VAZHITHARAKAL

സിറിയക് ചാഴികാടൻ: രാഷ്ട്രീയ പാരമ്പര്യവും യുവവീര്യവും കൈകോർക്കുന്ന നേതൃത്വം

Blog Image

കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു കുടുംബപ്പേരാണ് ചാഴികാടൻ എന്നത്. ആ പാരമ്പര്യത്തിന്റെ കരുത്തും ആധുനിക യുവജന നേതൃത്വത്തിന്റെ ചടുലതയും ഒത്തിണങ്ങിയ വ്യക്തിത്വമാണ് തൊടുപുഴ നിയസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സിറിയക് ചാഴികാടൻ. കോട്ടയം ജില്ലയിലെ വെളിയന്നൂർ പഞ്ചായത്തിലെ അരീക്കര സ്വദേശിയായ അദ്ദേഹം നിലവിൽ കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു വരികയാണ്. കേരള രാഷ്ട്രീയത്തിൽ തനതായ മുദ്ര പതിപ്പിച്ച ചാഴികാട്ട് കുടുംബത്തിലെ പുതിയ തലമുറയുടെ പ്രതിനിധിയായ സിറിയക്, തന്റെ പ്രവർത്തനങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

കുടുംബ പശ്ചാത്തലവും രാഷ്ട്രീയ വേരുകളും

എംഎൽഎമാരെക്കൊണ്ടും പൊതുപ്രവർത്തകരെക്കൊണ്ടും സമ്പന്നമായ ചാഴികാട്ട് കുടുംബത്തിലെ അംഗമാണ് സിറിയക്. കേരള നിയമസഭയിലെ ഹാസ്യ സാമ്രാട്ടായിരുന്ന ജോസഫ് ചാഴികാടന്റെ പാരമ്പര്യം ഇദ്ദേഹത്തിനുണ്ട്. ചാഴികാട്ട് ജോയി - ശാന്തമ്മ ദമ്പതികളുടെ സീമന്തപുത്രനാണ് സിറിയക്. 1991-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയായിരിക്കെ ഇടിമിന്നലേറ്റ് മരണമടഞ്ഞ കേരള യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന പ്രസിഡന്റ് ബാബു ചാഴികാടന്റെയും, ഏറ്റുമാനൂർ എംഎൽഎയും കോട്ടയം എംപിയുമായിരുന്ന തോമസ് ചാഴികാടന്റെയും സഹോദര പുത്രനാണ് ഇദ്ദേഹം. ടിജ മേരി ജെയിംസ് ആണ് ഭാര്യ. ജോയിമോൻ, റ്റെസ, ചാക്കോപ്പി എന്നീ മൂന്ന് മക്കളടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

വിദ്യാഭ്യാസ മികവും ഔദ്യോഗിക പദവികളും

വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച നേതാവാണ് സിറിയക് ചാഴികാടൻ. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ഗാന്ധിയൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡൽഹി ക്യാമ്പസിൽ നിന്നും എംബിഎയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റിൽ നിന്നും പിജിപിഎം ഡിപ്ലോമയും പൂർത്തിയാക്കി. കോട്ടയം ബസേലിയസ് കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ സിറിയക്, സ്കൂൾ വിദ്യാഭ്യാസം അരീക്കര സെന്റ് റോക്കീസ് യുപി സ്കൂൾ, ഉഴവൂർ ഒഎൽഎൽഎച്ച്എസ്, എസ്എച്ച് മൗണ്ട് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്.

സംഘടനാ നേതൃത്വത്തിലെ പടവുകൾ

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് പ്രവേശിച്ച സിറിയക് ചാഴികാടൻ ദേശീയ-സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്. 2023 മുതൽ കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു വരുന്നു. ഇതിനു മുൻപ് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും കെസിവൈഎം സംസ്ഥാന പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. അന്താരാഷ്ട്ര തലത്തിൽ മിജാർക്കിന്റെ (MIJARC) ദേശീയ കോർഡിനേറ്ററായും ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്‌മെന്റ് (ICYM) ദേശീയ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമായും ന്യൂഡൽഹിയിലെ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഹോണററി കോർഡിനേറ്ററായും അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചു. മികച്ച കത്തോലിക്ക യുവജന പ്രവർത്തകനുള്ള സിബിസിഐയുടെ നാഷണൽ ബെസ്റ്റ് യൂത്ത് അവാർഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജനകീയ ക്യാമ്പയിനുകളും സാമൂഹിക ഇടപെടലുകളും

കേവലം രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം നിരന്തരമായ സാമൂഹിക ഇടപെടലുകളാണ് സിറിയക്കിനെ ജനകീയനാക്കുന്നത്. വിദ്യാർത്ഥിയായിരിക്കെ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ 55 വിദ്യാലയങ്ങൾക്ക് പുസ്തകങ്ങൾ നൽകിയ ലൈബ്രറി ബുക്ക് ചലഞ്ച് അദ്ദേഹം നയിച്ചു. വിഷരഹിത പഴവർഗ്ഗങ്ങളും ആരോഗ്യകരമായ ജീവിതശൈലിയും മുൻനിർത്തി അദ്ദേഹം നേതൃത്വം നൽകിയ ഫലസമൃദ്ധി ക്യാമ്പയിൻ ഇരുപത് ലക്ഷത്തിലധികം ആളുകളിലേക്കാണ് നേരിട്ടെത്തിയത്. കെഎം മാണി യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ കോവിഡ് - പ്രളയ കാലഘട്ടങ്ങളിൽ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. നൂറിലധികം വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകിയ പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ ലഭിച്ചിരുന്നു. സമാധാന സന്ദേശ യാത്ര, ക്യാൻസർ ബോധവൽക്കരണത്തിനായി നടത്തിയ ക്യാപ് അറ്റ് ക്യാമ്പസ്, കടലവകാശം ഉയർത്തിപ്പിടിച്ചു നടത്തിയ തീരദേശ സംരക്ഷണ യാത്ര എന്നിവയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിജയിച്ച പ്രധാന ക്യാമ്പയിനുകളാണ്.

തൊഴിൽ രംഗത്തെ വൈഭവം

പഠനത്തിന് ശേഷം ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ഡൽഹി എച്ച്ഡിഎഫ്സി ബാങ്കിൽ ജോലി ചെയ്ത സിറിയക്, പിന്നീട് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുകയായിരുന്നു. കഴിഞ്ഞ 15 വർഷക്കാലമായി വിവിധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും വേണ്ടി ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് ഹ്യൂമൻ റിസോഴ്‌സ് ട്രെയിനർ എന്ന നിലയിൽ അദ്ദേഹം പരിശീലനം നൽകി വരുന്നു. കൂടാതെ വിവിധ സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ ആശയ രൂപീകരണം നടത്തുന്ന പ്രോജക്ട് ഡിസൈനർ കൂടിയാണ് അദ്ദേഹം. രാഷ്ട്രീയ പാരമ്പര്യവും പ്രൊഫഷണൽ മികവും ഒത്തുചേരുന്ന സിറിയക് ചാഴികാടൻ തൊടുപുഴയുടെ വികസന സ്വപ്നങ്ങൾക്ക് പുതിയ ഊർജ്ജം പകരാൻ പ്രാപ്തനായ ജനപ്രതിനിധിയായിരിക്കും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.