കാസർകോട്: നാല് പതിറ്റാണ്ടിലേറെ നീണ്ട പാർട്ടി ബന്ധത്തിനൊടുവിൽ സി.പി.എമ്മിന്റെ ചുമതലകളിൽനിന്ന് പൂർണമായി മാറിനിൽക്കാൻ തീരുമാനിച്ച് പ്രമുഖ നേതാവ് എം. രാഘവൻ. ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി പോലും പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. വിശാല ജില്ലാ കമ്മിറ്റി യോഗത്തിനു പിന്നാലെ ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയ രാഘവൻ, പാർട്ടി ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കത്ത് നൽകിയതിന് പിന്നാലെ കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ്, കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ഡയറക്ടർ എന്നീ സ്ഥാനങ്ങളും രാഘവൻ രാജിവച്ചു. രാജിക്കത്ത് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർക്ക് കൈമാറിയതായി അദ്ദേഹം അറിയിച്ചു. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം, സി.പി.എം. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം, ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് യൂണിയൻ ജില്ലാ പ്രസിഡന്റ്, എൻ.എച്ച്.എം. എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്, പുരുഷോത്തമൻ മെമ്മോറിയൽ ഫൗണ്ടേഷൻ, അതിയാമ്പൂർ ബാലബോധിനി വായനശാല എക്സിക്യൂട്ടീവ് അംഗം എന്നീ ചുമതലകളിൽനിന്നും ഒഴിവാക്കണമെന്നാണ് കത്തിലെ ആവശ്യം. 41 വർഷമായി പാർട്ടി അംഗമായ താൻ വ്യക്തിപരമായ കാരണങ്ങളാലാണ് മാറിനിൽക്കുന്നതെന്നും രാഘവൻ പറഞ്ഞു.
അന്തരിച്ച സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന രാഘവൻ, അദ്ദേഹത്തോടൊപ്പം രണ്ടു പതിറ്റാണ്ടോളം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പഴ്സനൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കെ.ടി. ജലീൽ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. ഫിഷറീസ് വകുപ്പിൽ ഉദ്യോഗസ്ഥനായിരിക്കെ ഡെപ്യൂട്ടേഷനിലാണ് കോടിയേരിയുടെ പഴ്സനൽ സെക്രട്ടറിയായി തിരുവനന്തപുരത്ത് എത്തിയത്. 2001ൽ സർക്കാർ സേവനത്തിൽനിന്ന് സ്വയം വിരമിച്ച് മുഴുവൻസമയ പാർട്ടി പ്രവർത്തകനായി കാഞ്ഞങ്ങാട്ടേക്ക് മടങ്ങി. എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുമെന്ന് രാഘവൻ പ്രതീക്ഷിച്ചിരുന്നതായാണ് വിവരം. എന്നാൽ തന്നേക്കാൾ ജൂനിയറായ നേതാക്കൾക്ക് പോലും ജില്ലാ കമ്മിറ്റിയിൽ ഇടം ലഭിച്ചിട്ടും തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയാണ് അതൃപ്തിക്ക് കാരണമായത്. വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും നേതൃത്വം പരിഗണിക്കാതിരുന്നതോടെയാണ് പാർട്ടി ചുമതലകളിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന രാഘവന്റെ പിന്മാറ്റം കാസർകോട്ടെ സി.പി.എം. രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സംഭവമായി മാറുകയാണ്.

