വീടിനുള്ളിലേക്കു കയറുന്ന ആർക്കും കാണാവുന്നവിധം ചുമരിൽ ‘വട്ടമറ്റം കുരിശും കുന്നേൽ’ എന്നെഴുതിയ ബോർഡ്. മുൻവാതിലിനഭിമുഖമായി ഭിത്തിയോടു ചേർന്ന് ആൾപ്പൊക്കമുള്ള നിലവിളക്ക് കുരിശേന്തി നിൽപ്പുണ്ട്. ഫോയറിൽ തൂങ്ങിക്കിടന്ന മരിയാ തെരേസ ഷാൻഡ് ലിയർ ക്രിസ്റ്റൽ വിളക്കിലെ വെളിച്ചം ചില്ലുകളിൽ വെട്ടി മിന്നുമ്പോൾ അതൊരു സുവർണ ശിൽപ്പം പോലെ തോന്നിച്ചു.
വീടിനുള്ളിലേക്കു കയറുന്ന ആർക്കും കാണാവുന്നവിധം ചുമരിൽ ‘വട്ടമറ്റം കുരിശും കുന്നേൽ’ എന്നെഴുതിയ ബോർഡ്. മുൻവാതിലിനഭിമുഖമായി ഭിത്തിയോടു ചേർന്ന് ആൾപ്പൊക്കമുള്ള നിലവിളക്ക് കുരിശേന്തി നിൽപ്പുണ്ട്. ഫോയറിൽ തൂങ്ങിക്കിടന്ന മരിയാ തെരേസ ഷാൻഡ് ലിയർ ക്രിസ്റ്റൽ വിളക്കിലെ വെളിച്ചം ചില്ലുകളിൽ വെട്ടി മിന്നുമ്പോൾ അതൊരു സുവർണ ശിൽപ്പം പോലെ തോന്നിച്ചു.
ചുമരിൽ ഇത്തിരിമാറി പിടിപ്പിച്ച കർത്താവിന്റെയും തൊട്ടടുത്തായുള്ള ഫാത്തിമ മാതാവിന്റെയും രൂപങ്ങൾക്കു മുന്നിൽ മിക്കവാറും രാത്രികളിൽ അടക്കിയ ശബ്ദത്തിലും ചിലപ്പോൾ മാത്രം അറിയാതെ ഉറക്കെയായിപ്പോവുന്നതുമായ രീതിയിൽ അവറാച്ചനും അന്നമ്മയും തകർത്ത് പോരാട്ടമാണ്.
വേറെ എവിടെയാണെങ്കിലും അവറാച്ചന്റപ്പൻ പാപ്പുക്കുഞ്ഞു കേൾക്കും. പ്രായമായതിന്റെ ചില്ലറ അസുഖങ്ങളുമായി കിടപ്പാണേലും ഈ പ്രായത്തിലും ഫുൾ കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നത് മുഴുത്ത ആ രണ്ടു ചെവികൾ മാത്രമാണ്. ഈ വഴക്കുകൾ അപ്പൻ കേക്കരുതെന്ന് അവറാച്ചന് നിർബന്ധമാണ്.
“അല്ലെ, മിൽവാക്കീല് നിങ്ങടെ പെങ്ങടെ മോൻ വെളുമ്പിയേം കൊണ്ടു കുടുംബത്തേ കേറിയപ്പം ഒരു ദെണ്ണവുമില്ലാരുന്നല്ലോ? ഇവിടെ ഐറിന്റെ കാര്യം വന്നപ്പോ കെടന്നു തുള്ളുവാ,” പടക്കപ്പുരയിലേക്ക് അന്നമ്മ ആദ്യത്തെ കൊള്ളി തെറിപ്പിച്ചു.
“പെങ്ങടെ വീട്ടുകാര്യം നോക്കാൻ അവള കെട്ട്യോനോണ്ട്. ഞാനെതിര് പറയാഞ്ഞിട്ടാന്നോ?”
ഒരേയൊരു കാര്യത്തെ ചൊല്ലിയാണ് രണ്ടുമാസത്തിലേറെയായി നടക്കുന്ന ഈ കണകൊണ പോര്. പറയുന്ന ഡയലോഗുകളും ഏകദേശം ഒരുപോലിരിക്കും. അതുകൊണ്ട് നാടക റിഹേഴ്സലിന്റെ സ്വഭാവമാണ് അവരുടെ വഴക്കിന്. അവറാച്ചൻ ജുബ്ബയും മുണ്ടുമുടുത്ത്, നിന്നേടത്തു നിന്നു കൂടുതൽ മാറാതെയാണ് ഡയലോഗ് ഡെലിവറി. അന്നമ്മയാവട്ടെ ദേഷ്യം വരുമ്പോ അകന്നു മാറിയും അടക്കം പറയേണ്ടുന്നേരം അടുത്തു വന്നും കാര്യം പറയും. താൻ അടിക്കാൻ പോവുന്നത് കുറിക്കു കൊണ്ടേക്കും എന്ന് തോന്നിയാൽ ഡയലോഗ് പറഞ്ഞിട്ട് വേഗത്തിൽ മുറിവിട്ടു പോവുന്നപോലെ കാണിക്കും. അവറാച്ചനപ്പോൾ തിരിച്ചൊന്നും പറയാനില്ലേലും പിന്നാലെച്ചെന്നു ‘നിക്ക് നിക്ക് ഇതൂടെ കേട്ടിട്ടു പോ’ എന്നു പറഞ്ഞു പുള്ളിക്കാരിയെ തിരികെയെത്തിക്കും.
“നല്ല പുള്ളി. കൂടുതലൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുതേ. ഞാനൊന്നും മറന്നിട്ടില്ല കേട്ടാ. അവൾടെ കല്യാണത്തിന് അവിടെ മലയാളി കുർബാന നടത്താൻ അച്ചനില്ലാന്നു പറഞ്ഞപ്പം ഇവിടുന്നല്ലായോ പോളച്ചനേം കൊണ്ട് രായ്ക്കു രാമാനം അങ്ങോട്ട് വണ്ടി വിട്ടത്.”
“എടി അപ്പൻ പെങ്ങടടുത്തല്ല ഇവിടെയാ താമസം. അവിടെ എന്നാ നടന്നാലെന്നാ? അപ്പൻ ഇവിടുള്ളപ്പോ എന്നെക്കൊണ്ട് പറ്റത്തില്ല. കുടുംബോം പാരമ്പര്യോം ഒക്കെ വല്യ കാര്യാ അപ്പച്ചന്, അറിയാല്ലോ നെനക്ക്?”
കുരിശും കുന്നേല് തറവാടിന്റെ മതിലേല് പലകയിൽ പതിച്ചിരുന്ന വീട്ടു പേര് അതെ പോലെ പറിച്ചു ഭദ്രമായി ബാഗിൽ വച്ചോണ്ടാണ് പാപ്പുക്കുഞ്ഞു വിമാനം കേറിയത്. സ്പോൺസർ ചെയ്തു കൊണ്ടുവരാന്നേരം പാപ്പുക്കുഞ്ഞു വച്ച ഡിമാൻഡ് അത് മാത്രമായിരുന്നു. അതു കൊണ്ടാണ് കാശുള്ളോരു താമസിക്കുന്ന കെൻസിംഗ്ടനിൽ, കുന്നുകളും താഴ്വരകളും കൃത്രിമ തടാകങ്ങളും പൂന്തോട്ടങ്ങളും വാട്ടർ ഫൗണ്ടനും ഒക്കെയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ കത്തീഡ്രൽ മാതൃകയിലുള്ള മാളികയുടെ മുൻവാതിൽ തുറന്നു കേറുമ്പൊത്തന്നെ കാണും വിധം തറവാട്ട് പേരുറപ്പിച്ചത്. പാപ്പുക്കുഞ്ഞു വീട്ടിൽ കേറിയതിന്റെ പിറ്റേന്ന്!
“ഹും, കല്യാണത്തിനു മുന്നേ ചെറുക്കനും പെണ്ണും നാട്ടിപ്പോയതോർക്കുന്നോ? നിങ്ങടെ തറവാട്ടിലല്ലിയോ അവരു താമസിച്ചേ. അവള് ചട്ടയും മുണ്ടുമിടുന്നത് കാണണം…സാരിയുടുത്തു നിക്കണ കാണണം..ഇപ്പഴത്തെ മലയാളി പെമ്പിള്ളേര് ഇതുപോലെ സാരിയുടുക്കുവോ... അവളു നമുക്ക് ചേരുമെടീ. ദേ ഇതെല്ലാം ആ വായീന്നു മൊഴിഞ്ഞതാ..എന്നെക്കൊണ്ട് കൂടുതല് പറയിക്കണ്ട..ദേ മനുഷ്യാ ബ്യൂട്ടീഷ്യൻ ഒരുക്കിയെറക്കിയതാരുന്നു കൊച്ചിനെയന്ന് അറിയാവോ,” അന്നമ്മ മുറി വിടാനൊരുങ്ങി.
“ഒള്ളതു തന്നെയാടീ ഞാൻ പറഞ്ഞേ. ഞാൻ വിചാരിച്ചോ ഇവിടൊരുത്തി കയറു പൊട്ടിക്കാൻ ഒരുമ്പെട്ടു നിക്കുവാന്ന്? ഇതെന്നാ ചക്കയാണോടി തുന്നിച്ചു നോക്കാൻ, അതും മക്കളെ. അതുങ്ങളില് ഒരു വിശ്വാസം കാണിച്ചില്ലേ പിന്നെ എന്നാത്തിനാടി ഇക്കണ്ടതെല്ലാം?”
അവറാച്ചന്റെ വികാരപ്രകടനം ഏറ്റുവെന്നു വേണം പറയാൻ. അന്നമ്മ പെട്ടെന്ന് നിശബ്ദയായി. കുറെ നേരം ഒന്നും മിണ്ടിയില്ല. തക്കം നോക്കി അയാൾ ഒന്നുകൂടി സ്കോറ് ചെയ്യാൻ നോക്കി.
“എല്ലാം പൊളിച്ചടുക്കാൻ നീയാ കൂട്ടു നിന്നെ.”
അതുകേട്ടപാടെ അന്നമ്മ ചാർജ് ആയി.
“ഞാനാരുടേം കൂടെ നിന്നിട്ടില്ല. പക്ഷെങ്കി പിള്ളേരെ മനസിലാക്കണം. അതുങ്ങള് ഇവിടെ പടിച്ചു വളർന്നതാ. വന്നിട്ട് പത്തിരുപത്തെട്ടു വർഷമായില്ലേ...ഇനീം കുരിശും കുന്നേന്നു താഴോട്ടേറങ്ങാറായില്ലേ..?”
“അത് വിട്. ചുമ്മാ തറവാടിനെ പറയാതെ.”
“എങ്ങിനെ പറയാതിരിക്കും. ആ മഹത്വം ഞാൻ കൊറേ കണ്ടതാണേ? മനോരമയില് പരസ്യം കൊടുത്തിട്ട് അവധിക്കു നാട്ടീ വന്നപ്പൊ ആലോചിച്ചു പെണ്ണുകാണാൻ വന്നത്...ഓർക്കുന്നോ? അന്നേ മഹത്വം പിടികിട്ടിയാരുന്ന്. തോമാശ്ലീഹ തൊട്ടൊള്ള പുരാണം..നമ്പൂരി മഠത്തിന്റെ വലിപ്പം. ബാക്കിയുള്ളൊരു കേട്ടു കണ്ണു തള്ളിയിരിക്കുമ്പഴാ അമ്മാച്ചൻ വേറെ രണ്ടെണ്ണത്തിനേം കൂട്ടി ശൂന്ന് വെളിയിലേക്കിറങ്ങി പോയത്. ”
“അതിനെന്നാ പറ്റി?”
“അതിയാൻ പൊറത്തെറങ്ങി പോയത് പറമ്പ് കാണാൻ അല്ലാരുന്നോ...അവിടെ കെണറൊണ്ടോ കച്ചിത്തുറുവൊണ്ടോ കോഴിക്കൂടൊണ്ടോ ന്നൊക്കെ നോക്കാനല്ലാരുന്നോ?”
“പിന്നേ നിന്റെ കോഴിക്കൂട് വിറ്റാരുന്നല്ലോ ഇങ്ങോട്ടു വരാൻ എനിക്ക് ടിക്കറ്റ് എടുത്തത്,” അവറാച്ചൻ ചുവടൊന്നു മാറ്റി ചവുട്ടി. “അവള് ഇവിടെന്നെറങ്ങി പോയിട്ടു മൂന്നു മാസമാവുന്നു..അറിയോ..പള്ളീലോട്ടു ചെന്ന് കേറാൻ മേലാ..എടീ നാണക്കേടാന്ന്”
“നിങ്ങളോടു പിണങ്ങീട്ടല്ലേ ഇറങ്ങിപ്പോയത്..അതിനു ഞാനെന്നാ എടുത്തെന്നാ?”
“ഉം അത് പറയാൻ തൊടങ്ങിയാ ഇവിടൊന്നും തീരൂല്ല. പെമ്പിള്ളേരെ വളർത്തുന്നത് തള്ളമാരാ..അല്ലാതെ അപ്പന്മാരല്ല..കോണദോഷിച്ചും കുടുംബത്തിനെപ്പറ്റി പറഞ്ഞും വളത്തേണ്ടത് തള്ളമാരാ..അതെങ്ങനാ ഹൈ സ്കൂളിൽ കേറിയപ്പോ നിറുത്തീല്ലേ നാട്ടീ പ്പോക്ക്. അല്ലെങ്കി അങ്ങനേങ്കിലും കുടുംബത്തെ അറിയാനും ആളുകളെ അറിയാനും കഴിഞ്ഞേനെ. ‘അഡ്ജസ്റ്റ് ചെയ്യാമ്മേലാ പോലും’ അതിനൊക്കെ നീ കൂട്ട് നിന്നിട്ടാ...അവള് ഫക്കും ഷിറ്റും പറഞ്ഞു സ്ഥലം വിട്ടത്”
“അതു തന്നെ, ഈ ഞാന് നേരാമ്മണ്ണം വളത്തിയതിനെക്കൊണ്ടാ മൂന്നു മാസം മുന്നെവരെ അവളു ഇവിടുണ്ടായിരുന്നെ..അല്ലെങ്കി ഈ പറഞ്ഞതെല്ലാം എന്നെ കേപ്പിച്ചിട്ടു നേരത്തെ പോയേനെ. പിള്ളേരെ അവര്ടെ മനസറിഞ്ഞു വളർത്തണം. ഇവിടെ വളന്ന പിള്ളാര് ആണാണേലും പെണ്ണാണെലും അവരോർക്കിഷ്ടമൊള്ളതേ ചെയ്യൂ”
തർക്കം ഒരിടത്തും എത്തുന്നില്ലാന്നു കണ്ട് അന്നമ്മ അടുത്തെത്തി സമവായത്തിൽ പറഞ്ഞു:
“നിങ്ങള് സമ്മതിച്ചൂന്നു പറഞ്ഞു വിളിച്ചാ അവള് വരും. നമ്മടെ മോളല്ലേ? നോക്ക് അവൻ ക്രിസ്ത്യാനിയാണെ...എല്ലാം പോട്ട് ആണാണെ..?രണ്ടാൾക്കും നല്ല ജോലീമൊണ്ട്… എന്നതാണെലും നിങ്ങടെ വട്ടമറ്റം കുരിശും കുന്നേലിനും ഒരു പടി മേളി നിക്കും ഐറിഷ് മർഫി”
“എന്നാ മർഫിയാടി അവൻ. ഇതു കേട്ടപ്പം അപ്പൻ ചോദിച്ചതാ ആദ്യം. ന്നിട്ട് ‘അവറാച്ചാ അവൾടെ പേരിന്റെ കൂടെ മർഫിന്നു ചേരത്തില്ല അത് മോരും മുതിരേം പോലെ കിടക്കും’ ന്നു. അവനെന്നാ വംശാവലിയിരിക്കുന്നെന്നാ അപ്പന്റെ ചോദ്യം”
“വംശാവലീം തെങ്ങേമൊന്നും എനിക്കറിയത്തില്ല. അത് അവക്കു വേണോങ്കി മതിയല്ലാ?പിന്നെ, പേര് ചേരുവോ ഇല്ലയോ എന്നത് അവരാലോചിച്ചോളും..എന്നതാണേലും മൂന്നു മാസമായില്ലേ പോയിട്ട്. ഒരുമിച്ചാണെ താമസം. അവര് ചേരേണ്ടപോലെ ഇതിനകം ചേർന്നുകാണും”
“ഹും ലിവിങ് ടുഗെതർ..,അല്ലേ ഞാനാലോചിക്കുവാ എന്നാ മൈരിനാ ഒള്ള കാശു കൊണ്ട് വർഷം തോറും മലയാളി കൂട്ടായ്മാന്നും കമ്മറ്റിന്നും പറഞ്ഞു കളഞ്ഞത്..ഇതുങ്ങള് സമുദായത്തീ പെട്ട ആരേങ്കിലും കണ്ടു ഇഷ്ട്ടപ്പെട്ടങ്ങനെ പൊക്കോളും ന്നു കരുതി. അല്ലെങ്കി പിന്നെ ഇതിനൊക്കെ ആരേലും കാശു കളയുവോ? എല്ലാത്തിനും കെട്ടിയൊരുങ്ങി വരാനുള്ള പൂതി കണ്ടപ്പൊ ചെലവാക്കുന്ന കാശു വെറുതെ ആവണില്ലല്ലോ എന്നാരുന്നു. പിന്നല്ലേ ഇതുങ്ങള തനിനെറം അറീന്നേ..”
പതിവുപോലെ എങ്ങനെങ്കിലും ഊരേണ്ട സമയമായി എന്ന് വിചാരിക്കാൻ തുടങ്ങുമ്പോളാണ് അകത്തെ മുറീന്നൊരു മണിയൊച്ച കേട്ടത്.
“ദേ അപ്പനാ. ഇനി അങ്ങോട്ട് ചെല്ലട്ട്, അവിടെ ഇനി എന്നാ ഒപ്പിച്ചു വെച്ചക്കുന്നെന്നു കാണട്ട്!”, മറുപടിക്കു കാത്തു നിൽക്കാതെ അന്നമ്മ അകത്തേക്ക് പോയി.
രണ്ടു ദിവസം കഴിഞ്ഞു.
ഒരു വെള്ളിയാഴ്ച.
‘യൂദൻമാരുടെ രാജാവായ നസ്രായക്കാരൻ ഈശോയെ, പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിലും അസുഖങ്ങളിലും നിന്നും ഭയത്തിലും പൈശാചിക ബാധയിൽ നിന്നും ദുഷ്ചിന്തകളിലും ദുഷ്ചര്യകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്ത് രക്ഷിക്കണമേ’
രാത്രി പ്രാർഥന കഴിഞ്ഞു നെറ്റിയിൽ കുരിശും വരച്ചെഴുന്നേൽക്കുമ്പോളാണ് സൈറൻ പോലെ എന്തോ ഒച്ച കേട്ടത്. ഇത്രേം ഉറക്കെ കേട്ടപ്പൊ വല്ല കൊടുങ്കാറ്റോ ഭൂമികുലുക്കമോ മറ്റോ ആയിരിക്കും എന്നണ് അന്നമ്മ കരുതിയത്. വർഷങ്ങൾക്കു മുമ്പ്, ഇവിടെ വന്ന കാലത്ത് ഒരു കൊടുങ്കാറ്റുണ്ടായപ്പോഴാ സിറ്റി ഇങ്ങനെ സൈറൺ മുഴക്കിയത്. അത് കേട്ടാ എല്ലാരും ഓടി ഏറ്റവും താഴെ ബേസ്മെന്റിൽ പോയിരുന്നോണം. മേൽക്കൂര പറന്നുപോയാലും മേളിലത്തെ നില പൊളിഞ്ഞു വീണാലും ബേസ്മെന്റിൽ കുഴപ്പമുണ്ടാവൂല്ല. അങ്ങിനെ അതിനു തയ്യാറെടുത്തു നിൽക്കുമ്പോഴാണ് കാളിംഗ് ബെല്ലടിച്ചത്.
അവറാച്ചൻ മെല്ലെ മുൻവശത്തെ മുറിയിൽ എത്തി മുറ്റത്തേക്കുള്ള ജനാലയിലെ ബ്ലൈൻഡ്സ് മെല്ലെയകത്തി പുറത്തേക്ക് ഒളിഞ്ഞു നോക്കി.
“എടി പോലീസാ.”
“കർത്താവെ?, എന്നാ പറ്റി? നിങ്ങളെന്തെലും കുരുത്തക്കേട് ഒപ്പിച്ചാ?”
“ഇങ്ങോട്ടൊന്നു വാ, തമാശിക്കാൻ കണ്ട നേരം”
ഒന്നൂടെ രൂപത്തെ മുത്തി കൊന്തയും ഉരുട്ടി കെട്ട്യോന്റെ കൈയും പിടിച്ച് അന്നമ്മ മുൻവാതിക്കലേക്കു നടന്നു.
ആജാനബാഹുവായ ഒരു വെള്ളക്കാരൻ പോലീസ് തൊട്ടുമുന്നിൽ. കടുംനീല യൂണിഫോമിൽ തിളങ്ങുന്ന വെള്ളിനക്ഷത്രങ്ങൾ. വാതിൽ തുറന്നതും അതുവരെ രണ്ടു കൈകളും ബെൽറ്റിൽ താങ്ങിനിന്ന അയാളുടെ വലതു കയ്യ് അറിഞ്ഞോ അറിയാതെയോ വലതു ഭാഗത്തു തൂങ്ങുന്ന റിവോൾവറിലേക്കു നീങ്ങി. അയാളുടെ വമ്പൻ ദേഹം മറഞ്ഞ് ഐറിൻ. അടുത്ത് ധൈര്യം കൊടുക്കാനെന്നോണം അവളുടെ ഒരു കൈയ്യും പിടിച്ചു കഥാനായകൻ ജാക്ക് മർഫി. ചെമ്പൻ മുടിയും താടിയും ഇടുങ്ങിയ കണ്ണുകളും ഇത്തിരി മേളിലേക്കു തുറന്ന മൂക്കുമുള്ള ഒരു ചുള്ളൻ.
മുറ്റത്തു രണ്ടു കാറുകൾ. പോലീസു കാറിന്റെ മേളിൽ നിന്നും ചുവപ്പും നീലയും അപ്പോഴും ഫ്ളാഷ് ചെയ്യുന്നുണ്ടായിരുന്നു.
അന്നമ്മ അവറാച്ചന്റെ ഇടത്തേക്കയ്യേലൊന്ന് ഒന്ന് അമർത്തിപ്പിടിച്ചത് കൈവെള്ളയിലെ വിയർപ്പുകാരണം വഴുതിപ്പോയി.
അവറാച്ചനെ ഒരു വെള്ളക്കാരൻ ‘സർ’ എന്ന് വിളിക്കുന്നത് ആദ്യമായാണ്. സ്വയം ഓഫീസർ എന്നു പരിചയപ്പെടുത്തിയ അയാൾ തിരിച്ചറിയൽ കാർഡ് കാണിച്ചു. അപ്പനും മോളും, അമ്മയും മോളും, അന്നമ്മയും അവറാച്ചനും ഒക്കെ തമ്മിലുള്ള ബന്ധം ചോദിച്ചുറപ്പിച്ചശേഷം വിനയത്തോടെ സംഗതി അവതരിപ്പിച്ചു.
ഐറിന്റെ പാസ്സ്പോർട്ടും മറ്റു വകകളും അപ്പനും അമ്മയും ഹോൾഡ് ചെയ്യുന്നത്രെ. അവൾക്കത് കിട്ടണം. എടുക്കാൻ അനുവാദമുണ്ടോ?
‘നിങ്ങള് എന്നായീ ചോദിക്കുന്നെ? അവള എന്നാ തടഞ്ഞു വച്ചേക്കുന്നെന്നാ? ഇവിടങ്ങനൊരു സംസാരം പോലുമുണ്ടായിട്ടില്ല.. പിന്നെന്നാത്തിനാ ഈ പെറുക്കിയെയും കൊണ്ട് ഇങ്ങോട്ടു ലൈറ്റും അടിച്ചു ഒള്ള ബഹളമെല്ലാം ഒണ്ടാക്കി വന്നത്?”, മലയാളിപ്പോലീസാണേൽ ഇങ്ങിനെ പറയാമായിരുന്നു. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പറഞ്ഞാൽ ചെലപ്പം അയാൾടെ കൂടെ താനും സ്റ്റേഷനിലേക്ക് പോവേണ്ടി വരും എന്നോർത്താവണം മറുപടി ഇങ്ങനെയായി.
“തീർച്ച. ഒരു പ്രശ്നവുമില്ല”
അവറാച്ചൻ ഐറീനെ ഒന്ന് സൂക്ഷിച്ചു നോക്കി ഒരു ഭാഗത്തേക്കു മാറിനിന്നു. ഓഫീസർ പറഞ്ഞതനുസരിച്ച് ഐറിൻ വീടിനകത്തേക്കു നടക്കാൻ തുടങ്ങുമ്പോൾ ജാക്ക് മർഫി ‘ഹണീ’ എന്നു വിളിച്ച് അവളുടെ തോളിൽ കൈവച്ചു. ഒരു ധൈര്യത്തിന് താനും വരാം എന്നാണ് പറയുന്നതെന്ന് മനസിലാക്കിയ അവൾ ‘ഇറ്റ്സ് ഓക്കേ’ എന്നും പറഞ്ഞു ഇലക്ട്രിക്ക് ബോട്ട് കുതിക്കുന്നപോലെ ഉള്ളിലേക്കൊരു പോക്ക് പോയി. അവളുടെ പുറകെ ‘എന്നാ മോളെയിത്? ഇതിന്റെയൊക്കെ വല്ല കാര്യോം ഉണ്ടാർന്നോ’ എന്നു ചോദിച്ചോണ്ടു പോവാൻ തുടങ്ങിയ അന്നമ്മയെ അവറാച്ചൻ ഒറ്റ നോട്ടത്തിൽ തളച്ചു.
എടുക്കേണ്ട രേഖകളും അത്യാവശ്യ സാമാനങ്ങൾ പാക്ക് ചെയ്ത രണ്ടു പെട്ടികളും വലിച്ച് ഐറീൻ, അപ്പന്റെയും അമ്മേടെയും മുന്നിലൂടെ കൂളായി നടന്നു. പുറത്തെ വാതിൽ കടന്നതും ജാക്ക് രണ്ടു കൈയ്യിലേയും പെട്ടികൾ തട്ടിപ്പറിച്ചെടുത്ത് അവരുടെ കാറിനടുത്തേക്ക് നടന്നു.
സഹകരണത്തിന് നന്ദി പറഞ്ഞ് ഓഫീസറും അയാളുടെ കാറിനടുത്തേക്കു പോകാൻ തുടങ്ങി.
അകത്തേക്ക് കയറിയപ്പോഴോ പുറത്തേക്കു ഇറങ്ങിയപ്പോഴോ ഒരു തവണ പോലും അമ്മച്ചീടെ മുഖത്തുനോക്കാതെ ഇറങ്ങിപ്പോയ മോളെയോർത്തു നെഞ്ച് കലങ്ങി അന്നമ്മ വാതിൽപ്പടിയിൽ നിൽപ്പുണ്ടായിരുന്നു. കാറിൽ കേറുന്നതിനു മുൻപെങ്കിലും അവൾ ഒന്ന് തിരിഞ്ഞു നോക്കുമെന്നു കരുതി. പക്ഷെ അതുണ്ടായില്ല.
രണ്ടും കാറുകളും സ്റ്റാർട്ട് ചെയ്യുമ്പോൾ അവറാച്ചൻ അന്നമ്മയെ വലിച്ചു വീടിനുള്ളിലേക്ക് കയറ്റി.
പുറത്തെ വാതിൽ ശക്തിയായി വലിച്ചടച്ചു.
എസ്.അനിലാൽ, ചിക്കാഗോ