PRAVASI

ലോംഗ് ഐലൻഡ് സെയിന്റ് സ്റ്റീഫൻസ് പള്ളിയിൽ ഫാമിലി കോൺഫറൻസ് കാമ്പയിൻ ആരംഭിച്ചു

Blog Image

ലോംഗ് ഐലൻഡ് (ന്യൂയോർക്ക്):  മലങ്കര ഓർത്തഡോക്സ്  സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് മാർച്ച് 9 ഞായറാഴ്ച ന്യൂയോർക്ക് ഫ്രാങ്ക്ലിൻ സ്ക്വയറിലെ  സെയിന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ആരംഭിച്ചു.
വികാരി ഫാ. ഡോ. സി.കെ. രാജനും ഇടവക ഭാരവാഹികളും  കോൺഫറൻസ് ടീമിന്  ആവേശകരമായ സ്വീകരണം നൽകി. ജോൺ താമരവേലിൽ (കോൺഫറൻസ്  ട്രഷറർ), ഡോ. ഷെറിൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി), ഡോ. സിനി വർഗീസ് (മെഡിക്കൽ കമ്മിറ്റി ചെയർ), മാത്യു ജോഷ്വ, കെസിയ എബ്രഹാം, ആഞ്ചലീന ജോഷ്വ, ഫിയോണ പ്രേംസി, സ്റ്റീഫൻ തോമസ് (ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം.  ജേക്കബ് വർഗീസ് (ഭദ്രാസന  അസംബ്ലി അംഗം), തോമസ് മാത്യു & ഫിലിപ്പ് മത്തായി (മലങ്കര അസോസിയേഷൻ അംഗങ്ങൾ) എന്നിവരും  വേദിയിൽ സന്നിഹിതരായിരുന്നു.
ഡോ. സിനി വർഗീസ്  കോൺഫറൻസിൻറെ പൊതുവായ വിവരങ്ങൾ പങ്കുവച്ചു. ഡോ. ഷെറിൻ എബ്രഹാം കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം,  പ്രാസംഗികർ തുടങ്ങിയ  വിശദാംശങ്ങൾ നൽകി. ജോൺ താമരവേലിൽ രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ച് സംസാരിച്ചു.കോൺഫറൻസിനെ സാമ്പത്തികമായി പിന്തുണയ്ക്കാൻ കഴിയുന്ന സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് മാത്യു ജോഷ്വ വിശദീകരിച്ചു. കോൺഫറൻസിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചുള്ള വിവരങ്ങൾ ഷെറിൻ കുര്യൻ പങ്കിട്ടു. കോൺഫറൻസിന്റെ രണ്ടാം ദിവസം നടക്കുന്ന ടാലന്റ് നൈറ്റിനായുള്ള പദ്ധതികൾ കെസിയ എബ്രഹാം വിശദീകരിച്ചു. മുൻകാല കോൺഫറൻസുകളിൽ പങ്കെടുത്ത അനുഭവത്തെക്കുറിച്ചും കോൺഫറൻസ് അവരുടെ ആത്മീയ യാത്രയെ എങ്ങനെ സമ്പന്നമാക്കി എന്നതിനെക്കുറിച്ചും ആഞ്ചലീന ജോഷ്വയും ഫിയോണ പ്രേംസിയും സംസാരിച്ചത് ഹൃദ്യമായി.

ഇടവകയിലെ നിരവധി അംഗങ്ങൾ കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. ഗീവർഗീസ് മത്തായി ഡയമണ്ട് ലെവൽ സ്പോൺസർഷിപ്പ് വാഗ്ദാനം ചെയ്തപ്പോൾ ആഞ്ചലീന ജോഷ്വ ഗോൾഡ് ലെവൽ സ്പോൺസർഷിപ്പും മോനച്ചൻ മത്തായി ഗ്രാൻഡ് സ്പോൺസർഷിപ്പും വാഗ്ദാനം ചെയ്തു. ജേക്കബ് ഈപ്പൻ & ഫാമിലി, ഈപ്പൻ എം. ചാക്കോ & ഫാമിലി, തോമസ് മത്തായി & ഫാമിലി, കെ.ടി. വർഗീസ് & ഫാമിലി, ചെറിയാൻ ഉമ്മൻ & ഫാമിലി, സാറാമ്മ ജോഷ്വ എന്നിവർ ഫാമിലി കോൺഫറൻസിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു. 
ഫാമിലി കോൺഫറൻസ് സുവനീറിന് ഇടവകയുടെ സംഭാവന  ഭാരവാഹികൾ കോൺഫറൻസ് ടീമിന് കൈമാറി. 
കോൺഫറൻസിന്  ആവേശകരമായ പിന്തുണ നൽകിയ വികാരിക്കും ഇടവകാംഗങ്ങൾക്കും  സ്റ്റീഫൻ തോമസ് നന്ദി അറിയിച്ചു.
2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം  ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ.  ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ. ‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിൻ്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595),  ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.