TS എലിയറ്റ് ന്റെ The Waste Land എന്ന വിശ്വവിഖ്യാതമായ ഖണ്ഡകാവ്യത്തിന്റെ വിശദമായ ഒരു ഭാഷാപഠനമാണ് ശ്രീ. രൺജിത് നടവയൽ എഴുതിയ “തരിശുഭൂമിയിലൂടെ” എന്ന ഗ്രന്ഥം.
എലിയറ്റിന്റെ The Waste Land ന്റെ ചരിത്രപരവും സാഹിത്യപരവുമായ പ്രാധാന്യം മലയാളികൾക്ക് മനസ്സിലാകും വിധമാണ് രൺജിത് ഈ പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്.
ആധുനിക ആംഗലേയ സാഹിത്യത്തിലെ അഗ്രഗണ്യനായ TS എലിയറ്റ് രചിച്ച The Waste Land നു ആധുനികസാഹിത്യപരവും ചരിത്രപരവുമായ ഒരു ദൗത്യമാണ് ഉള്ളത്. ഒന്നാം ലോകയുദ്ധത്തിനു ശേഷമുള്ള പാശ്ചാത്യലോകത്തിന്റെ ചിന്താധാരകളെ, സാംസ്കാരികവിചാരങ്ങളെ കീഴ്മേൽ മറിക്കുന്ന മാറ്റങ്ങൾ ഉണ്ടായതിന്റെ അനുരണനങ്ങൾ സാഹിത്യത്തിലും പ്രത്യക്ഷമായതിന്റെ ഫലമായി അനേകം രചനകൾ പശ്ചാത്യനാടുകളിൽ ഉണ്ടായി. റിയാലിസവും ആധുനികതയും സംഘർഷമാത്മമായ യുദ്ധാനന്തരജീവിതവും തമ്മിലുള്ള സമരസവും സമരവും സാഹിത്യത്തിലും പ്രത്യക്ഷമായപ്പോൾ ഭൗതികലോകവും ആത്മീയലോകവും തമ്മിലുള്ള സംഘർഷങ്ങളും രചനാവിഷയങ്ങളായതിന്റെ ഉത്തമ ഉദാഹരണമാണ് The Waste Land.

സദാചാരത്തിന്റെ സകല കെട്ടുകളും പൊട്ടിച്ചെറിഞ്ഞ മനുഷ്യന്റെ പുതുയാത്ര ഭൗതികമായ സകലതിനെയും ചേർത്തുവയ്ക്കുകയും ആത്മീയമായതിനെ ചോദ്യം ചെയ്യുകയും പുതിയ അന്വേഷണങ്ങളിലേക്ക് ചുവടുവയ്ക്കുകയും ചെയ്യുന്ന കാഴ്ച എലിയറ്റ് വരച്ചുവച്ചു. പ്രതീക്ഷയുടെ ഒരു നവയുഗം തുറന്നുതരികയും ചെയ്യുന്നു ഈ ഖണ്ഡകാവ്യം.
ഈ ഗ്രന്ഥത്തിന്റെ ഒരു പരിചയപെടുത്തലും പഠനവുമാണ് തരിശഭൂമിയിലൂടെ ശ്രീ. രൺജിത് നിർവഹിച്ചിരിക്കുന്നത്. ഒറ്റ വായനയിൽ തന്നെ, ഈ ശ്രമത്തിന്റെ അക്കാദമിക പ്രാധാന്യവും വിദ്യാർത്ഥികൾക്ക് അതുകൊണ്ടുള്ള പ്രയോജനവുമാണ് മനസ്സിൽ കൊണ്ടത് എന്നതിനാൽ വളരെ പ്രശംസനീയമാണ് ഈ പഠനം. വേണ്ടത്ര ഗൗരവത്തോടെ, റഫറൻസോടെ, മൂലകൃതിയുടെ സത്ത് സൂക്ഷ്മമായി അവതരിപ്പിക്കുകയും ഒരു അധ്യാപകന്റെ അവധാനതയോടെ അനുവാചകർക്കായി സമർപ്പിക്കുകയും ചെയ്യുന്നുണ്ട്.
The Waste Land ന്റെ ചരിത്രപരമായ പ്രാധാന്യം ആമുഖമായി പറഞ്ഞും കാവ്യത്തിന്റെ സവിശേഷതകൾ എടുത്തുകാട്ടിയും പഠനം ആരംഭിക്കുന്നു എന്നത് സുപ്രധാനമാണ്.
തുടർന്നാണ് ഖണ്ഡങ്ങളിലൂടെ, വരികളിലൂടെയുള്ള യാത്ര. അവയ്ക്കെല്ലാം തന്റെതായ വ്യാഖ്യാനങ്ങളും രചയിതാവ് നൽകുന്നുണ്ട് എന്നതിന് ഉദാഹരണങ്ങൾ ഏറെയുണ്ട്.
ആധുനികമായ ആത്മീയതയുടെ വരൾച്ച വ്യക്തമാക്കുന്ന Tristan ന്റെ ആത്മഗതങ്ങളിലെ Oed' und leer das Meer" (German phrase) എന്നത് ഇംഗ്ലീഷിൽ "Desolate and empty is the sea" എന്നാണ്. ഈ ആശയത്തെ ലളിതമായും തെളിമയുടെയും ഡോ. അയ്യപ്പപ്പണിക്കർ ഭാഷയിലാക്കിയിട്ടുണ്ട് (കടലോ വിജനം ശൂന്യം). ഇങ്ങനെ ചില ഉൾപ്പെടുത്തലും ഉള്ളതിനാൽ The Waste Land എന്ന കാവ്യത്തിന്റെ ഭാഷാപഠനം എത്ര സൂക്ഷ്മമായാണ് രൺജിത് ചെയ്തതെന്നും കാണിക്കുന്നുണ്ട്. മൂലകൃതിയുടെ കാമ്പിനെയും ഉൾക്കാമ്പുകളെയും കൃത്യമായി മലയാളികൾക്ക് പരിചയപ്പെടുത്തുന്ന “തരിശുഭൂമി” പൗരാണികഭാരതീയ ദർശനങ്ങളെയും തത്വചിന്തകളെയും ഉൾക്കൊണ്ടുള്ള താരതമ്യം എലിയറ്റ് ചെയ്ത അതേ ഗരിമയിൽ നടത്തുന്നുണ്ട്.
ഉപസംഹാരമായി മൂലകൃതിയിലെ തെരഞ്ഞെടുത്ത പദങ്ങളുടെയും പ്രയോഗങ്ങളുടെയും പ്രത്യക്ഷവും ആന്തരീകവുമായ അർത്ഥതലങ്ങളെ വായനക്കാർക്കായി വിശദീകരിക്കുന്നുമുണ്ട് എന്നത് പ്രത്യേകം പ്രശംസനീയം.
എന്തുകൊണ്ടും ഈ പഠനം വിദ്യാർത്ഥികൾക്കും ആംഗലേയ കാവ്യപ്രേമികൾക്കും ഒരു മാതൃകയാണ്. ഇതിന്റെ പിന്നിലുള്ള പരിശ്രമം അനുവാചകർ മനസ്സിലാക്കുകയും ചെയ്യും. ഇനിയും ഇത്തരം പഠനങ്ങൾ ശ്രീ രൺജിത് നടവയലിൽ നിന്നും പ്രതീക്ഷിക്കുന്നു.
പുസ്തകം പ്രസിദ്ധീകരിച്ചത് ലോഗോസ് ആണ്.

ഡോ. അജയ് നാരായണൻ

