VAZHITHARAKAL

(അഭിമുഖം) ഫോമാ തെരഞ്ഞെടുപ്പ് സുതാര്യമാക്കും : മാത്യു ചെരുവിൽ ( ഫോമാ ഇലക്ഷൻ കമ്മീഷണർ )

Blog Image

അമേരിക്കൻ മലയാളി സംഘടനകളുടെ ചരിത്രത്തിൽ അതിൻ്റെ തെരഞ്ഞെടുപ്പുകൾക്ക്  വലിയ പ്രാധാന്യമുണ്ട്. പുതിയ ഭരണകർത്താക്കളുടെ കടന്നു വരവ് മാത്രമല്ല , മറിച്ച് ഒരു ജനാധിപത്യ പ്രക്രിയയിലെ പൗരൻ്റെ അവകാശമായ " വോട്ട് " എന്ന അവകാശത്തെ കൃത്യമായി ഉപയോഗിക്കുവാനും അതിൻ്റെ പിന്നിലെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും , സൗഹൃദം പങ്കുവെയ്ക്കാനും ഒന്നിച്ച് കൂടുവാനും ലഭിക്കുന്ന അസുലഭ നിമിഷം. തെരഞ്ഞെടുപ്പും അതിൻ്റെ ജയാപജയങ്ങളും സംഘടനകൾക്ക് ഹരമാണെങ്കിലും സദാ ജാഗരൂഗരായി ഈ പ്രക്രീയയെ നിയന്ത്രിക്കുന്ന ഒരു ഘടകവും  നിഷ്പക്ഷരായ ചില മനുഷ്യരും ഇവിടെ ഉണ്ട്. അതാണ് ഇലക്ഷൻ കമ്മീഷനും അവയെ നിയന്ത്രിക്കുന്ന ഇലക്ഷൻ കമ്മീഷണർമാരും.

അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനയായ ഫോമയുടെ വാർഷിക തെരഞ്ഞെടുപ്പ് ഫോമാ അന്തർദ്ദേശീയ  കൺവൻഷൻ  ഹ്യൂസ്റ്റണിൽ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ ഫോമാ തെരഞ്ഞെടുപ്പ് രംഗവും സജീവമാണ്. മാസങ്ങൾക്ക് മുൻപേ ഇവിടെയും പ്രചാരണ രംഗം ചൂടുപിടിച്ചു കഴിഞ്ഞു. ഫോമാ ഇത്തവണ ഇലക്ഷൻ കമ്മീഷൻ ചെയർമാനായി തെരഞ്ഞെടുത്തിരിക്കുന്നത് ഫോമയുടെ സൗമ്യ സാന്നിദ്ധ്യവും ഫോമായുടെ തുടക്കം മുതൽ സന്തത സഹചാരി യും സംഘടനയുടെ നിരവധി പദവികൾ അലങ്കരിക്കുകയും ഫോമായെ കുറിച്ച് വിശാലമായ 
കാഴ്ചപ്പാടുമുള്ളതുമായ മാത്യു ചെരുവിൽ ആണ്. തൻ്റെ ആശയങ്ങളും കാഴ്ചപ്പാടുകളും കേരളാ എക്സ്പ്രസ്സുമായി അദ്ദേഹം പങ്കു വെയ്ക്കുന്നു.

ചോ: ഒരു സംഘടനയുടെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നതും ഏറെ ശ്രദ്ധിക്കപ്പെടുന്നതുമായ ഭാഗം ആ സംഘടനയുടെ തെരഞ്ഞെടുപ്പാണ്. ഫോമായുടെ ഇലക്ഷൻ കമ്മീഷണർ ആയി തെരഞ്ഞെടുത്തുവല്ലോ ? എന്തു തോന്നുന്നു

അഭിമാനം തോന്നുന്ന നിമിഷമാണ് ഇതെല്ലാം. കാരണം ഫോമായുടെ ഇലക്ഷൻ കമ്മീഷണർ ആയി പ്രവർത്തിക്കുക എന്നത് നിർണ്ണായകമായതും , ഉത്തരവാദിത്വം കൂടുൽ ഉള്ള ഒരു പദവിയായിട്ടാണ് ഞാൻ കാണുന്നത്. ഞാനും ഒപ്പമുള്ള സഹപ്രവർത്തകരും ഫോമായുടെ പ്രവർത്തനങ്ങളിലൂടെ കടന്നു വന്നവരാണ് . ഒരു തെരഞ്ഞെടുപ്പ് നടത്തുക എന്നത് അത്ര നിസ്സാര കാര്യമല്ല എന്ന് മുൻ തെരഞ്ഞെടുപ്പുകളെ വിലിരുത്തി ഞങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും സുതാര്യമായ രീതിയിൽ ഫോമാ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഇലക്ഷൻ കമ്മീഷൻ്റെ ദൗത്യം . പരാതികൾ ഉണ്ടാകുമ്പോഴാണ് പല തെരഞ്ഞെടുപ്പുകളും കേസുകളിലേക്കും മറ്റും പോകുന്നത്. അത്തരം സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുകയാണ് പ്രധാനം.എങ്കിൽ മാത്രമേ ഞാൻ പറഞ്ഞതുപോലെ സുതാര്യമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുവാൻ സാധിക്കുകയുള്ളു. ഫോമയെ സംബന്ധിച്ചിടത്തോളം ആരംഭകാലം മുതൽ ഒത്തൊരുമയോടു കൂടിയ പ്രവർത്തനവും മികച്ച സംഘാടനവും ഈ സംഘടനയെ ലോകത്തിലെ തന്നെ അറിയപ്പെടുന്ന സംഘടനയാക്കി മാറ്റിയിട്ടുണ്ട്.

ചോദ്യം: ആരംഭം മുതലുള്ള ഫോമായുടെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു ?

ഒരു സംഘാടകൻ എന്ന നിലയിലും, ഫോമയുടെ ഭാഗമായ പ്രവർത്തകൻ എന്ന നിലയിലും ഫോമാ ഏവർക്കും മാതൃകയായ സംഘടനയാണ്. അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ  ഫെഡറേഷൻ എന്ന നിലയിൽ സ്ഥാപക പ്രസിഡൻ്റ് ശശിധരൻ നായരുടെ നേതൃത്വം മുതൽ ഇപ്പോൾ ബേബി മണക്കുന്നേൽ വരെ ഉള്ളവരുടെ നേതൃത്വം ഈ സംഘടനയ്ക്ക് നൽകിയ ശക്തി ചെറുതല്ല. ഫോമാ അമേരിക്കയിലും കേരളത്തിലും മലയാളികളുടെ ജീവൽ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെട്ടിട്ടുണ്ട്. കേരളത്തിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് നൽകിയ സംഭാവനകൾ ചെറുതല്ല. വിവിധ കാലങ്ങളിലായി കേരളത്തിൽ പാർപ്പിടം ഇല്ലാത്ത സാധാരണ ജനങ്ങൾക്ക് ഫോമാ നൽകിയ വീടുകൾ ഇന്നും അവർക്ക് തണലായി നിലകൊള്ളുന്നു . ജോൺ ടൈറ്റസ് പ്രസിഡൻ്റായിരുന്ന സമയത്ത് നൽകിയ 35 ഓളം വീടുകൾ, പിന്നീട് കേരളത്തിലെ മഹാ പ്രളയത്തിന് ശേഷം ഫിലിപ്പ് ചാമത്തിൽ പ്രസിഡൻ്റായ സമയത്ത് തിരുവല്ല പുളിക്കീഴ് നിർമ്മിച്ച ഫോമാ വില്ലേജ് പ്രോജക്ട് ഒക്കെ ഫോമയെ അടയാളപ്പെടുത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. അത് കൂടാതെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ , രണ്ട് വർഷത്തിനിടയിൽ കേരളത്തിൽ ഫോമാ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകൾ , മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാം ഫോമാ എന്ന അമേരിക്കൻ പ്രവാസി സംഘടനയ്ക്ക് കേരള സമൂഹത്തിലും അമേരിക്കൻ മലയാളി സമൂഹത്തിലും ലഭിച്ച അംഗീകാരം വളരെ വലുതാണ്. ഇതിനെല്ലാം കാരണമായത് ഫോമയുടെ തുടക്കം മുതൽ  ഇന്ന് വരെ ലഭിച്ച ജനപിന്തുണയാണ് എന്നതിൽ സംശയമില്ല.


ചോദ്യം: ബേബി മണക്കുന്നേൽ ടീമിൻ്റെ പ്രവർത്തനങ്ങളെ എങ്ങനെ നോക്കിക്കാണുന്നു ?

ബേബി മണക്കുന്നേൽ മികച്ച സംഘാടകനാണ് എന്നതിൻ്റെ തെളിവാണ് കഴിഞ്ഞ രണ്ട് വർഷത്തെ അദ്ദേഹത്തിൻ്റെ ടീമിൻ്റെ പ്രവർത്തനങ്ങൾ. എനിക്ക് ഏറെ ഫലവത്തായി തോന്നിയ ഒരു പ്രവർത്തനം കേരളത്തിൽ വിവിധ ഹോസ്പിറ്റലുകളിൽ നടപ്പിലാക്കിയ ഹെൽത്ത് കാർഡ് പ്രോജക്ട് ആണ്. ഫോമ പ്രവർത്തകർക്കും അവരുടെ ബന്ധുക്കൾക്കും കേരളത്തിലെ ആശുപത്രികളിൽ വിവിധ ചികിത്സകൾക്ക് ലഭിക്കുന്ന ഡിസ്കൗണ്ട് ഒരു ചെറിയ കാര്യമല്ല . അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായ സുരക്ഷിതത്വം ഉണ്ടെങ്കിലും ചില ചികിത്സകൾക്ക് നാട്ടിലെ ആശുപത്രികളെ സമീപിച്ചാൽ ഒരു ചെറിയ ശതമാനമെങ്കിലും ഡിസ്കൗണ്ട് ലഭിക്കുന്നത് വലിയ കാര്യമാണ്. നാട്ടിലുള്ള ഫോമയുടെ ബന്ധുക്കൾക്കും  ഈ ആനുകൂല്യം ലഭിക്കുന്നതും ആശാവഹം തന്നെ. 

പിറവത്ത് ഫോമാ നേതൃത്വം സംഘടിപ്പിച്ച അമ്മയോടൊപ്പം എന്ന പരിപാടി അമേരിക്കൻ മലയാളി സംഘടനകൾ ഇതുവരെ സംഘടിപ്പിക്കാത്ത ഒരു പരിപാടിയായി എനിക്ക് തോന്നി. ആയിരത്തോളം അമ്മമാർക്ക് മെഡിക്കൽ കിറ്റും , ധാന്യ കിറ്റും , സാമ്പത്തിക സഹായവും നൽകുന്ന പരിപാടി ഏവർക്കും മാതൃകയായ പദ്ധതിയായി മാറി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അമ്മമാർക്ക് തണലാവുക എന്നത് കടന്നു വന്ന വഴി മറക്കാതിരിക്കുക എന്ന വലിയ സങ്കൽപ്പം കൂടി ഈ ചിന്തയ്ക്ക് പിന്നിലുണ്ട് എന്ന് പുതിയ തലമുറയെ ഓർമ്മപ്പെടുത്താനും ഈ പരിപാടി കൊണ്ട് ബേബിക്കും ടീമിനും സാധിച്ചു. ബേബി ഇത് വർഷങ്ങളായി പിറവത്ത് സംഘടിപ്പിക്കുന്നു എന്നറിഞ്ഞതിൽ അദ്ദേഹത്തോട് ആദരവ് കൂടി എന്ന് വേണം പറയാൻ . ഒരു അമേരിക്കൻ മലയാളി സംഘടന ഒരു പക്ഷെ ഇത്തരം ഒരു പദ്ധതി കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കുന്നത് ഫോമാ ആയിരിക്കും എന്നത് അഭിമാനകരമാണ്.

ചോദ്യം: അമേരിക്കയിലെ അറിയപ്പെടുന്ന കായിക മാമാങ്കമായ ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെൻ്റ് 36-ാം വർഷത്തിലേക്ക് കടക്കുകയാണല്ലോ. ? അതിൻ്റെ തുടക്കം താങ്കളിൽ നിന്നാണെന്ന് കേട്ടിട്ടുണ്ട് ?

ചെറുപ്പം മുതൽക്കേ വോളിബോൾ വലിയ ഇഷ്ടമാണ്. ഏത് കായിക വിനോദവും നമുക്ക് വലിയ മാനസിക ശക്തി തരും എന്നാണ് എൻ്റെ വിശ്വാസം . ഈ ചിന്തയുടെ അടിസ്ഥാനത്തിൽ ഡിട്രോയിറ്റിൽ 1993-ല്‍ ഒരു വോളി ബോള്‍ ടീം ഉണ്ടാക്കി. ഡിട്രോയിറ് ഈഗിള്‍സ് എന്നായിരുന്നു അതിന്‍റെ പേര്. നിരവധി ചെറുപ്പക്കാരെയാണ് ഈ ടീമിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ക്രമേണ ഈ സംഘം മലയാളികളുടെ ഒരു കൂട്ടായ്മ കൂടിയായി മാറി. എനിക്കറിയാവുന്ന എല്ലാ ചെറുപ്പക്കാരെയും ഒരുമിച്ച് നിര്‍ത്തി കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനും, ശനി, ഞായര്‍ ദിവസങ്ങളില്‍ കോച്ചിംഗ് നടത്തി ചെറുപ്പക്കാര്‍ തമ്മില്‍ ഒരു ബന്ധം ഉണ്ടാക്കുവാനും സാധിച്ചു. അങ്ങനെ അന്തര്‍ദ്ദേശീയ ജിമ്മി ജോര്‍ജ് വോളിബോള്‍ മത്സരം എന്ന വലിയ പ്രസ്ഥാനത്തിലേക്ക് വളർത്തുവാൻ ഒരു ചെറിയ കൈത്താങ്ങാകുവാൻ സാധിച്ചു.നോര്‍ത്ത് അമേരിക്കയിലെ ചെറുപ്പക്കാരായ മലയാളികളെ  ഒരു കുടക്കീഴില്‍ അണിനിരത്തുവാന്‍  അമേരിക്ക മുഴുവന്‍ ഉള്ള വോളിബോള്‍ ടീമുകളെ ഉള്‍പ്പെടുത്തി നടത്തുന്ന കേരളാ വോളി ബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടനയ്ക്ക് രൂപം നൽകുവാൻ സാധിച്ചു.കെ. വി.എല്‍.എന്‍.എയുടെ നേതൃത്വത്തിലാണ് ദേശീയ ജിമ്മി ജോര്‍ജ് വോളി ബോള്‍ മത്സരം നടത്തുന്നത് എന്നതും എനിക്ക് ഏറെ സന്തോഷം നൽകുന്നുണ്ട് ഇപ്പോൾ.

ചോദ്യം: അതുപോലെ തന്നെ നമ്മുടെയൊക്കെ ഗ്രാമങ്ങളേയും, വീടുകളേയും ഒക്കെ സജീവമാക്കിയ ചീട്ടുകളി ഒരു ദേശീയ മത്സരമാക്കി ഉയർത്തുന്നതിൽ ചില പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടല്ലോ ?

കേരളം വിട്ടു പോകുമ്പോൾ പല കാര്യങ്ങളും നമുക്ക് നൊസ്റ്റാൾജിയ ആയി മാറും . ചീട്ടുകളിയും അങ്ങനെ തന്നെ. സമയം പോകാൻ ഉള്ള ഒരു വിനോദം എന്നതിനപ്പുറത്ത് ഒരു സ്നേഹബന്ധം പരസ്പരം ഉണ്ടാക്കിയെടുക്കാൻ ഇതിന് കഴിയും എന്നതാണ് സത്യം. ഇപ്പോഴും
അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ  ഏറ്റവുംവലിയ ഒരു വിനോദമാണ് ചീട്ടുകളി. 1998-ല്‍ 56 ചീട്ടുകളി സംഘം ഡിട്രോയിറ്റില്‍ തുടങ്ങി. വെറുതെ സമയം കളയാന്‍ വേണ്ടി തുടങ്ങിയ ചീട്ടുകളി പിന്നീട് ടൂര്‍ണമെന്‍റായി വളര്‍ന്നു. 56 ചീട്ടുകളി ഇന്‍റര്‍ നാഷണല്‍ ടൂര്‍ണമെന്‍റുകള്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചു. 1998-ല്‍ ചീട്ടുകളി മത്സരം ദേശീയ തലത്തില്‍ വരെ തുടങ്ങി. അന്ന് ആകെ 16 ടീം ഉണ്ടായിരുന്നു മത്സരത്തിന്. ഇന്നിപ്പോള്‍ 100 ഓളം  ടീം വരെയുണ്ട്. ഒരു കളി എന്നതിനുമപ്പുറം വലിയ കൂട്ടായ്മ വളര്‍ത്തുക എന്നതായിരുന്നു അപ്പോഴത്തെ  ലക്ഷ്യം. ജീവിതത്തില്‍ എന്തെങ്കിലും എപ്പോഴും ചെയ്ത് കൊണ്ടിരിക്കുക എന്നാണ് ഞാൻ ചിന്തിക്കുന്നത്. എപ്പോഴും ആക്ടീവായിരിക്കുക, എപ്പോഴും ബിസിയാവുക ഇതാണ് എൻ്റെ രീതി.

കോട്ടയം ജില്ലയിലെ കൂടല്ലൂരിൽ നിന്ന് കണ്ണൂർ പയ്യാവൂരിലേക്ക് കുടിയേറിയ ഒരു കർഷക കുടുംബത്തിൽ നിന്ന് പഠിച്ച് എയർ ഫോഴ്സ് ഉദ്യോഗസ്ഥനായും, പിന്നീട് ഭാരത് പ്രെട്രോളിയത്തിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്ക് വരികയും അദ്ധ്യാപകനായും പിന്നീട് ബിസിനസുകാരനായി മാറുകയും ചെയ്ത മാത്യു ചെരുവിൽ ഏർപ്പെട്ട മേഖലകളില്ലൊം വിജയം വരിച്ച വ്യക്തിത്വമാണ്. 1983 ൽ ഡിട്രോയിറ്റിൽ ഭാര്യ മേഴ്സിക്കാപ്പം എത്തുകയും ജീവിതത്തിൻ്റെ പച്ചപ്പിലേക്ക് ചേക്കേറുകയും ചെയ്ത അദ്ദേഹം 1984 മുതൽ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷനിൽ പ്രവർത്തനം തുടരുകയും 1987 ൽ പ്രസിഡൻ്റാവുകയും തുടർന്ന് 4 തവണ ഇതേ സ്ഥാനം വഹിക്കുകയും 5 തവണ സെക്രട്ടറിയായും വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചു. 1992 ൽ ഫൊക്കാനയിൽ പ്രവർത്തനം തുടങ്ങി 1996 ജോ. സെക്രട്ടറി, 2002 - 2004 കാലയളവിൽ ഫൊക്കാന ജനറൽ സെക്രട്ടറി, 2004 - 2006 ൽ ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു . ഫൊക്കാനയുടെ പിളർപ്പോടെ ഫോമായിലേക്ക് . ആദ്യത്തെ ഫോമാ അഡ്വൈസറി കൗൺസിൽ ചെയർമാനായി. 2019 മുതൽ ജുഡീഷ്യൽ കൗൺസിൽ ചെയർമാനായി പ്രവർത്തിച്ചു. ഇപ്പോൾ ഫോമാ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയി പ്രവർത്തിക്കുമ്പോഴും അദ്ദേഹത്തെ മറ്റു വ്യക്തികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിൻ്റെ സൗമ്യ ഭാവമാണ്. സംഘടനാ രംഗത്തും ഈ സൗമ്യത സൂക്ഷിക്കാൻ കഴിയുന്നത് തൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാൻ അദ്ദേഹത്തിന് സാധിക്കും. ആശംസകൾ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.