മറിഞ്ഞു വീണിലയുടെ കൂട്ടിലായ് ചേർന്നിരിപ്പുണ്ടൊരമ്മയും കുഞ്ഞും. അവിടെ ഞാൻ എന്നെ തിരഞ്ഞില്ല ഒരു വരിയെഴുതുവാൻ വാക്കിനായ് തേടിഞാൻ
വെയിലുറങ്ങുവാൻ പോകുന്ന വഴിയിലായ്
മനം ഇടറി വീഴുന്നു പതിയെയായ്..
ഒരു വരിയെഴുതുവാൻ വാക്കിനായ്
മിഴികൾ തിരയുന്നു ഇടവഴിയിലേകയായ്
ഉള്ളാകെ..യുലച്ചൊരു കാഴ്ച്ചയിൽ
ഓർമ്മകൾ തട്ടിയുലയുന്നു മൂകമായ്..
ഒറ്റമരത്തിന്റെ തണലത്തൊരുത്തി
ഉള്ളിലെ വേനൽ വീശിയകറ്റുന്നു.
രാത്രിയുടെ കൊമ്പത്തുറക്കമൊഴിച്ചൊരു
മിഴികൾതാനേയടഞ്ഞു പോകുന്നുവോ
ഉള്ളിലെ മോഹത്തിൽ നിന്നൊരു പൂമ്പാറ്റ
പാറിപറന്നതാ ശിഖരങ്ങൾ തേടുന്നു
കുഴഞ്ഞു വീഴുന്നു പെരുവഴിയിലൊ റ്റയ്ക്ക്
തുഞ്ചത്ത് വിരിയുവാൻ വെമ്പുന്ന പൂമൊട്ട്.
ഓർമയിൽ തട്ടിയുലഞ്ഞൊരു പച്ചില
കാറ്റിന്റെ താളത്തിൽ ദൂരെയായ് വീഴുന്നു
മറിഞ്ഞു വീണിലയുടെ കൂട്ടിലായ്
ചേർന്നിരിപ്പുണ്ടൊരമ്മയും കുഞ്ഞും.
അവിടെ ഞാൻ എന്നെ തിരഞ്ഞില്ല
ഒരു വരിയെഴുതുവാൻ വാക്കിനായ് തേടിഞാൻ
സജിത ചന്ദ്രിക