PRAVASI

നെടുമ്പാശേരി മിനികൂപ്പർ അപകടം: പ്രതികൾക്ക് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി, കോടതിയിൽ നടന്നത് ശക്തമായ വാദ പ്രതിവാദം

Blog Image

കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ കാർ അപകടത്തിൽ 3 പേർ മരിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചില്ല. ഇന്നലെ വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചക്കാണ് കോടതി വിധി പറഞ്ഞത്. അന്വേഷണത്തിന്‍റെ നിർണായക ഘട്ടമാണെന്നടക്കം ചൂണ്ടിക്കാട്ടിയുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഒന്നാം പ്രതി വാഹനമോടിച്ച സുഹൈൽ സജീവ്, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ ജോയൽ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. ഒന്നാം പ്രതിക്കെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്നുപേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയത്.പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ ശക്തമായ വാദ പ്രതിവാദങ്ങളാണ് ഇന്നലെ നടന്നത്. എഫ് ഐ ആർ രേഖപ്പെടുത്തിയ ദൃക്സാക്ഷിയിൽ ദുരൂഹതയുണ്ടെന്നും, സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തത് അപകടം വിളിച്ചുവരുത്തുന്ന നടപടിയാണെന്നുമടക്കം പ്രതിഭാഗം വാദിച്ചിരുന്നു. എഫ് ഐ ആർ ഇട്ടപ്പോൾ തന്നെ ബി എൻ എസ്. 105 വകുപ്പ് ചുമത്താനുള്ള ഒരു തെളിവുമില്ലായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് ഒരു സെൻസേഷണൽ വാർത്തയ്ക്ക് കാത്തിരിക്കുകയായിരുന്നുവെന്നും, മകൻ കുറ്റകൃത്യം ചെയ്യുമ്പോൾ രക്ഷിതാക്കൾ ക്രൂശിക്കപ്പെടുകയാണെന്നും പ്രതിഭാഗം വാദിച്ചു. ആ സ്‌കൂട്ടറിൽ 3 പേരുണ്ടായിരുന്നു എന്നത് എന്ത് കൊണ്ടു പരിഗണന വിഷയം ആകുന്നില്ല. ഇതൊരു വെറും അപകടം മാത്രമാണ്. ബാക്കിയെല്ലാം മീഡിയ ചാർത്തിയത് ആണെന്നും പ്രതിഭാഗം അഭിപ്രായപ്പെട്ടിരുന്നു. സ്‌കൂട്ടറിൽ 3 പേരല്ലേ ഉണ്ടായിരുന്നതെന്നും അതും അപകടം വിളിച്ചു വരുത്തുന്ന നടപടി അല്ലേ എന്ന പ്രതിഭാഗത്തിന്‍റെ ചോദ്യത്തിന് കോടതി തന്നെ മറുചോദ്യം ഉന്നയിച്ചിരുന്നു. മൂന്ന് പേര് ഒരുമിച്ച് പോയത് കൊണ്ടാണോ ഇടിച്ചത് എന്നായിരുന്നു ജഡ്ജിന്റെ മറു ചോദ്യം. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം അവരെ ഇനി ശിക്ഷിക്കാൻ ആകില്ലെന്നും മരിച്ചു പോയല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികൾക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷന്‍റെ ശക്തമായ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിറക്കിയത്. പ്രതികൾക്ക് എതിരായി പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും, മൂത്രം, രക്തം എന്നിവ പരിശോധിച്ചതിൽ നിന്ന് ഇവർ മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രഥമദൃഷ്ട്യ തെളിവുണ്ടെന്നും 19 വയസെങ്കിലും ചെയ്ത കുറ്റവും അതിന്‍റെ ഭവിഷത്തും വ്യക്തമായി അറിയാവുന്ന ആളാണ് സുഹൈലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വണ്ടിയുടെ ഇ ഡി ആർ (EDR) പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിലൂടെ അപകടത്തിന്റെ ആഘാതം തെളിയുമെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷൻ, അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ഇപ്പോൾ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.