ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ വിവിധ ഇടവകൾ സന്ദർശിക്കുവാനായി എത്തിച്ചേർന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ന്യൂയോർക്ക് ജെഎഫ്കെ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഭദ്രാസന ചുമതലക്കാർ ചേർന്ന് വൻ വരവേൽപ്പ് നൽകി.
നോർത്ത് അമേരിക്ക ഭദ്രാസന സെക്രട്ടറിയും,ബിഷപ് സെക്രട്ടറിയുമായ റവ. ജോർജ് എബ്രഹാം കല്ലൂപ്പാറ , ഭദ്രാസന ട്രഷറാർ ജോർജ് പി.ബാബു, മുൻ മാർത്തോമ്മ സുവിശേഷ പ്രസംഗസംഘം മാനേജിംഗ് കമ്മിറ്റി അംഗം തോമസ് ദാനിയേൽ, ന്യൂയോർക്ക് ലോങ്ങ് ഐലന്റ് ഇടവക വികാരി റവ.ജോസി ജോസഫ് ഭദ്രാസന ഓഫീസ് അക്കൗണ്ടന്റ് തോമസ് ഉമ്മൻ, എന്നിവർ വിമാനത്താവളത്തിൽ മെത്രാപ്പോലീത്തായെ സ്വീകരിക്കുവാൻ എത്തിയിരുന്നു.
മാർച്ച് 6 വ്യാഴാഴ്ച ഡാലസിൽ എത്തിച്ചേരുന്ന ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡാലസിലെ വിവിധ മാർത്തോമ്മ ദേവാലയങ്ങൾ സന്ദർശിക്കുന്നതും, മാർച്ച് 9 ഞായറാഴ്ച ഡാലസ് കരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ ആരാധനക്കും വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും നേതൃത്വം നൽകും.
ഡാലസിലെ സന്ദർശനത്തിനു ശേഷം ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ ഹ്യൂസ്റ്റൺ, ചിക്കാഗോ, ഡിട്രോയിറ്റ്, കാനഡ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കും.