അതിരുകളില്ലാതെ സ്‌നേഹിച്ചിരുന്നവർ
അതിരുകൾ മതിൽകെട്ടി മറച്ചിടുമ്പോൾ
മനുഷ്യന് മനുഷ്യനെ കണ്ടുകൂടാത്തൊരു
മാറ്റങ്ങൾ വന്നല്ലോ നമ്മുടെ നാട്ടിലും!
മറയ്ക്കുന്നു നമ്മുടെ സംസ്കാരശോഭയേ..
മനസ്സിലാവാഹിച്ചോരഭിനിവേശത്തേയും
മതചിന്ത മറതീർത്ത് മല്ലടിക്കുന്നവർ
മതിവരാഞ്ഞലറി കൊലവിളി നടത്തുന്നു!
മറതീർക്കും പരസ്പരം വിദ്വേഷവിത്തുകൾ
മർത്യവേഷത്തിൽ മൃഗങ്ങളായ്മാറിയ-
മതജാതി ചിന്തയാൽ വെറിപൂണ്ടിവരേയും
മഹത്വവൽക്കരിക്കുമധികാരിവർഗ്ഗങ്ങൾ!
തണലായി തുണയായ് കൂടെനിൽക്കേണ്ടവർ
തഞ്ചത്തിൽ തമ്മിലടിപ്പിച്ചു നിർത്തി
നിസ്സീമമാകുന്ന നരഹത്യയെപോലും
നിർവ്വികാരത്തോടെ നിസ്സാരമാക്കുന്നു!!
മതഭ്രാന്തൊടുങ്ങുവാൻ സംതൃപ്തി പടരുവാൻ
മതിഭ്രമംവെടിഞ്ഞു മതിലുകൾ പൊളിക്കണം
മനം മന്ദിരമാകണം മുദിതമാനവരാകുവാൻ,
മലീമസമൊടുങ്ങി രാജ്യം മഞ്ജുളമാകുവാൻ ..
ഭരതകുമാർ കെ.എം