കേരളത്തില്‍ ആദ്യമായി ചപ്പാത്തി ചുട്ടിറങ്ങിയിട്ട് നൂറ് വര്‍ഷം കഴിയുന്നു . വൈക്കം സത്യഗ്രഹ കാലത്താണ് ചപ്പാത്തി പഞ്ചാബില്‍നിന്ന് കടല്‍ കടന്ന് മലയാളികളുടെ അടുക്കളയിലേക്ക് കുടിയേറിയത്.
കേരളത്തില്‍ ആദ്യമായി ചപ്പാത്തി ചുട്ടിറങ്ങിയിട്ട് നൂറ് വര്‍ഷം കഴിയുന്നു . വൈക്കം സത്യഗ്രഹ കാലത്താണ് ചപ്പാത്തി പഞ്ചാബില്‍നിന്ന് കടല്‍ കടന്ന് മലയാളികളുടെ അടുക്കളയിലേക്ക് കുടിയേറിയത്. നൂറ് വയസ് തികയുന്ന ചപ്പാത്തിയുടെ ശതാബ്ദി ഈയിടെ വൈക്കം സത്യഗ്രഹ നായകനായ ടികെ മാധവന്‍റെ ജന്മനാടായ മാവേലിക്കരയിൽ ആഘോഷിച്ചു .മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്സ് കോളജില്‍ നടക്കുന്ന ചടങ്ങിൽ പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള രാജ വീരേന്ദ്ര സിങ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. വൈക്കം സത്യഗ്രഹത്തിലെ സമരക്കാര്‍ക്ക് മുന്നിലാണ് ചപ്പാത്തി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സമരക്കാര്‍ക്ക് പിന്തുണ അറിയിച്ച പട്യാല രാജാവും സിഖുകാരും മൂന്ന് കണ്ടയ്നര്‍ ഗോതമ്പാണ് കറാച്ചി തുറമുഖത്തുനിന്ന് കപ്പല്‍മാര്‍ഗം വഴി കൊച്ചിയിലേക്ക് അയച്ചത്. പട്യാല സംസ്ഥാന മന്ത്രിയും മലയാളിയുമായ സര്‍ദാര്‍ കെഎം പണിക്കര്‍ വഴിയാണ് സിഖുകാര്‍ സത്യഗ്രഹത്തെ കുറിച്ച് അറിഞ്ഞത്.
പഞ്ചാബ് പ്രബന്ധക് ശിരോമണി കമ്മിറ്റിയുടെ നിർദേശപ്രകാരംലാല്‍ സിങ്ങിന്റെയും ബാബാ കൃപാല്‍ സിങ്ങിന്റെയും നേതൃത്വത്തില്‍ എണ്‍പതോളം പേരടങ്ങുന്ന അകാലി സംഘം കേരളത്തിലെത്തി. കൊച്ചിയില്‍ സൂക്ഷിച്ചിരുന്ന ഗോതമ്പ് ഉണക്കി പൊടിച്ച് ചാക്കുകളിലാക്കി വൈക്കത്ത് എത്തിച്ചു. 1924 ഏപ്രില്‍ 29നാണ് വൈക്കത്തെ ഭക്ഷണശാലകളില്‍ ആദ്യത്തെ ചപ്പാത്തി ചുട്ടിറങ്ങിയത്. 58ദിവസം സിഖുകാര്‍ സത്യഗ്രഹികള്‍ക്ക് സൗജന്യമായി ചപ്പാത്തിയും ദാല്‍ കറിയും പാചകം ചെയ്ത് കൊടുത്തു. ജൂണ്‍ 25ന് ഭക്ഷണശാല നിര്‍ത്തിയെങ്കിലും ചപ്പാത്തി ഇന്നും മലയാളികളുടെ തീന്‍മേശയില്‍ പ്രധാന വിഭവങ്ങളില്‍ ഒന്നുതന്നെയാണ്.