കര്‍ണാടക ഷിരൂരില്‍ മലയിടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്കു ജോലി നൽകുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്. ബാങ്ക് ഭാരവാഹികള്‍ ചേർന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
‘ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന്റെ ഏകാശ്രയം ആ യുവാവായിരുന്നു. ആ കുടുംബം അനാഥമായി. അര്‍ജുന്‍ തിരിച്ചുവരുമെന്ന് ഇനി പറയാനുമാവില്ല. അര്‍ജുന്റെ ഭാര്യ വിദ്യാസമ്പന്നയാണ്. ഈ സാഹചര്യത്തിലാണു ജോലി കൊടുക്കാന്‍ സിറ്റിബാങ്ക് സന്നദ്ധമാകുന്നത്. ഇക്കാര്യത്തില്‍ സഹകരണ നിയമവ്യവസ്ഥകളില്‍ സര്‍ക്കാര്‍ പ്രത്യേകമായി ഇളവനുവദിക്കുകയാണെങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത ഒരു തസ്തികയില്‍ അര്‍ജുന്റെ ഭാര്യയ്ക്കു നിയമനം നല്‍കാനാവും’, വാർത്താസമ്മേളനത്തില്‍ പറഞ്ഞു.