എത്ര സോപ്പിട്ടു കുളിച്ചാലും
നീ വെളുക്കില്ല കുട്ടീയെന്നു പറഞ്ഞു
കുളക്കടവിലെ പെണ്ണുങ്ങൾ ആർത്തു
ചിരിച്ചപ്പോഴാണ് നിറങ്ങളുണ്ടെന്ന്
അവൾ ആദ്യം അറിഞ്ഞത്....
വെളുത്ത കുട്ടിയെ
പരിചയപ്പെടുത്താൻ തിടുക്കം
കാട്ടി കറുത്ത കുട്ടിയെ തഴഞ്ഞു
ബന്ധുക്കളും നിറങ്ങളുണ്ടെന്ന് പറഞ്ഞപ്പോൾ
അവൾ കണ്ണീർ ഭൂപടത്തിൽ കവിതകുറിച്ചു. ...
നിറം കുറവല്ലേ താഴ്ന്ന ജാതിയാവും
എന്ന് പറഞ്ഞ് പഠിക്കുന്ന ഇടങ്ങളിലെ
ഉച്ചതണലുകളിലും കറുത്ത നിറം ഉള്ളു നീറ്റി....
നല്ല പഠിപ്പുമുണ്ട്, പെണ്ണിനച്ചടക്കവുമുണ്ട്
പക്ഷേ നിറമത്ര പോരയെന്നു
ആദ്യം പെണ്ണു കണ്ടു പോയവൻ "നോക്കിയ "
ഫോണിലൂടെ പറഞ്ഞപ്പോൾ
കറുത്ത പെണ്ണിനുള്ളിൽ ചങ്ക് നീരൊഴുകി....
ജീവിതക്കടൽ നീന്തി കയറിയപ്പോൾ
ചേർത്തുനിർത്തിക്കൊണ്ട് അവളുടെ നല്ലപാതി
“നീയെന്റെ ജീവന്റെ ജീവൻ ”
എന്നു പറഞ്ഞപ്പോഴാണ് നിറങ്ങളിലല്ല കാര്യം,
ജീവിതം നിറവുകളാക്കുന്നതിലാണ്
കാര്യമെന്നവളറിഞ്ഞത്....
സുസ്മിത സന്തോഷ് ,ന്യൂജേഴ്‌സി