മഴ തനിക്ക് എന്നുമൊരു ദൗര്‍ബല്യമായിരുന്നു. താന്‍ എന്നും കാണാന്‍ കൊതിച്ചിരുന്ന കാഴ്ച. ഒരു സായാഹ്നം. സൂര്യന്‍ മറയാന്‍ മടിച്ചു നില്ക്കുന്നു. എങ്കിലും കാര്‍മേഘങ്ങള്‍ ഒറ്റക്കെട്ടായി സൂര്യനെ മറച്ചു. ആര്‍ത്ത് ഉല്ലസിച്ച് അവള്‍ വരുന്നു-മഴ!
മഴ തനിക്ക് എന്നുമൊരു ദൗര്‍ബല്യമായിരുന്നു. താന്‍ എന്നും കാണാന്‍ കൊതിച്ചിരുന്ന കാഴ്ച.
ഒരു സായാഹ്നം. സൂര്യന്‍ മറയാന്‍ മടിച്ചു നില്ക്കുന്നു. എങ്കിലും കാര്‍മേഘങ്ങള്‍ ഒറ്റക്കെട്ടായി സൂര്യനെ മറച്ചു.
ആര്‍ത്ത് ഉല്ലസിച്ച് അവള്‍ വരുന്നു-മഴ!
ആ കാഴ്ച സുന്ദരമായിരുന്നു.
ഓരോ മഴത്തുള്ളിയും വെള്ള മുല്ലമൊട്ടു കണക്കേ അടര്‍ന്നുവീണുകൊണ്ടിരുന്നു. ലക്ഷ്യമില്ലാത്ത തണുത്ത കാറ്റ് ചൂളംവിളിയോടെ കടന്നുപോകുന്നു.
ആകാശത്ത് എവിടെയോ ഗാനമേളയ്ക്കുള്ള ഒരുക്കം കണക്കേ വാദ്യോപകരണങ്ങള്‍ പരിശോധിക്കുന്നു. അതില്‍ തബല, ഗിത്താര്‍, ഹാര്‍മോണിയം, വീണ എല്ലാം ഉണ്ട്.
മഴ...! മഴ...!!
എന്നാല്‍, തന്‍റെ എല്ലാ മനക്കോട്ടകളും തകര്‍ത്ത് അവള്‍ പൊടുന്നനെ നിലച്ചു. താന്‍ സ്തംബ്ധയായി ഇരിക്കവേ തന്‍റെ 'കൂട്ടുകാരി' കാര്യം ഗ്രഹിച്ച് വീണ്ടും നടനം തുടങ്ങി. സകല ശക്തിയും സമാഹരിച്ച് അവള്‍ നൃത്തം വെച്ചു. പിന്നീട് മെല്ലെ മെല്ലെ തളരാന്‍ തുടങ്ങി.
കാലുകള്‍ ഇടറുന്നു...
ചുവടുകള്‍ തെറ്റുന്നു...
തോല്‍വി സമ്മതിച്ച് അവള്‍ തന്‍റെ കളിയുടെ ആക്കം കുറച്ചു. എങ്കിലും തനിക്കുവേണ്ടി അവള്‍ ചുവടുകള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചെറുകാറ്റ് കളിയാക്കലോടെ വീണ്ടും കടന്നുപോയി. ആകാശത്ത് വീണ്ടും ഇടിമുഴക്കം.
മന്ത്രോച്ചാരണം ഉച്ചത്തിലാകുന്നു.
മഴ...അവള്‍ നിലച്ചു.
എങ്കിലും മിഴികളില്‍ നിന്ന് കണ്ണീര്‍ കണങ്ങള്‍ ഇറ്റുവീണുകൊണ്ടിരുന്നു.
ചെമ്പോത്ത് ഈണത്തില്‍ എവിടെയോ ഒച്ച വെക്കുന്നു. ആകാശത്തെ മന്ത്രോച്ചാരണം ഇനിയും നിലച്ചിട്ടില്ല. ഉച്ചത്തിലുള്ള ഗദ്ഗദങ്ങള്‍ കേള്‍ക്കാം.
ഇനി തന്‍റെ കൂട്ടുകാരി എന്നുവരും? ഒത്തിരി കഥകളുമായി അവള്‍ വരും. ഓര്‍മ്മയുടെ മണിച്ചെപ്പില്‍ എത്രയോ തവണ അവള്‍ വന്നുപോയിരിക്കുന്നു. ഒത്തിരി കദനകഥകളുമായി...എല്ലാം ഞാന്‍ മൂളി കേള്‍ക്കുമായിരുന്നു.
അവള്‍ വീണ്ടും വരും. എനിക്ക് ഉറപ്പുണ്ട്. അത്രമാത്രം ഞാന്‍ അവളെ സ്നേഹിക്കുന്നു. അവള്‍ തന്നെയും.
ലിറ്റിമോള്‍ മുളയ്ക്കല്‍