. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോളവൾ പറഞ്ഞു.
"നാ കാകു.. അമ്ര അഹ്മദാബാദി ജാബോ .. (അല്ല ചെറിയച്ഛ, ഞങ്ങൾ അഹമ്മദാബാദിലേക്കു തന്നെ പോകും)"

"അടുത്ത സ്റ്റേഷനിൽ TT വരും. നിങ്ങള്‍ക്ക്  fine കൊടുക്കേണ്ടി വരും. നിങ്ങടെ കയ്യിൽ ടിക്കറ്റുമില്ല, പിഴ കൊടുക്കാനുള്ള കാശുമില്ല, അവർ നിങ്ങളെ അടുത്ത സ്റ്റേഷനിലെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകും. "
"അച്ചേ, അച്ചേ, ബെശി നോയ്‌ (പൈസ ഉണ്ട്, അധികമില്ല ഇത്തിരി)" എന്ന് കറുത്തവൾ. അത് കേട്ടതായി നടിച്ചില്ല.

രണ്ടു പേരും പരസ്പരം നോക്കി. വാക്കുകളിൽ, ചലനങ്ങളിൽ, ശരീര ഭാഷയിലൊക്കെ, അവരുടെ മനസ്സിലെ തിട്ടമില്ലായ്മ പ്രകടമായിരുന്നു . നിസ്സഹായാവസ്ഥയിൽ ഒരല്പം അടുപ്പം കാണിക്കുന്ന ഒരാളെ വിശ്വസിക്കാമോ എന്നൊക്കെ അവർ ആലോചിക്കുന്നു ണ്ടാവുമോ! അവരെങ്ങനെ ഓടി പോന്നു എന്നത് ഊഹിക്കാൻ പോലും കഴിയുന്നില്ല!!

ഉള്ളിൽ ഭയം തോന്നിയിരുന്നു. കംപാർട്മെന്റിൽ അവരുടെ കൂടെ ഉണ്ടെന്നു തോന്നിക്കുന്ന ആരെങ്കിലുമോ, അവരെ നിരീക്ഷിക്കുന്ന ആരെങ്കിലുമോ  ഉണ്ടോ എന്ന് കൂടെക്കൂടെ ഉറപ്പു വരുത്താനുണ്ടായിരുന്നു. ആ പേടി സംസാരത്തിൽ വരാതിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

ദിവാകരനെ ഒന്ന് കൂടി വിളിച്ചാലോ എന്ന് സംശയിച്ചു. അയാളെങ്ങാനും വന്നില്ലെങ്കിൽ എന്ത് ചെയ്യും എന്ന ചിന്തയും തലയുയർത്തി.
മലാഡ് സ്റ്റേഷൻ കഴിഞ്ഞപ്പോൾ, കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി. പണി പാളിയാൽ ..!!  അടുത്തത് കാൻഡിവിലി, പിന്നെ ബോറിവിലി. 3 മൈൽ മാത്രം.
                                                       
"ദിവാകരാ,  എവിടെ എത്തി?"
"വിരാർ എത്തുന്നു, നീയോ? അവരെ ഇറക്കാൻ പറ്റുമോ?" ദിവാകരന്റെ ഉത്തരവും മറുചോദ്യവും.

ബോറിവിലി എത്തിയപ്പോൾ, ആ കുട്ടികളോട് ശബ്ദം കടുപ്പിച്ചു തന്നെ പറഞ്ഞു 'ഇവിടെ 
ഇറങ്ങണം, രണ്ടു സാറന്മാർ വരും, അവരുടെ കൂടെ പോകണം. അവർക്കു ഇവിടെ 
ബോംബെയിൽ തുണിക്കടകളുണ്ട്. അവിടെ ജോലി തരും.'
ബാഗെടുത്തു എണീറ്റ്, അവരെയും നോക്കി, എണീക്കാൻ തല കൊണ്ടാംഗ്യം കാണിച്ചു. അവരും കൂടെ എണീറ്റു. അത്ഭുതവും, അവിശ്വാസവും, ആശ്വാസവും തോന്നി.

ഭയമുണ്ട്.. ഉള്ള് പിടയ്ക്കുന്നുണ്ട്. ആപത്തിനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്.


TT വന്നില്ല. ദീപാവലി ഹോളിഡേയാണ്. ആരുടെയും ടിക്കറ്റ് ചെക്ക് ചെയ്യേണ്ട എന്ന് തീരുമാനിച്ചു കാണും. വണ്ടികളൊക്കെ ഏതാണ്ട് കാലിയാണ് താനും. പതുക്കെ ബോറിവിലി സ്റ്റേഷനിൽ വണ്ടി നിന്നു. ആറാം പ്ലാറ്റ്ഫോമിൽ ഇറങ്ങി. മുന്നിലും പിന്നിലും ഒക്കെ അവലോകനം നടത്തി. ആരെങ്കിലും പിന്തുടരുന്നുണ്ടോ, വല്ലവനും ഓടി വന്നു കുത്തിന് പിടിച്ചാലോ.. ഭയം! പല സാദ്ധ്യതകളും മനസ്സിലെ  കല്‍പനയില്‍ വരുമ്പോള്‍ അസ്ഥിയില്‍ തൊടുന്ന ഭയം.

ദിവാകരൻ പറഞ്ഞ പോലെ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമിൽ അവസാന ബോഗിവരുന്നിടത്ത്   ചെന്ന് നിന്നു. രണ്ടുപേർക്കും ഓരോ ആപ്പിൾ ജൂസിന്റെ ടെട്രാ പാക്ക് വാങ്ങി കൊടുത്തു.  ഗുജറാത്ത് വണ്ടി പിടിക്കാൻ നിൽക്കുന്നവരിൽ ആരെങ്കിലും പരിചയക്കാരുണ്ടോ എന്ന് നോക്കാൻ മറന്നില്ല. ആരെങ്കിലും ഉണ്ടെങ്കിൽ, കൂടെ രണ്ടു പെണ്‍പിള്ളേരുള്ളത് കണ്ടു എങ്കിൽ പിന്നത്തെ കഥ എന്താവും എന്ന് പിന്നീട് ആലോചിച്ചാൽ മതി.

"കാകു, പണി ചെയ്യുമ്പോൾ പഠിക്കാനും കഴിയുമോ?" അപ്രതീക്ഷിതമായി ഇങ്ങനൊരു ചോദ്യം വന്നത് കറുത്തവളിൽ നിന്നായിരുന്നു.

അപ്പോഴാണ് ആ കുട്ടികളെ നല്ലവണ്ണം ശ്രദ്ധിച്ചത്, ആകർഷിക്കുന്ന രൂപങ്ങൾ. മുഖത്തും കണ്ണുകളിലും ഭീതി കാണാം, എന്നാലും ഏതേതു വിധത്തിൽ പീഡിപ്പിക്കപ്പെട്ടിരിയ്ക്കും എന്ന അനുമാനമൊന്നും തരുന്നില്ല. വൃത്തിയുള്ള, കീറാത്ത വസ്ത്രങ്ങൾ. ഇളം നിറത്തിലുള്ള ചൂടിദാർ.

"വിശക്കുന്നുണ്ടോ, വടാ-പാവ് വേണോ" എന്ന് ചോദിച്ചു, മറുപടിക്കു മുമ്പ് തന്നെ പ്ലാറ്റ്ഫോമിലെ ഒരു സ്റ്റാളിൽ നിന്ന് രണ്ടു വടാ-പാവ് വാങ്ങി അവർക്കു കൊടുത്തു.  അവരതു കയ്യിൽ വച്ചതല്ലാതെ കഴിക്കാൻ തുടങ്ങിയില്ല.

ആ കുട്ടികളുടെ മുഖത്ത് നോക്കാൻ താല്പര്യം തോന്നിയില്ല. ധൈര്യം ചോരുന്നുണ്ട്.  ബാക്ക്പാക്ക് ബാഗ് എല്ലാ കള്ളികളും തുറന്നു നോക്കി, എല്ലാം അതിനുള്ളിൽ ഇല്ലേ എന്നുറപ്പു വരുത്തി. പേഴ്സും ID കാർഡുകളും കളഞ്ഞു പോയോ എന്ന സംശയം വീണ്ടും.
                                                                                  
രണ്ടു മിനിറ്റു കഴിഞ്ഞപ്പോൾ, വെളുത്തവൾ കയ്യിലെ ഭക്ഷണപ്പൊതി കറുത്തവൾക്കു കൊടുത്തു. രണ്ടു പൊതികളും അവൾ ദുപ്പട്ടയിൽ പൊതിഞ്ഞു നെഞ്ചോടു ചേർത്തു വച്ചു.
                                                                                          
ദിവാകരന്റെ വണ്ടി ഏഴാമത്തെ പ്ലാറ്റഫോമിൽ വന്നു നിന്നു . അവർ 3AC കംപാർട്മെന്റിൽ നിന്നിറങ്ങി വരുന്നത് കാണാമായിരുന്നു. മെലിഞ്ഞു ഉയരം കൂടിയ ദിവാകരനും, തടിച്ചു ഉയരം കുറഞ്ഞ മറ്റൊരു ശരീരവും നടന്നു വരുന്നു. തടിച്ച ആള് പ്രീതം ഗാവടെ ആണെന്ന് മനസ്സിലായി. ഇതിനു മുമ്പ് അവരുടെ സ്നേഹാലയ എന്ന charitable trust ന്റെ ഓഫീസിൽ അയാളെ കണ്ടു പരിചയപ്പെട്ടിട്ടുണ്ട്.

"നീ പൊയ്ക്കോ, ബാക്കി ഞങ്ങൾ നോക്കിക്കോളാം" എന്ന് ദിവാകരൻ എന്നോട് പറഞ്ഞപ്പോൾ, പ്രീതം ഞങ്ങളെ നോക്കി. "let him go, we don't need him now" എന്ന് പ്രീതമിനായി ദിവാകരൻ ഒരു ടിപ്പണി കൊടുത്തു.

"അവരെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്?"
ദിവാകരൻ അതിനുള്ള മറുപടിയല്ല തന്നത്.  "നീ വേഗം വീട്ടിലെത്താൻ നോക്ക് , രാത്രി 

വിളിയ്ക്കാം."

"ദിവാകരാ അവർക്കു പഠിയ്ക്കാൻ താല്പര്യമുണ്ട്" എന്ന് പറഞ്ഞത് അസ്ഥാനത്തായോ 
എന്ന് സംശയിച്ചു. അയാളുടെ മുഖത്തൊരു  പുഞ്ചിരി മിന്നി മറഞ്ഞു.

രണ്ടു പേർ വേഗം വേഗം ഓവർബ്രിഡ്ജിന്റെ കോണിയിറങ്ങി നേരെ വരുന്നു. അവർ  "ദിവാകർ സർ, പ്രീതം സർ " എന്ന് വിളിച്ചു  അരികിലെത്തി.

"നീ വേഗം ടിക്കറ്റ് കൗണ്ടറിൽ പോയി ടിക്കറ്റ് വാങ്ങി വാ, അപ്പോഴേയ്ക്കും അടുത്ത വണ്ടി വരും"
                                                                        
പുറത്തു പോയി ടിക്കറ്റ് എടുത്തു. കൗണ്ടറിനടുത്തുള്ള chart നോക്കി, അടുത്ത ട്രെയിൻ. ഭാഗ്യം, പത്ത്  ഏഴിനൊരു വണ്ടി. സൂപ്പർ ഫാസ്റ്റ് ആണ്. TT ഉണ്ടെങ്കിൽ, പൈസ കൊടുത്തു സീറ്റ് സംഘടിപ്പിയ്ക്കണം. ആറാമത്തെ പ്ലാറ്റ്ഫോമിൽ എത്തി. അവരൊന്നും അവിടെ ഇല്ല.                                                    
ഗായത്രിക്കൊരു മെസ്സേജ് കൊടുത്താലോ? "ട്രെയിൻ ലേറ്റ് ആണ്, ട്രാക്ക് റിപ്പയർ വർക്ക് between ബോയ്‌സർ and വാപി"

ബറോഡയിലേയ്ക്കുള്ള വണ്ടിയിൽ കയറിയപ്പോൾ, കഴിഞ്ഞ ഒന്നര മണിക്കൂറിൽ നടന്ന സംഭവം, സയ്യിദ് മിർസയുടെ ഒരു സിനിമ കാണുന്ന അനുഭവം പോലെയാണ്  തോന്നിയത്. ഇത് എക്കാലവും ഓര്‍മ്മയില്‍  മങ്ങാതെ നില്ക്കും തീര്‍ച്ച.

ഉച്ചക്ക് ഒരു മണിയ്ക്ക് വീട്ടിലെത്താം എന്ന് പറഞ്ഞതാണ് ഗായത്രിയോട്. മാറി കയറിയ വണ്ടി എത്താൻ മൂന്നരയാകും.  ബോറിവിലി സ്റ്റേഷനിൽ കുപ്പിവെള്ളം  വാങ്ങാൻ ഇറങ്ങിയപ്പോൾ വണ്ടി മിസ് ആയി എന്ന് പറയണോ, അതോ ബോയ്‌സറിനും വാപിയ്ക്കും ഇടയ്ക്കു ട്രാക്ക് റിപ്പയർ കാരണം വണ്ടികൾ വൈകി ഓടുന്നു എന്നോ ആ സമയത്തെ തഞ്ചമനുസരിച്ചു പറയാം. എന്തായാലും ഉച്ചക്ക് ഒരുമിച്ചു ഗുജറാത്തി ഥാലി ലഞ്ച് കഴിക്കാൻ പോകാൻ കഴിയില്ല.

കൂടു തുറന്നു രക്ഷപ്പെട്ടോടിയ  കുട്ടികളുടെ കഥ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രി പറഞ്ഞു -
"കൃഷ്ണദാസ് പറയുന്നത് മുഴുവനും എനിക്ക് relate ചെയ്യാൻ പറ്റുന്നില്ല..."

"അത് relate ചെയ്യാൻ ഇനി ദിവാകരൻ വന്നു ബാക്കി കഥയും മറ്റു പല കഥകളും പറയേണ്ടി വരും."

''എന്നാലും ദാസൂ.. വല്ലാത്ത ധൈര്യം.... ധൈര്യമല്ല, താന്തോന്നിത്തം... എന്തെങ്കിലും പറ്റിയാല്‍.....!!!''        
                                  
കുറച്ചു കഴിഞ്ഞു ഗായത്രി പറഞ്ഞു - " ദാസൂ, തബുവിന്റെ 'ചാന്ദ്നി ബാർ' ലെ ബാർ-ശരിക്കുള്ള ബാർ എനിയ്ക്ക് കാണിച്ചു തരണം കേട്ടോ, അടുത്ത തവണ നമ്മൾ ബോംബയിൽ പോകുമ്പോൾ..".

അത് കഴിഞ്ഞു ഇതും ചോദിച്ചു - " so the title of the story is - Grant Road to Borivli, via Mumbai Central, yes?"
ഗുപ്ത കാക്കിമായുടെ വീട്ടിലേയ്ക്കു പോകണം. പൂജ രാത്രി 12 മണി വരെ ഉണ്ടാകും.

ഭാസി കണ്ണംപിള്ളി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.