കോൺഗ്രസ് അഹങ്കാരം വന്ന് ആകെ നശിച്ചു പോകാതിരിക്കാനും കോൺഗ്രസിനെ എന്നെന്നേക്കുമായി രക്ഷിക്കാനും ഉള്ള ഏറ്റവും നല്ല മാർഗ്ഗം അവരെ ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നുകൂടി തോൽപ്പിക്കുക എന്നതല്ലേ.
പെട്ടെന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് ഇതൊരു തമാശയായി തോന്നാം . സത്യത്തിൽ അങ്ങനെയല്ല കാര്യങ്ങൾ. ഇത് വ്യക്തമാക്കാൻ
നമുക്ക് വസ്തുതകളിലേക്ക് വരാം.
കഴിഞ്ഞ 10 വർഷമായി കേരളത്തിലെ കോൺഗ്രസ് പ്രതിപക്ഷത്തിരിക്കുകയാണെങ്കിലും ക്രിയാത്മകമായി സമൂഹത്തിൽ ഇടപെട്ടിട്ടില്ല. കേരളത്തിൽ കോവിഡ് വന്നപ്പോഴും പ്രളയം വന്നപ്പോഴും നോക്കി നിൽക്കുകയല്ലാതെ ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിച്ചിട്ടില്ല. അവരെ സഹായിച്ചിട്ടില്ല.
സർക്കാർ ചെയ്തത് അതല്ല എന്ന് ആവർത്തിച്ചു പറയേണ്ട കാര്യമില്ല.
എന്നാൽ വയനാട്ടിൽ പ്രളയം വന്നപ്പോഴാകട്ടെ കോൺഗ്രസ് പിരിച്ച ഫണ്ട് മുഴുവൻ മുക്കി അതിന്റെ അടിസ്ഥാന സ്വഭാവം വെളിവാക്കുകയും ചെയ്തു. ആ ദുരന്തത്തിൽ ഈ ഭൂമി വിട്ടുപോയ മനുഷ്യരുടെ ആത്മാവുകളോട് ചെയ്ത അക്രമവും അശ്ലീലവുമായിരുന്നു അത്.
ഇത് എഴുതുമ്പോൾ വയനാട്ടിൽ സർക്കാർ 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറാൻ തുനിയുകയാണ്. സർക്കാർ നൽകിയ 15 ലക്ഷം രൂപ വാങ്ങി കോൺഗ്രസ് നൽകുന്ന വീട് മതി എന്ന് നിശ്ചയിച്ചവർ തീർത്തും വഴിയാധാരമായിരിക്കുന്ന ദുഃഖകഥയും ഒപ്പം നാം കാണുന്നു.
നമുക്കെല്ലാം വളരെ വ്യക്തമായി അറിയാവുന്നതുപോലെ കഴിഞ്ഞ 10 വർഷമായി കേരളത്തിൽ സർക്കാർ കൊണ്ടുവന്ന സകല പദ്ധതികളെയും ഒരു കാരണവും വ്യവസ്ഥയുമില്ലാതെ നഖശിഖാന്തം എതിർക്കുകയും നാടിന്റെ വികസനത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും ആണ് കോൺഗ്രസ് ചെയ്തത്. അതായത് നാടിനെ പിറകോട്ട് അടിപ്പിക്കാൻ കോൺഗ്രസ് അഹോരാത്രം പാടുപെടുകയായിരുന്നു
ഇപ്പോൾ ഈ തെരഞ്ഞെടുപ്പിൽ എല്ലാ വർഗീയശക്തികളെയും കൂട്ടുപിടിച്ച് നാടിന്റെ മതനിരപേക്ഷതയെയും മതസൗഹാർദ്ദവും തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇത് ഭാവിയിൽ ഇവിടെയും വർഗീയ കലാപങ്ങൾക്ക് വഴി മരുന്നിടും എന്ന് ഉറപ്പാണ്.
തങ്ങളുടെ കൂട്ടത്തിൽ ബലാൽസംഗമാണ് ലൈംഗിക ജീവിതം എന്ന് ധരിച്ച ഒരാൾ ഉണ്ടെന്ന് വ്യക്തമായ ധാരണ ഉണ്ടായിട്ടും അയാളെ വലിയ പദവികളിൽ എത്തിക്കുന്നതിൽ കോൺഗ്രസിനു ഒരു മടിയും ഉണ്ടായിരുന്നില്ല .ഇത് കേരളത്തിലെ എല്ലാ വീടുകളിലെയും സ്ത്രീകൾക്ക് നേരെയുള്ള വെല്ലുവിളിയായിരുന്നു.
ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ സ്വന്തമായി ഒരു ആശയം മുന്നോട്ട് വെക്കാനോ അതേ ചൊല്ലി പ്രചരണം നടത്താനോ ഉള്ള ആത്മബലം പോലും ഇന്ന് കോൺഗ്രസ് നേതൃത്വത്തിനില്ല. പകരം സുനിൽ കനഗോലുവിന്റെ പ്രചരണ ഏജൻസിയെ എല്ലാം ഏൽപ്പിച്ച കോൺഗ്രസ് അദ്ദേഹത്തിന്റെ ആശയങ്ങളെ സ്വന്തം വായിലൂടെ വിസർജിക്കുകയാണ് ചെയ്യുന്നത്. കേരളം എന്തെന്നോ കേരളത്തിലെ മനുഷ്യരുടെ ജീവിതം എന്തെന്നോ അറിയാത്ത ഒരാളുടെ താളത്തിന് തുള്ളുന്ന പാവയായി കോൺഗ്രസ് മാറിക്കഴിഞ്ഞു. ഇത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോടു ഒരു രാഷ്ട്രീയകക്ഷി ചെയ്യുന്ന ഏറ്റവും വലിയ അവഹേളനമാണ്. ആത്മാഭിമാനം ഉള്ള കോൺഗ്രസ് നേതാക്കൾ എങ്കിലും ജനങ്ങളോട് സംസാരിക്കാൻ ഇങ്ങനെ ഒരു ഇടനിലക്കാരൻ വേണ്ട, ഞങ്ങൾ ഞങ്ങളുടെ സ്വന്തം വാക്കും ചിന്തയും കൊണ്ട് കേരളത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്തു കൊള്ളാം എന്ന് ഉറപ്പിച്ചു പറയേണ്ടതായിരുന്നു.
ഇങ്ങനെ നിരവധി നിരവധി പ്രതിലോമപരമായ നിലപാടുകളാണ് ഇന്ന് കേരളത്തിലെ കോൺഗ്രസ്.
എന്നിട്ടും കോൺഗ്രസ് ജയിച്ചാൽ പിന്നെ എന്താണ് സംഭവിക്കുക.
കോൺഗ്രസ് വല്ലാതെ അഹങ്കരിക്കും. വല്ലാതെ എന്നു പറഞ്ഞാൽ അങ്ങേയറ്റം.... നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറം.
തങ്ങൾ എന്ത് അഹമ്മതി ചെയ്താലും ജനങ്ങൾ കൂടെയുണ്ട് എന്ന് തോന്നൽ അതോടെ അവർക്കുണ്ടാവും. പിന്നെ ജനങ്ങളെ കൂടുതൽ കൊള്ളയടിക്കാനും നഗ്നമായി ചൂഷണം ചെയ്യാനും അവർക്കൊരു മടിയും ഉണ്ടാവില്ല. അതിനുള്ള ലൈസൻസ് ജനങ്ങൾ കൊടുത്തിരിക്കുകയാണ് എന്ന് അവർ കരുതും .
ഒപ്പം കേരളത്തിൽ ഇടതുപക്ഷം ഇനി നടപ്പിലാക്കാൻ ആസൂത്രണം ചെയ്ത എല്ലാ പദ്ധതികളെയും ചവറ്റു കൊട്ടയിൽ ഏറിയും. നന്നായി നടക്കുന്ന സ്കൂളുകളും ആശുപത്രികളും ക്ഷേമപെൻഷൻ വിതരണവും ഒക്കെ അലങ്കോലമാക്കും. നാടിനെ 25 വർഷം പിറകോട്ടടിപ്പിക്കും. കേരളം ദുർഗന്ധം പേറുന്ന ഒരു കുപ്പത്തൊട്ടിയാകും. ആ പഴയ ഇരുണ്ട കാലം തിരിച്ചുവരും .
അങ്ങനെ കേരളത്തെ നശിപ്പിക്കാതിരിക്കാൻ, അളവില്ലാത്ത അഹങ്കാരത്തിലേക്ക് കോൺഗ്രസ് എത്തരുത്. അത് കോൺഗ്രസിനോട് ചെയ്യുന്ന നീതിയല്ല. ഒന്നുമില്ലെങ്കിലും ഗാന്ധിജിയും നെഹ്റുവും പോലുള്ള വലിയ ജീവിതങ്ങൾ പ്രവർത്തിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് അത്. അതിനെ നേരെയാക്കേണ്ട ബാധ്യത ജനങ്ങൾക്ക് ഉണ്ട്.
ഇവിടെ ഒരിക്കൽ കൂടി തോൽക്കുകയാണെങ്കിൽ അധികാരവും അഴിമതിയും മാത്രം ലക്ഷ്യമാക്കി ആ പാർട്ടിയിൽ പുളക്കുന്ന നേതാക്കൾ ഒക്കെ അതിനെ വിട്ടു പോകും. പകരം യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ മാത്രം ബാക്കിയാവും. അവർ കോൺഗ്രസിനെ പുനരുജീവിപ്പിക്കും. ഗാന്ധിജിയെയും നെഹ്റുവിനെയും അറിയുന്ന കോൺഗ്രസുകാർ മാത്രം കോൺഗ്രസിൽ ബാക്കിയാവും. ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന ഒരു പ്രസ്ഥാനമായി അങ്ങനെ കോൺഗ്രസ് നവീകരിക്കപ്പെട്ടാൽ അത് കേരളത്തിനും ദേശീയ രാഷ്ട്രീയത്തിനും വലിയ മുതൽക്കൂട്ടാവും.
ഇതാണ് ആദ്യമേ ഇതൊരു തമാശയല്ല എന്ന് പറഞ്ഞത്.
എന്തു തോന്നിയാസം ചെയ്താലും ജനങ്ങൾ കൂടെയുണ്ട് എന്ന അഹങ്കാരം കോൺഗ്രസിന് സമ്മാനിക്കുകയാണോ വേണ്ടത് ഈ നാടിന്റെയും കോൺഗ്രസിൻറെയും രക്ഷയ്ക്കുവേണ്ടി അവരെ ഒന്നുകൂടി തോൽപ്പിക്കുകയാണോ വേണ്ടത്.
യഥാർത്ഥ കോൺഗ്രസുകാർ ഉണരട്ടെ
...
വാൽക്കഷണം - ഇതിനിടയിൽ,കേരളത്തിലെ ചില എഴുത്തുകാരും ബുദ്ധിജീവികളും ചേർന്നു കണ്ടെത്തിയ രണ്ടു വട്ടത്തിൽ കൂടുതൽ ജയിച്ചാൽ അഹങ്കാരം ഉണ്ടാകും എന്ന.തിയറി യുഡിഎഫിലെ പല എംഎൽഎമാർക്കു വളരെ ബാധകമാണ് എന്ന വസ്തുതയുണ്ട്. 25 30 വർഷമൊക്കെ എംഎൽഎ മാരായി ഇരുന്നവർ അവിടെ ജനവിധി വീണ്ടും തേടുന്നുണ്ട്. ആ തിയറി പ്രകാരം അവരെല്ലാം മുൻപേ തന്നെ മഹാ അഹങ്കാരികളായി തീർന്നിട്ടുണ്ട് . പ്രസ്തുത എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും ഈ അഹങ്കാരത്തിനും പരിഹാരം കാണാവുന്ന ഒരു അവസരം കൂടിയാണ് പടിവാതിലിൽ എത്തിനിൽക്കുന്നത്.

