കേരള രാഷ്ട്രീയത്തിലെ അതികായനായ പി.ജെ. ജോസഫ് തന്റെ പാർലമെന്ററി രാഷ്ട്രീയ ലോകം മകൻ അപുവിന് കൈമാറുകയാണ്. 1955-ൽ പുറത്തിറങ്ങിയ സത്യജിത് റേയുടെ 'പഥേർ പാഞ്ചാലി’യിലെ നായക കഥാപാത്രത്തോടുള്ള ഇഷ്ടം മൂലമാണ് അദ്ദേഹം മകന് അപു ജോൺ ജോസഫ് എന്ന് പേരിട്ടത്. ഇപ്പോൾ സത്യജിത് റേയുടെ അപു ത്രയങ്ങളിലെ അവസാന ചിത്രമായ 'അപുർ സൻസാർ’ (അപുവിന്റെ ലോകം) പോലെ, തന്റെ തട്ടകമായ തൊടുപുഴ മണ്ഡലം മകനായി മാറ്റിവെച്ച് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണ് . താനൊരു 'നെപ്പോ കിഡ്’ അല്ലെന്നും പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് കഠിനാധ്വാനം ചെയ്ത് വളർന്നുവന്നതാണെന്നും അപു വ്യക്തമാക്കുന്നു.
.jpg)
വിദ്യാഭ്യാസവും വിദേശത്തെ ജോലി പരിചയവും
മികച്ച വിദ്യാഭ്യാസ പശ്ചാത്തലവുമായാണ് അപു രാഷ്ട്രീയത്തിലേക്ക് വരുന്നത്. തൊടുപുഴ ഡീ പോൾ പബ്ലിക് സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും, എറണാകുളം സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് പ്രീ ഡിഗ്രി പഠനവും പൂർത്തിയാക്കി. തുടർന്ന് കോയമ്പത്തൂരിലെ കുമരഗുരു കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ബി ടെക് ബിരുദം നേടിയ അദ്ദേഹം പൂനെയിലെ മാക്സ് മുള്ളർ ഭവനിൽ നിന്ന് ജർമ്മൻ ഭാഷാ പഠനവും പൂർത്തിയാക്കി. തിരുവനന്തപുരം ടെക്‌നോപാർക്കിലെ IBS-ൽ ടീം ഹെഡ് ആയി സേവനമനുഷ്ഠിച്ച ശേഷം സ്വിറ്റ്‌സർലൻഡിലെ സ്വിസ് എയറിൽ സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പൊതുപ്രവർത്തനത്തിലേക്കുള്ള ചുവടുവെപ്പ്
2008-ൽ നാട്ടിൽ തിരിച്ചെത്തിയ അപു കാർഷിക മേഖലയിലേക്കും ഗാന്ധിജി സ്റ്റഡി സെന്റർ, ജോക്കുട്ടൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയിലൂടെ പൊതുപ്രവർത്തനത്തിലേക്കും പ്രവേശിച്ചു. ഈ പ്രവർത്തനങ്ങളിലൂടെ തൊടുപുഴയിലെ അശരണർക്ക് തണലാകാൻ അദ്ദേഹത്തിന് സാധിച്ചു. തൊടുപുഴയുടെ ഉത്സവമായ കാർഷികമേളയിലൂടെ തന്റെ സംഘടനാ മികവ് അദ്ദേഹം തെളിയിച്ചു. പാർട്ടിയുടെ സാധാരണ പ്രവർത്തകനിൽ നിന്ന് സ്റ്റിയറിംഗ് കമ്മിറ്റിയിലേക്കും പിന്നീട് ഹൈ പവർ കമ്മിറ്റിയിലേക്കും പടിപടിയായി അദ്ദേഹം വളർന്നു.
ഡിജിറ്റൽ യുഗത്തിലേക്കൊരു പാർട്ടി
തന്റെ ഐടി പശ്ചാത്തലം ഉപയോഗപ്പെടുത്തി പാർട്ടിയെ കൂടുതൽ ശക്തമാക്കാൻ അപു പരിശ്രമിക്കുന്നു. പാർട്ടിയുടെ ഐടി വിഭാഗം സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം പാർട്ടി അംഗങ്ങളുടെ പൂർണ്ണമായ ഡാറ്റാബേസും അംഗത്വത്തിനുള്ള വെബ്സൈറ്റും തയ്യാറാക്കി. നിലവിൽ കേരള കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററായി അദ്ദേഹം പ്രവർത്തിക്കുന്നു.
രാഷ്ട്രീയ തന്ത്രങ്ങളും തലമുറമാറ്റവും
പാർട്ടിയിൽ തലമുറമാറ്റം നേരത്തെ തുടങ്ങിയെന്നും 2020-ൽ 25 ആയിരുന്ന ജനപ്രതിനിധികളുടെ എണ്ണം 2025-ൽ 56 ആയി ഉയർന്നത് ഇതിന് തെളിവാണെന്നും അപു ചൂണ്ടിക്കാട്ടുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റിൽ അപു മത്സരിക്കുകയാണെങ്കിൽ സീറ്റ് വിട്ടുതരാമെന്ന് കോൺഗ്രസ് നിർദ്ദേശിച്ചിരുന്നുവെങ്കിലും, പാർട്ടിയുടെ അധികാര കേന്ദ്രം തൊടുപുഴയിൽ നിലനിർത്തുന്നതിനായി പി.ജെ. ജോസഫ് അത് നിരസിക്കുകയായിരുന്നു.
.jpeg)
ജനസമ്പർക്കപരിപാടികൾ തിരിച്ചു വരണം
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലഘട്ടത്തില്‍ യു.ഡി.എഫ്. നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തുകയും സമരം ചെയ്യുകയും ചെയ്തു. അത് ഫലം കണ്ടില്ല. അവസാനത്തെ ആറു മാസക്കാലം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയത് വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ഒടുവില്‍ എല്ലാവര്‍ക്കും സമ്മാനമായി കിറ്റും കൊടുത്തു. അതോടെ പിണറായി സര്‍ക്കാരിന് രണ്ടാമതും ഭരണം കിട്ടി. അന്ന് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടോ എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. എല്ലാക്കാലത്തും ജനങ്ങളെ പറ്റിക്കാന്‍ സാധിക്കുമോ? ഇന്ന് സാധാരണജനങ്ങളെ ബാധിക്കുന്ന കറണ്ട് ചാര്‍ജ്, വെള്ളക്കരം, ഭൂനികുതി ഇതിനെല്ലാം അതിഭയങ്കരമായ ചാര്‍ജ് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയുള്ള ജനസമ്പര്‍ക്ക പരിപാടികളും ഏറെ ഗുണം ചെയ്യുന്നുവെന്ന് അപു വ്യക്തമാക്കി
വിദേശ കുടിയേറ്റം
വിദേശത്തേക്കുള്ള കുടിയേറ്റം ജനാധിപത്യ പാര്‍ട്ടികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടുതല്‍ ജീവിതസൗകര്യങ്ങള്‍ തേടുവാന്‍ ഓരോരുത്തര്‍ക്കും പൂര്‍ണ്ണമായ സ്വാതന്ത്ര്യമുണ്ട്. യുവജനങ്ങളെ ഇവിടെ നിലനിര്‍ത്തുവാന്‍ ജീവിതസൗകര്യങ്ങളും പദ്ധതികളും കൊണ്ടുവരേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മാറ്റങ്ങള്‍ ഉണ്ടാകും. പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ പ്ലസ്ടു, സ്വാശ്രയ സംവിധാനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കി. അന്നത്തെ സര്‍ക്കാരില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയാണ് അതു നടപ്പിലാക്കിയത്.
കാര്‍ഷിക മേഖല
മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വളരെയധികം ചെയ്യുവാന്‍ സാധിക്കും. കാര്‍ഷിക രംഗത്ത് വിജയക്കൊടി പാറിച്ച നിരവധി ചെറുപ്പക്കാരുണ്ട്. അതിനെ പോസിറ്റീവായി അവതരിപ്പിക്കുവാന്‍ പലപ്പോഴും കഴിയാറില്ല. കൃഷിക്കാരനെ ഒരു സംരംഭകനാക്കി മാറ്റണം. ഒന്നിലധികം ആള്‍ക്കാര്‍ ഒരുമിച്ചു ചേര്‍ന്ന് ചെറിയചെറിയ കുടില്‍ വ്യവസായങ്ങള്‍ ആരംഭിക്കണം. വിവിധ തരത്തിലുള്ള ഉല്പന്നങ്ങളെ വ്യത്യസ്ത രീതികളില്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. ഒരു കര്‍ഷകമനസ്സിന്‍റെ ഉടമയായ അപുവിന് കാര്‍ഷിക മേഖലയുടെ വികസനം എപ്പോഴും ഒരു ആവേശമാണ്.
.jpeg)
വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ
പ്രീ-പ്രൈമറി വിദ്യാഭ്യാസ രംഗത്ത് വളരെക്കുറിച്ച് പണമാണ് നമ്മള്‍ മുടക്കുന്നത്. എന്നാല്‍, വിദേശത്തെ സ്കൂളുകളില്‍ ചെറുപ്രായത്തില്‍ തന്നെ പൗരബോധം വളര്‍ത്തുന്ന കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാറുണ്ട്. ജീവിതത്തില്‍ ചെയ്യേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍ അവരെ പഠിപ്പിക്കും. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്തു ചെയ്യണമെന്ന് അവര്‍ക്കറിയാം. നമ്മുടെ വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങള്‍ ഉണ്ടാകണം.അതിനുള്ള ശ്രമങ്ങൾ തുടരണം .
പ്രതീക്ഷയോടെ യുഡിഎഫ്;
കേരളത്തില്‍ ഭരണം ഉണ്ടാകും
ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ജോസഫ് വിഭാഗം വലിയ മുന്നേറ്റം നടത്തുമെന്നും അപു ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വാക്കിലെ സൗമ്യതയും നിലപാടിലെ വ്യക്തതയും ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാത്ത പക്വതയും അപുവിനെ പ്രവർത്തകർക്കിടയിൽ സ്വീകാര്യനാക്കുന്നു. തൊടുപുഴയുടെ വികസന നായകനായ പി.ജെ. ജോസഫിന്റെ പിൻഗാമിയായി അപു എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് മണ്ഡലം.
.jpg)

