സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും (Anirudh Ravichander) സൺറൈസേഴ്സ് ഹൈദരാബാദ് സി.ഇ.ഒ. കാവ്യ മാരനും 2026 നവംബറിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ. നവംബർ 21-ന് ചെന്നൈയിൽ വിവാഹസൽക്കാരം നടക്കുമെന്നാണ് വിവരം. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സമൂഹമാധ്യമത്തിലൂടെ സൽക്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചതോടെയാണ് ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.
വിവാഹസൽക്കാരത്തിലേക്ക് പ്രമുഖരെ ക്ഷണിക്കുന്നതിന്റെ ഭാഗമായി സൺ ടിവി ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും അനിരുദ്ധും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തമിഴ്നാട് മുഖ്യമന്ത്രിയെയും സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ വിവാഹവാർത്ത വീണ്ടും ശ്രദ്ധ നേടി.സൺ ടിവി നെറ്റ്വർക്കിന്റെ ഉടമസ്ഥതയിലുള്ള തമിഴ് വാർത്താ ചാനലായ സൺ ന്യൂസാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എക്സിലൂടെ പങ്കുവച്ചത്. കലാനിധി മാരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് കാവ്യ മാരന്റെയും അനിരുദ്ധ് രവിചന്ദറിന്റെയും വിവാഹസൽക്കാരത്തിലേക്കുള്ള ക്ഷണക്കത്ത് കൈമാറിയെന്നാണ് പോസ്റ്റിലുള്ളത്. കുടുംബാംഗങ്ങളും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ, പുറത്തുവിട്ട ചിത്രങ്ങളിൽ അനിരുദ്ധിനെ കാണാനില്ല.

