പിന്നീടങ്ങോട്ടുള്ള കുറച്ചുദിവസ്സങ്ങൾ അവനിൽ വലിയ മാറ്റമായിരുന്നു. വഴിവാണിഭക്കാരുടെ അടുക്കൽ നിന്നും കുറഞ്ഞ വിലക്ക് ജീൻസും ഷർട്ടും ഒക്കെ മേടിച്ചതുപോലും മറ്റവനോട് കടംമേടിച്ച പൈസകൊണ്ട്. അവസാനം അവനാസത്യം പറഞ്ഞു, എടാ ഞാൻ നാളെ ഗൾഫിലേക്ക് പോകുവാ, എനിക്ക് വിസാവന്നു. ചെന്ന് കഴിഞ്ഞാൽ ഉടൻ നിന്നെ എങ്ങനെഎങ്കിലും നിന്നെകൂടെ കൊണ്ടുപോകാൻനോക്കും.
കല്യാണം എന്നുവച്ചാൽ അംബാനിയുടെ മകൻ തോറ്റുപോകും, ആർഭാടം എന്നുവച്ചാൽ ഇത്രയ്ക്കു വേണമോ. അയ്യാൾ മനസ്സിൽ ചിന്തിച്ചുകൊണ്ട് ബസ് സ്റ്റോപ്പിലേക്ക് മെല്ലെ നടന്നു. വഴിയിൽ കണ്ടതോ കണ്ടവരെയോ ഗൗനിച്ചില്ല. വന്നബസ്സിന് ആരോ കൈ കാണിച്ചു യാന്ത്രികമായി അയ്യാൾ ഉള്ളിൽ കയറി ചിന്ത അത്രയ്ക്ക് തലക്കുപിടിച്ചിരുന്നു.
മുളച്ചുവരുന്ന പഴുതാര മീശയുമായി മെലിഞ്ഞുകോലം തിരിഞ്ഞു, ബോംബേക്കു വണ്ടികയറാൻ അന്ന് റിസർവേഷൻ എടുക്കാൻ കാശില്ലാഞ്ഞിട്ടു, ലോക്കൽ കംപാർട്മെന്റിൽ ബാഗുംതൂക്കി ഇരിക്കാൻ സീറ്റുപോലും കിട്ടാതെ, നിലത്തു പേപ്പർ വിരിച്ചു കിടന്നു യാത്ര ചെയ്ത രണ്ടു ഉറ്റ കൂട്ടുകാർ . അന്ന് ചായയുടെയും ഉഴുന്നുവടയുടെയും കാശെങ്കിലും കൊടുക്കാൻ അതിലൊരുവന്റെ കയ്യിലെ കൂലിവേല ചെയ്തുണ്ടാക്കിയ അല്പം പൈസ്സാ മാത്രമേ ഉണ്ടായിരുന്നുള്ളു .
ആരുടെയോ ഒക്കെ ദാക്ഷിണ്യം കൊണ്ട് തത്ക്കാലം പിടിച്ചുനിൽക്കാൻ രണ്ടുപേർക്കും നഗരത്തിലെ ഒരു കുഞ്ഞു ടിഷോപ്പിൽ ജോലി ലഭിച്ചു. ഭക്ഷണം ഫ്രീ, ഹോട്ടലിന്റെ മുകളിലുള്ള ടിന്നിന്റെ മേല്കൂരക്കു താഴെ ഉറക്കം. അടുത്ത റെയിൽവേട്രാക്കിൽ പ്രഭാതകൃത്യങ്ങൾ.
ആകാലം എങ്ങനെ മറക്കും
നാള് പലതു കഴിഞ്ഞു, രണ്ടുപേരുടെയും സ്വപ്നമായ ഗൾഫിലേക്ക് ഒരു ഇന്റർവ്യൂ ഉണ്ടെന്നാരോ പറഞ്ഞു . ഒരേസമയത്തു രണ്ടുപേർക്കും ജോലിസ്ഥലത്തുനിന്നു മാറിനിൽക്കാൻ പറ്റാത്തതിനാൽ അവനതു മറ്റവനോട് പറഞ്ഞില്ല . വയറ്റുവേദന എന്ന് കള്ളം പറഞ്ഞത് മറ്റവൻ വിശ്വസിച്ചു. അന്ന് വരാതിരുന്ന അവന്റെജോലികൂടെ മറ്റേയാൾ ചെയ്തു. ഷീണിച്ചു മുകളിലെത്തിയപ്പോൾ ആൾ അവിടെയില്ല. ക്ഷീണംകാരണം പെട്ടെന്ന് ഉറങ്ങിപ്പോയി . കണ്ണുതുറന്നപ്പോൾ കാണുന്നു. തന്റെ പ്രിയപ്പെട്ടതും ഉള്ളതിൽ നല്ലതുമായ, അതും എന്നെങ്കിലും ഒര് ഇന്റർവ്യൂവന്നാൽ ധരിക്കാൻവച്ചിരുന്നതുമായ ഡ്രെസ്സും ധരിച്ച് അവൻ കയറിവരുന്നു. നീ എവിടെ പോയി ചോദ്യത്തിന് വീണ്ടും നുണ, എടാ ഡോക്ടറെക്കാണാൻ വൃത്തിയായി പോകാംഎന്നുകരുതി നിന്റെഡ്രെസ്സ് എടുത്തു ധരിച്ചു.
പിന്നീടങ്ങോട്ടുള്ള കുറച്ചുദിവസ്സങ്ങൾ അവനിൽ വലിയ മാറ്റമായിരുന്നു. വഴിവാണിഭക്കാരുടെ അടുക്കൽ നിന്നും കുറഞ്ഞ വിലക്ക് ജീൻസും ഷർട്ടും ഒക്കെ മേടിച്ചതുപോലും മറ്റവനോട് കടംമേടിച്ച പൈസകൊണ്ട്. അവസാനം അവനാസത്യം പറഞ്ഞു, എടാ ഞാൻ നാളെ ഗൾഫിലേക്ക് പോകുവാ, എനിക്ക് വിസാവന്നു. ചെന്ന് കഴിഞ്ഞാൽ ഉടൻ നിന്നെ എങ്ങനെഎങ്കിലും നിന്നെകൂടെ കൊണ്ടുപോകാൻനോക്കും.
പെട്ടെന്ന് കേട്ടപ്പോൾ അപരന് അതിശയം തോന്നി. സത്യത്തിൽ ആദ്യം അസ്സൂയതന്നെയാണ് ഉണ്ടായത് . പക്ഷെ അത് ഉള്ളിലൊതുക്കി. അവനെങ്കിലും രക്ഷപെട്ടല്ലോ എന്നായിരുന്നു ആ നല്ലമനസ്സ് പിന്നീട് ചിന്തിച്ചത്.
കുറച്ചുനാളുകൾക്ക് ശേഷം . ഗൾഫിൽ ചെറിയ ഒരു ഹോട്ടെലിൽ ജോലിശരിയായി രണ്ടാമനും കയറിപ്പോയി. വിധി അല്ലാതെ എന്ത് പറയാം അത്രയും നാൾ ഒരുവിവരവുമില്ലാതിരുന്ന തന്റെ കൂട്ടുകാരൻ ദേ അവിടെ. എന്തൊരതിശയമാ അല്ലെ? .
കൂടെ താമസിക്കുന്നവരുടെ ഡ്രസ്സ് അവരറിയാതെ ധരിച്ച് ചുമ്മാ രസത്തിന് എന്ന് പറഞ് ആദ്യത്തെയാൾ ഫോട്ടോ എടുക്കുമ്പോൾ രണ്ടാമൻ അവനെ ഉപദേശിച്ചു, എടാ... ജാഡകാണിക്കാതെ ജോലിചെയ് പത്തു കാശുണ്ടാക്കാൻ നോക്ക് . ,
അങ്ങനെ കുറച്ചുനാളുകൾകഴിഞ്ഞു, ഒരുദിവസം ആദ്യത്തെയാൾക്ക് നാട്ടിൽ നിന്ന് എമെർജെൻസി എന്നുപറഞ് ടെലിഗ്രാംവന്നു. എയർപോർട്ടിൽ കൊണ്ട് കയറ്റിവിടുമ്പോൾ കരയാതിരിക്കാൻ കൂട്ടുകാരൻ സമാധാനവാക്കുകൾ പറഞ് സമാധാനിപ്പിച്ചു. . എന്തെങ്കിലും അത്യാവശ്യം വന്നാൽ എന്നുപറഞ് തന്റെ സമ്പാദ്യത്തിൽനിന്നും കുറച്ചു പൈസയും പോക്കറ്റിൽ തിരുകിയപ്പോൾ ഔപചാരികമായി വേണ്ട... വേണ്ട.. എന്നുപറഞ്ഞെങ്കിലും നെഞ്ച് ചുളുക്കി പോക്കറ്റിന്റെ വാതിൽ തുറന്നുകൊടുത്തു.
ഒരാഴ്ച്ചകഴിഞ്ഞു, അയ്യാളുടെ കത്ത് വന്നു . കല്യാണമാണ്, പെണ്ണ് മറ്റൊരു ഗൾഫ്രാജ്യത്തു നേഴ്സ് ആണ്.
ദുബായിൽ ഫൈവ്സ്റ്റാർ ഹോട്ടെലിൽ ജോലിയുള്ള തന്നെ പെണ്ണിന് ഇഷ്ട്ടപെട്ടു. രണ്ടുപേരുടെയുംലീവ് തീരുന്നതിനു മുൻപ് കല്ല്യാണംനടത്തണമത്രേ.അപ്പോഴാണ് "ഫൈവ് സ്റ്റാർ ഹോട്ടൽ" എന്ന തങ്ങൾ ജോലിചെയ്യുന്ന ആ പെട്ടിക്കടയുടെ പേരിന്റെ മാഹാത്മ്യം മനസ്സിലായത്.
അങ്ങനെ തന്റെ ആ കൂട്ടുകാരൻ അന്നുമുതൽ ബി.എസ്സിനേഴ്സ് എന്ന ഒരു കറവപ്പശുവിന്റെ ഉടമസ്ഥനായി മാറി . നാള് കഴിഞ്ഞു ക്ടാങ്ങൾ രണ്ടായി. പൊതുവെ കറവ കുറവായ സ്റ്റാർ ഹോട്ടലുകാരൻ ക്ടാങ്ങളെനോക്കാൻ നാട്ടിലേക്ക് പോന്നു. ഗൾഫിൽ കറന്നുകിട്ടുന്ന പൈസ നാട്ടിൽ വലിയ ബന്ഗ്ലാവും മുന്തിയ കാറുമൊക്കെയായി പൊടിപൊടിച്ചു. ഇടയ്ക്കു ലീവിന് വരുന്ന കറവപശുവിനെ നന്നായിപരിചരിച്ചുവിട്ടു.
നാളുകഴിഞ്ഞു, ആ കറവപശു ഒരിക്കൽ ദൂരെ പുതിയ മേച്ചിൽ സ്ഥലം കണ്ടുപിടിച്ച് അവിടേക്കുപറന്നു. അവിടുത്തെ വൈക്കോലും വെള്ളവും പഴയതിലും കൂടുതൽ പാല് ചുരത്താൻ പറ്റുന്നതാണെന്നു മനസ്സിലാക്കി, അതോടൊപ്പം പശുവിനെയും ക്ടാക്കളെയും നോക്കുന്ന ഒരു പുതിയ തസ്തികയുണ്ടാക്കി ഫൈവ്സ്റ്റാറുകരനെയും അവിടെഎത്തിച്ചു . ഫൈവ്സ്റ്റാറുകൾ പലതു പരീക്ഷിച്ചിട്ടു വിജയിക്കാതെ സ്വന്തം ക്ടാക്കളെ മേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടു. അതിലൊരു ക്ടാവിന്റെ കല്യാണമായിരുന്നു ഇന്ന്.
അസ്സൂയപ്പെട്ടിട്ടുകാര്ര്യമില്ല താൻ അന്നും ഇന്നും അതെ ഫൈവ്സ്റ്റാർ ഹോട്ടലിൽ തന്നെയല്ലേ ജോലിചെയ്യുന്നത്. സത്യസന്ധത ഒരു കഴിവില്ലായ്മയൊന്നുമല്ല എന്ന് മനസ്സിൽ സമാധാനിച്ചു് മെല്ലെ ബസ്സിന്റെ ചവിട്ടുപടി ഇറങ്ങി.
ബസ്സിന്റെ ബെല്ലടി കേട്ടപ്പോഴാണ് പരിസരബോധം ഉണ്ടായത്. അയ്യോ ടിക്കറ്റ് എടുക്കാൻ താൻ കൊടുത്ത അഞ്ഞൂറിന്റെ നോട്ടിന് കണ്ടക്റ്റർ ബാക്കിതന്നില്ലല്ലോ . അപ്പോഴേക്കും ബസ്സ് ഏറെ ദൂരം മുന്നോട്ടു പോയിരുന്നു.
മാത്യു ചെറുശ്ശേരി