ഇന്നലെഅവൻ്റെ ദേഷ്യം കണ്ട് അവർക്ക്
വേവലാതിയായി
എന്തുകൊടുത്താലും രുചിയറിഞ്ഞു കഴിക്കുന്ന അവൻ
അവനാണ് ഇന്നലെ അതു ചെയ്തത്
പൊരിവെയിലിൽ നിന്ന് പണിയെടുത്ത് കിട്ടിയ കാശിന് വാങ്ങിയ കപ്പക്കിഴങ്ങ് കണ്ടം വെട്ടി കാന്താരി ചതച്ചിട്ട് പുഴുങ്ങി അവനിഷ്ടമുള്ള ചുക്കുകാപ്പിയുമായി കാത്തിരിക്കയായിരുന്നു അവർ
ഈയിടെയായി അവൻ
ഏറെ വൈകാറുണ്ട് അവന് ഒത്തിരി പഠിക്കാനുണ്ടത്രെ
നൈറ്റ് ക്ലാസ് ഉണ്ട് എന്ന് അവൻ പറഞ്ഞു പക്ഷേ അവൻ്റെ കൂടി വരുന്ന ദേഷ്യം..
സാരല്യ എന്നോടല്ലാതെ ആരോടാ അവൻ ദേഷ്യപ്പെടാ
പഠിച്ച് കൊഴങ്ങണ്ടാവും ൻ്റെ കുട്ടി അതാ
പഠിക്കട്ടെ പഠിച്ച് വലുതായി നന്നായി ജീവിക്കട്ടെ
നല്ല മനസ്സുള്ളവനാവണം എന്നേ താൻ അവനോട് പറയാറുള്ളു
ചെറിയ കുട്ടിയായിരുന്നപ്പോൾ ഒരു പരീക്ഷയിൽ മാർക്ക് കുറഞ്ഞപ്പോൾ
അവൻ ചോദിച്ചു
"അമ്മയെന്താ എന്നെ ചീത്ത പറയാത്തത്
ക്ലാസിൽ ഒന്നാമനാവണമെന്നു പറയാത്തത് എന്താ "?
അന്ന് താൻ പറഞ്ഞത്
ഒന്നാമനായില്ലയെങ്കിലും
ജീവിതത്തിൽ നീ വിജയിക്കണം എൻ്റെ കുട്ടി
നല്ല മനുഷ്യനാവണം എന്നായിരുന്നു
അവൻ നന്നായി പഠിക്കുണ്ടല്ലോ
മുഷിഞ്ഞ വേഷവും ക്ഷീണിച്ച കണ്ണുകളും
അവൻ്റെ അധ്വാനം പറയുന്നുണ്ടേയ്
പാവം ൻ്റെ കുട്ടി
താടീം മുടീം വെട്ടാമ്പോലും നേരല്യാത്ത പഠിപ്പാ പഠിക്കണത്
അവരുടെ ചിന്തകളിൽ പുത്രവാത്സല്യവും സ്നേഹവും തിരിയിട്ടു
ഇരുട്ടു പരന്ന വഴികളിൽ തെളിയുന്ന സൂര്യ വിളക്കുകൾ .തണുത്ത കാറ്റ്ജനൽപ്പാളികൾക്കിടയിലൂടെ അനുവാദത്തിനു കാത്തു നിൽക്കാതെ അകത്തു കടന്നു
ചീവീടുകൾ വാതോരാതെ ശബ്ദമുണ്ടാക്കുന്നു അവൻ വരുന്നുണ്ടോ എന്ന് കൂടെക്കൂടെപുറത്തേക്ക് നോക്കിയിരിക്കുമ്പോൾ അവർ പഴയ കാലം ഓർത്തു
അയാളും സുഹൃത്തും കൂടി തോളിൽ പിടിച്ച് പാട്ടും പാടി നടന്നിരുന്നഇടവഴിയായിരുന്നു അന്ന് ഇത് .വഴിവിളക്കുകാലുകളിൽ ടോർച്ചടിച്ചാൽ കാണുംമട്ടിൽകത്തിയിരുന്ന ബൾബുകൾ ഉണ്ടായിരുന്നു
കള്ളും പാട്ടും കൂത്തും അയാളുടെ പതിവായിരുന്നു
പക്ഷേ
അവൻ വന്നതിൽപ്പിന്നെ അയാൾ വീട്ടിൽ കുടിച്ചു വന്നിട്ടേയില്ല
എന്തായിട്ടെന്താ അവന് രണ്ടു വയസ്സു തികയും മുൻപ് ഒരു സന്ധ്യ നേരം അയാളങ്ങു പോയി
അന്ന് മുതൽ തുടങ്ങിയ ഈ നെട്ടോട്ടം അവനൊരു പണിയായി കണ്ടിട്ടു വേണം നിർത്താൻ
അവർ നെടുവീർപ്പിട്ടു കൊണ്ട് എഴുന്നേറ്റ് ക്ലോക്കിലേക്ക് നോക്കി
ദൈവേ മണി പന്ത്രണ്ടായല്ലോ
ഈ ചെക്കനിപ്പൊഴും വന്നില്ലല്ലോ
ഇത്ര നേരം പഠിപ്പോ
തിരിഞ്ഞു നടക്കുമ്പോൾ കോളിംഗ് ബെൽ അടിച്ചു
അവർ തുറക്കാനായി വാതിക്കലേക്കു നീങ്ങിയപ്പോൾ കറൻ്റ് പോയി
"മോനേ ഇപ്പ വരാ
അമ്മ മെഴ്തിരി കത്തിക്കട്ടെ ട്ടൊ "
അവർ വിളിച്ചു പറഞ്ഞു
"എടീ തള്ളേ വേഗം തുറക്ക്
അൻ്റെഒരു മെഴ് തിരി "
തുടർച്ചയായ മുട്ടും ആക്രോശവും കേട്ട് അവരുടെ കാലുകൾ മരവിച്ചു
അവൻ വാതിൽ അടിച്ചു തകർക്കുമോ എന്ന് അവർക്കു തോന്നി
ഇരുട്ടു വീണ ഇടനാഴി കൂടുതൽ ഇരുണ്ടു
കണ്ണുകൾ വിഷമിച്ച് തുറന്ന് വേച്ചുവേച്ച് നടന്ന് അവർ മെഴുകുതിരി തപ്പിയെടുത്തു കത്തിച്ചു
തനിക്ക് പെട്ടെന്ന് പ്രായമേറിപ്പോയോ
എന്ന് അവർ ശങ്കിച്ചു
അവരുടെ
വിറക്കുന്ന കയ്യും വിതുമ്പുന്ന ചുണ്ടും പെട്ടെന്ന് അന്ധകാരം വിഴുങ്ങി. തപ്പിപ്പിടിച്ച്
വാതിൽ തുറന്ന് അകത്തു കയറിയത് തൻ്റെ മകൻ തന്നെയോ എന്ന് ഓർക്കാനുള്ള നിമിഷം പോലും ബാക്കിയാവാതെ മകൻ്റെ കയ്യിലെ വടി അവരുടെ മൂർദ്ധാവ് പിളർന്നു പോയി
ൻ്റെ കുട്ടി പഠിച്ചു കൊഴങ്ങിയിട്ടാവും അമ്മയോട് ദേഷ്യപ്പെടുന്നത്
സാരല്യഓൻ്റെ അമ്മയല്ലേ ഞാൻ.....
അവരുടെ വാക്കുകൾ വീണു കിടക്കുന്ന അവർക്കു ചുറ്റും ഒഴുകി നടന്നു.
ജിഷ . യു.സി