ഒരു കല്യാണം കഴിഞ്ഞ് അധികമാകുമ്മുമ്പ് അടുത്ത അന്വേഷണങ്ങളായി. 'വിശേഷമായോ?' സ്വന്തം കാര്യത്തിൽ അവനവനു തോന്നാത്ത വ്യാകുലത മറ്റുള്ളവർക്കുണ്ടാവുന്നു എന്നത് അസഹ്യമാണ്. ഇവിടെയാണ് ‘വിശേഷം ‘സിനിമയുടെ പ്രസക്തി.
ഇന്ത്യാക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഒരു പ്രത്യേകതയെന്തെന്നാൽ ആർക്കെങ്കിലും എന്തെങ്കിലും നിസ്സാരമായ പ്രശ്നം വരികയാണെങ്കിൽ - സ്വകാര്യമാണെങ്കിൽക്കൂടിയും പ്രശ്നം നേരിടുന്ന ഒന്നോ രണ്ടോ പേർക്കിടയിൽ ഒതുങ്ങാതെ നാട്ടുകാരും ബന്ധുക്കളും അയൽവാസികളുമൊക്കെ ഏറ്റെടുത്ത് അവരുടെയും കൂടി പ്രശ്നമാക്കുകയും അങ്ങനെയത് നാടിൻ്റെ പൊതുപ്രശ്നമാക്കി മാറ്റുകയും ചെയ്യും എന്നതാണ്.
ഒരു കല്യാണം കഴിഞ്ഞ് അധികമാകുമ്മുമ്പ് അടുത്ത അന്വേഷണങ്ങളായി. 'വിശേഷമായോ?'
സ്വന്തം കാര്യത്തിൽ അവനവനു തോന്നാത്ത വ്യാകുലത മറ്റുള്ളവർക്കുണ്ടാവുന്നു എന്നത് അസഹ്യമാണ്.
ഇവിടെയാണ് ‘വിശേഷം ‘സിനിമയുടെ പ്രസക്തി. നിസ്സാരമെന്നു തോന്നാവുന്ന കാര്യങ്ങൾ എങ്ങനെ ഭയാനകമായ അവസ്ഥയിൽ ജീവിതത്തെ ബാധിയ്ക്കുന്നുവെന്നും മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കാതെ അതെങ്ങനെ കൈകാര്യം ചെയ്യാമെന്നും
സിനിമ വ്യക്തമാക്കിത്തരുന്നു.
സംഗീത സംംവിധായകൻ ആനന്ദ് മധുസൂദനൻ കഥയെഴുതി അഭിനയിച്ച ചിത്രമാണ് വിശേഷം. അതിനു പുറമേ ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ഗാനരചന തുടങ്ങിയവും നിർവ്വഹിച്ചത് അദ്ദേഹമാണ്. എത്ര അനായാസമായിട്ടാണ് തന്റെ കഥാപാത്രത്തെ ആനന്ദ് മധുസൂദനൻ അവതരിപ്പിയ്ക്കുന്നത്. ഒരു മ്യൂസിക് ഡയറക്ടർക്ക് എങ്ങനെ ഇത്രയും മികച്ചരീതിയിൽ അഭിനയിക്കാൻ കഴിയുമെന്നത് എന്നെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്തു.
സിനിമയിൽ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുന്നത് ചിന്നു ചാന്ദിനിയാണ്. അടുത്തിടെ ഇറങ്ങിയ പല സിനിമകളിലും അവർ അഭനയിച്ചിട്ടുണ്ടെങ്കിലും ഈ സിനിമയിലെ ചാന്ദിനിയുടെ ഭാര്യാകഥാപാത്രം അഭിനയജീവിതത്തിലെ വഴിത്തിരിവായി മാറുമെന്നതിൽ എനിക്കു സംശയമില്ല.
കുടുംംബജീവിതത്തിൽ ഭാര്യാഭർത്താക്കൻമാർ എന്തെന്തൊക്കെ പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്നും അതിനെ സ്വന്തം വ്യക്തിത്വം കൊണ്ടും കഴിവുകൊണ്ടും എങ്ങനെ നേരിടാമെന്നും വിജയിക്കാമെന്നുംം ചാന്ദിനി നമുക്കു കാട്ടിത്തരുന്നു.
പുതിയ സിനിമകളിലെ പാട്ടുകളിൽ പലതും ആരും ശ്രദ്ധിക്കാതെ പോകുന്ന ഇക്കാലത്ത് ആനന്ദ് മധുസൂദനൻ എഴുതി സംഗീതം ചെയ്തപാട്ടുകൾ ഒന്നിനൊന്നു മികച്ചതും വീണ്ടും പലവട്ടം കേൾക്കാൻ കൊതിയുണ്ടാക്കുന്നതുമാണ്.
മാരേജ് ബ്രോക്കർ കഥാപാത്രത്തെ അവതരിപ്പിച്ച സലീം അൽത്താഫ്, ഡോക്ടർ കഥാപാത്രത്തെ അവതരിപ്പിച്ച മാലാ പാർവതി, മറ്റൊരു ഡോക്ടർ കഥാപാത്രം അവതരിപ്പിച്ച ജോണി ആൻ്റണിയും കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിൽത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
മറ്റാരു കാര്യം സംവിധാനമാണ്. കഥയോടും കഥാപാത്രങ്ങളോടും ഒന്നിനൊന്നു മികച്ചതാക്കുകയും ചെയ്ത സൂരജ് ടോം ഒരു ചെറിയ വിശേഷത്തെ എങ്ങനെ വലിയൊരു ജനകീയ വിശേഷമാക്കാമെന്നു കാണിച്ചുതരുന്നു.
എൻ്റെ അഭിപ്രായത്തിൽ ഈ സിനിമ കുടുംബസമേതമാണ് കാണേണ്ടത്. ഈ സിനിമയിൽ കാണിച്ചിരിക്കുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ നമ്മുടെ വീടുകളിലും മിക്കപ്പോഴും ഉണ്ടാവാറുള്ളതുതന്നെ. അതിനുമുന്നിൽ പകച്ചു നില്ക്കുകയും തളർന്നുപോവുകയുമാണ് നമ്മളിൽ പലരും ചെയ്യുക. എന്നാൽ അത്തരം പ്രശ്നങ്ങളെ മെയ് വഴക്കത്തോടെയും മനസ്സുറപ്പോടെയും എങ്ങനെ കൈകാര്യം ചെയ്യാമെന്നത് 'വിശേഷം ' നമ്മെ പഠിപ്പിക്കുന്നു എന്നതാണ് വിശേഷവിശേഷണം.