PRAVASI

ഇന്ത്യന്‍ അമൃതിന് മൂന്ന് ഗോള്‍ഡ് മെഡല്‍; സ്‌കോച്ച് വിസ്‌കി വമ്പൻ ബ്രാന്‍ഡുകള്‍ ഔട്ട്

Blog Image

ലോക വിസ്‌കി മത്സരത്തില്‍ രാജ്യത്തെ പ്രമുഖ വിസ്‌കി നിര്‍മ്മാണ കമ്പിനിയായ അമൃത് ഡിസ്റ്റിലറീസിന്റെ ബ്രാന്‍ഡുകള്‍ക്ക് ഗോള്‍ഡ് മെഡല്‍. ഈ വര്‍ഷത്തെ സാന്‍ ഫ്രാന്‍സിസ്‌കോ വേള്‍ഡ് സ്പിരിറ്റ്‌സ് മത്സരത്തിലാണ് (San Francisco World Spirits Competition (SFWSC) അമൃതിന്റെ മൂന്ന് പ്രധാന ബ്രാന്‍ഡുകള്‍ക്ക് ഇരട്ട സ്വര്‍ണമെഡലുകള്‍ നേടിയത്. ലോകോത്തര സ്‌കോച്ച് വിസ്‌കി ബ്രാന്‍ഡുകളെ പിന്തള്ളിയാണ് ഈ അപൂര്‍വ നേട്ടം.

അമൃത് ഡിസ്റ്റിലറീസിന്റെ പ്രധാന വിസ്‌കി ബ്രാന്‍ഡുകളായ അമൃത് ഫ്യൂഷന്‍ സിംഗിള്‍ മാള്‍ട്ട് (Amrut Fusion Single Malt) (ഇരട്ട സ്വര്‍ണം), അമൃത് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് (Amrut Indian Single Malt) ( ഇരട്ട സ്വര്‍ണം ), അമൃത് കുറിഞ്ഞി ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് (Amrut Kurinji Indian Single Malt) (ഇരട്ട സ്വര്‍ണം ), അമൃത് പീറ്റഡ് ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് (Amrut Peated Indian Single Malt) എന്നീ ബ്രാന്‍ഡുകളാണ് ലോക മത്സരത്തില്‍ ബെസ്റ്റ് വിസ്‌കി ബ്രാന്‍ഡുകളായി തിരഞ്ഞെടുത്തത്. ഈ രംഗത്തെ ലോക പ്രശസ്ത ജപ്പാന്‍, സ്‌കോട്ട്‌ലണ്ട് വിസ്‌കി ബ്രാന്‍ഡുകളെ ബഹുദൂരം പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്.


ബെംഗളൂരു ആസ്ഥാനമായുള്ള അമൃത് ഡിസ്റ്റിലറീസിന്റെ ഫ്‌ലാഗ്ഷിപ്പ് സിംഗിള്‍ മാള്‍ട്ട് വിസ്‌കിയായ അമൃത് ഫ്യൂഷന്‍ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായ ഉല്‍പ്പന്നം. ഈ ബ്രാന്‍ഡിനെ വെല്ലുന്ന ഒരു വിസ്‌കിയും ഇല്ലെന്നായിരുന്നു വിധികര്‍ത്താക്കളുടെ കമന്റ്. ലോകം മുഴുവന്‍ അമൃത് ഫ്യൂഷന്റെ ആരാധകര്‍ ഏറെയാണെന്നും വിലയിരുത്തപ്പെട്ടുന്നുണ്ട്. ലോകപ്രശസ്ത വിസ്‌കി ബ്രാന്‍ഡുകളെ പരാജയപ്പെടുത്തി അമൃത് ഡിസ്റ്റിലറീസ് കഴിഞ്ഞ കുറെ നാളുകളായി ഈ രംഗത്ത് ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. ഗുണനിലവാരമുള്ള സിംഗിള്‍ മാള്‍ട്ട് വിസ്‌കിയ്ക്ക് പേരുകേട്ട ലോകബ്രാന്‍ഡായി അമൃത് മാറി.


ഗുണനിലവാരവും രുചിയും നില നിര്‍ത്തുന്നതില്‍ തങ്ങള്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ലെന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് കമ്പിനി എംഡി രക്ഷിത് എന്‍ ജഗ്ദാലെ (Rakshit N Jagdale ) പറഞ്ഞു. ലോക നിലവാരമുള്ള ബ്രാന്‍ഡ് എന്ന പദവി നിലനിര്‍ത്താന്‍ കഠിന പ്രയത്‌നവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന ഇന്റര്‍നാഷണല്‍ സ്പിരിറ്റ് ചലഞ്ചിലും അമൃത് ഉല്പന്നങ്ങള്‍ക്കാണ് മികച്ച അവാര്‍ഡുകള്‍ എല്ലാം ലഭിച്ചത്. ചലഞ്ചിന്റെ 29-ാം പതിപ്പിലെ ‘വേള്‍ഡ് വിസ്‌കി’ വിഭാഗത്തില്‍ അമൃത് ഡിസ്റ്റിലറീസ് അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടിയിരുന്നു. രാജ്യാന്തര മദ്യനിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെയും സമാനതകളില്ലാത്ത ഗുണനിലവാരത്തെയും അടിവരയിടുന്നതാണ് ഈ വിജയങ്ങള്‍. ഇതോടെ ആഡംബര സ്പിരിറ്റുകളുടെ മുന്‍നിര നിര്‍മ്മാതാവ് എന്ന നിലയില്‍ അമൃത് ഡിസ്റ്റിലറീസ് ആഗോളതലത്തില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.


കര്‍ണാടകക്കാരനായ രാധാകൃഷ്ണ ജഗ്ദാലെ 1948-ല്‍ സ്ഥാപിച്ചതാണ് അമൃത് ഡിസ്റ്റിലറീസ്. ബാംഗ്ലൂരിലെ രാജാജി നഗറിലാണ് കമ്പിനിയുടെ ആസ്ഥാനം. സില്‍വര്‍ കപ്പ് ബ്രാണ്ടിയായിരുന്നു അവരുടെ ആദ്യ ഉല്‍പ്പന്നം. ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, സിംഗപ്പൂര്‍, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്വാന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ അമൃത് ഡിസ്റ്റിലറീസിന്റെ വിസ്‌കി വില്‍ക്കുന്നുണ്ട്.

ലോകപ്രശസ്ത എഴുത്തുകാരനും, വിസ്‌കി നിരൂപകനുമായ ജിം മുറെ, 2005ലും 2010ലും 100 ല്‍ 82 എന്ന റേറ്റിംഗ് നല്‍കിയതിന് ശേഷമാണ് ബ്രാന്‍ഡ് പ്രശസ്തമായത്. 2010 ല്‍ അമൃത് ഫ്യൂഷന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കിയെ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിസ്‌കിയായി മുറെ തിരഞ്ഞെടുത്തു. വിലയും നിലവാരവും കുറഞ്ഞതാണ് ഇന്ത്യന്‍ വിസ്‌കിയെന്നുള്ള പൊതു അഭിപ്രായം മാറ്റാന്‍ ബ്രാന്‍ഡിന് കഴിഞ്ഞെന്ന് അമേരിക്കന്‍ മാസികയായ വിസ്‌കി അഡ്വക്കേറ്റിന്റെ എഡിറ്ററായ ജോണ്‍ ഹാന്‍സെല്‍ എഴുതിയതോടെ അമൃത് വിസ്‌കി ബ്രാന്‍ഡുകള്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്ക് മാറി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.