PRAVASI

തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു

Blog Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി മരവിപ്പിച്ചത്. അന്തിമ വിധി വരും വരെ താത്ക്കാലികമായാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. അതേസമയം ആന്റണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനില്‍ക്കും.
മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചുകൊണ്ടുള്ള നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആന്റണി രാജു തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. തന്റെ വാദങ്ങള്‍ പൂര്‍ണമായും കേള്‍ക്കാതെയായിരുന്നു കോടതി കുറ്റക്കാരനാക്കി കണ്ടെത്തി ശിക്ഷ വിധിച്ചതെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം.
ആദ്യഘട്ടത്തില്‍ മൂന്ന് പേരെയായിരുന്നു കേസില്‍ പ്രതി ചേര്‍ത്തിരുന്നത്. അക്കാര്യങ്ങളൊന്നും കോടതി പരിഗണിച്ചില്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടിയിരുന്നു. ആ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചത്. ശിക്ഷാ വിധി മരവിപ്പിച്ചതുകൊണ്ട് ആന്റണി രാജുവിന്റെ അയോഗ്യത റദ്ദാക്കപ്പെടില്ല. കോടതിയുടെ അന്തിമ വിധിക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂ.ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ ജനുവരി മൂന്നാം തീയതിയായിരുന്നു ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലാര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു കോടതി ആന്റണി രാജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതേ ദിവസം തന്നെ ആന്റണി രാജുവിനുള്ള ശിക്ഷയും കോടതി വിധിച്ചിരുന്നു. മൂന്ന് വര്‍ഷം തടവിന് പുറമേ പതിനായിരം രൂപ പിഴയും കോടതി വിധിച്ചിരുന്നു.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയാണ് പിടിയിലായത്. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്നു സര്‍വലിയുടെ അടിവസ്ത്രം.
 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.