ഉമ്മൻ ചാണ്ടി, ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു.പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല.ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായട്ട് ഒരുവർഷമാകുന്നു
ഉമ്മൻ ചാണ്ടി, ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു.പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല.ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. കേരളത്തിന്റെ ജനനായകന്‍ യാത്രയായട്ട് ഒരുവർഷമാകുന്നു
തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു.
ഉമ്മൻ ചാണ്ടിയെ അമരനാക്കുന്ന എന്നെപോലെയുള്ള സാധാരണക്കാർക്ക് സ്വാന്ത്വനമേകിയ ഒത്തിരി കാര്യങ്ങൾ ഉണ്ട്. ഒരു രൂപയ്ക്ക് ഒരു കിലോ അരി, ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് പ്രതിമാസം മൂന്ന് രൂപയ്ക്ക് 25 കിലോ അരി, 25 ലക്ഷം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ്, എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ്, ജനസമ്പർക്ക പരിപാടി തുടങ്ങി വൻ പദ്ധതികളായ വല്ലാർ പാടം തുറമുഖം, പെട്രോനെറ്റ് എൽ.എൻ.ജി പദ്ധതി, വിഴിഞ്ഞം തുറമുഖം, സ്മാർട്ട് സിറ്റി വികസനം, കൊച്ചി മെട്രോ റെയിൽ, കണ്ണൂർ വിമാനത്താവളം, മലയോര ഹൈവേ, ശബരിമല വികസനം, മിഷൻ 2010 വരെ നിരവധി പദ്ധതികൾ. എന്നാൽ ഞാൻ എപ്പോഴും ഓർക്കാറുള്ള ഒരു കാര്യമുണ്ട് ,സാധാരണക്കാരുമായുള്ള ഉമ്മൻ ചാണ്ടിയുടെ നിത്യസമ്പർക്കത്തിലൂടെ അനേകായിരം ജീവിതങ്ങളിൽ അദ്ദേഹം കൊളുത്തിവെച്ച വെളിച്ചത്തിന്റെ ഒരു ചീന്ത് ആയിരിക്കും മേൽ പറഞ്ഞ ബൃഹത് പദ്ധതികളെക്കാൾ ഏറ്റവും വലിയ പുണ്യപ്രവൃത്തി എന്ന്.
ഉമ്മൻ ചാണ്ടി എന്ന മനുഷ്യന്റെ ജനസ്വീകാര്യത യഥാർത്ഥത്തിൽ മനസ്സിലാക്കിയത് ആ മനുഷ്യന്റെ രാഷ്ട്രീയ എതിരാളികളാണ്. അതുകൊണ്ടാണ് ഏറ്റവും ഹീനമായ രീതിയിലുള്ള ആരോപണങ്ങൾ അവർ അദ്ദേഹത്തിനെതിരേ ഉന്നയിച്ചു. കേരള പോലീസ് രണ്ടു പ്രാവശ്യം അന്വേഷിച്ചു തെളിവില്ല എന്നു കണ്ടെത്തി അവസാനിപ്പിച്ച പരാതി പിന്നീട് ആരോപണം ഉന്നയിച്ച സ്ത്രീയിൽനിന്ന് എഴുതി വാങ്ങി സിബിഐ അന്വേഷണംവരെ നടത്തി. ഒടുവിൽ ഈ പരാതിക്ക് ഒരു തെളിവുമില്ലെന്ന് കണ്ടെത്തി സിബിഐ ഈ പരാതിയിന്മേലുള്ള അന്വേഷണവും അവസാനിപ്പിച്ചു, ഉമ്മൻ ചാണ്ടി തന്റെ ജീവിതത്തിലെ അവസാനത്തെ ഏതാനും വർഷങ്ങൾ കടന്നുപോയത് അതിഭീകരമായ വ്യക്തിഹത്യ നേരിട്ടു കൊണ്ടായിരുന്നു. സർക്കാരിന് യാതൊരുതരത്തിലും ബന്ധമില്ലാത്ത ഒരു തട്ടിപ്പ് സംഘം നടത്തിയ കബളിപ്പിക്കലുകളെപോലും നല്ലൊരു ആയുധമായി ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയക്കാർ സർക്കാരിനെ പ്രതിരോധത്തിലാക്കുവാൻ ശ്രമിച്ചു. എന്നാൽ എപ്പോഴും ജനങ്ങളുടെ മധ്യേ ജീവിച്ച്, ഉയർന്ന നീതിബോധവും ജനസേവന തൽപരതയും ജീവിതവ്രതമാക്കിയ ഒരു രാഷ്ട്രീയ നേതാവിനെതിരെ ഈ തട്ടിപ്പ് സംഘത്തിലെ ഒരു സ്ത്രീയെക്കൊണ്ട് ആരോപണം ഉന്നയിപ്പിക്കുക എന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയായിരുന്നു . ഇത്തരം നീചമായൊരു കാര്യത്തിന് കേരളത്തിലെ ചില രാഷ്ട്രീയ പ്രവർത്തകർ നേതൃത്വം കൊടുത്തപ്പോൾ കുറേ മാധ്യമങ്ങളും അധികാര മോഹികളായ കൂടെയുള്ള ചിലരും അന്തി ചർച്ച ജഡ്ജികളും നിരീക്ഷകരും ഇവരോടൊപ്പം ചേർന്നു. ഈ ദു:ഖം കടിച്ചമർത്തിയാണ് കേരളത്തിലെ എക്കാലത്തേയും മികച്ച രാഷ്ട്രീയക്കാരനും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടി നിത്യവിശ്രമത്തിലേക്ക് മാറ്റപ്പെട്ടത്. അദ്ദേഹം അനുഭവിച്ച വേദനയും ദുഃഖവും തങ്ങളുടെ സ്വന്തം വേദനയായി ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ശവമഞ്ചത്തിനരികിലേക്കു നീങ്ങിയ ജനക്കൂട്ടമാണ് ഇപ്പോൾ ദിവസംപ്രതി കബറിങ്കലേക്കും കടന്നു വരുന്നത്.
ശ്രീ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നിന് പിറകെ ഒന്നായി വ്യാജ ആരോപണങ്ങൾ നിരത്തിയ ഒരു മാധ്യമത്തിന്റെ കൺസൾട്ടിംഗ് എഡിറ്റർ എൻ. മാധവൻകുട്ടി കുറ്റസമ്മതം നടത്തി. ഉമ്മൻ ചാണ്ടി എന്ന നിരപരാധിക്കെതിരെ ചെയ്ത കാര്യങ്ങൾക്ക് പരസ്യമായി, അദ്ദേഹത്തിന്റ മരണശേഷം മാപ്പ് പറഞ്ഞു കൊണ്ട് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചത് ഇപ്രകാരമായിരുന്നു." ഉമ്മന്‍ ചാണ്ടിക്കുനേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ആരോപണത്തിനു അന്നു 'ദേശാഭിമാനി'യില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റകാരണംകൊണ്ടു മൗനത്തിലൂടെ ഞാൻ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു"
'ജന സേവകനാണ് യഥാർത്ഥ ജനനായകൻ' എന്ന പ്രവാചക വചനത്തെ കർമ്മം കൊണ്ട് അന്വർത്ഥമാക്കിയ നേതാവ്. 'സ്നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഒരു വർഷം മുൻപ് അവസാനിച്ചെങ്കിലും ബൈബിളിൽ പറയുന്നതുപോലെ “നീതിമാന്റെ ഓർമ
അനുഗ്രഹിക്കപ്പെട്ടത് “. അത് എന്നും നിലനിൽക്കും.
ജനങ്ങളിലേക്കിറഞ്ഞിയ ,ജനങ്ങളെ കേൾക്കാൻ വലിയ മനസ്സ് കാണിച്ച പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എന്നും ജീവിക്കും .
ജിനു കുര്യൻ പാമ്പാടി