PRAVASI

ഫിലഡൽഫിയ സെയിന്റ് മേരീസ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

Blog Image

ഫിലഡൽഫിയ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്‌ട്രേഷൻ  കിക്ക്‌ ഓഫ് മാർച്ച് 16 ന് ഫിലഡൽഫിയ ഡെവെറോ അവന്യൂവിലുള്ള സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വിജയകരമായി സമാരംഭിച്ചു. ഭദ്രാസനത്തിന്റെ  ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ഫാമിലി കോൺഫറൻസിന്റെ പ്രചാരണത്തിനായി  കോൺഫറൻസിനെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഇടവക സന്ദർശിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാലു ദിവസം  നീളുന്ന കോൺഫറൻസിൽ പങ്കെടുക്കും.
കുർബാനയ്ക്ക് ശേഷം അലക്സ് മാത്യൂസ് (ഇടവക  സെക്രട്ടറി) കോൺഫറൻസ് ടീമിനെ  പരിചയപ്പെടുത്തി. ഫിലിപ്പ് തങ്കച്ചൻ (കോൺഫറൻസ് ഫിനാൻസ് മാനേജർ), ലിസ് പോത്തൻ (അസിസ്റ്റന്റ് ട്രഷറർ), രാജൻ പടിയറ (പ്രൊസഷൻ  കോർഡിനേറ്റർ), അലക്സ് പോത്തൻ (ഫിനാൻസ് കമ്മിറ്റി), റോണ വർഗീസ് & മേരിഗ്രേസ് പോത്തൻ (എന്റർടൈൻമെന്റ് കമ്മിറ്റി), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം) എന്നിവരായിരുന്നു സന്ദർശന സംഘത്തിൽ. ഇടവക ട്രസ്റ്റിയും  ഭദ്രാസന അസംബ്ലി അംഗവുമായ അബിൻ ബാബുവും വേദിയിൽ പങ്കുചേർന്നു.
വികാരി ഫാ. ഷിനോജ് തോമസ് തന്റെ ആമുഖ പ്രസംഗത്തിൽ, ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ച കുടുംബ ജീവിതം നയിക്കുവാൻ ഫാമിലി കോൺഫറൻസ് എത്രമാത്രം സഹായിക്കുന്നു എന്നു ഓർമ്മിപ്പിച്ചുകൊണ്ട്   കോൺഫറൻസിൽ പങ്കെടുക്കാനും പിന്തുണയ്ക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.
കോൺഫറൻസിന്റെ സ്ഥലം, തീയതി, മുഖ്യ പ്രഭാഷകർ എന്നിവയുൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ഉമ്മൻ കാപ്പിൽ പങ്കുവച്ചു. രജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ച് അലക്സ് പോത്തൻ വിശദീകരിച്ചു, 21 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യുവതീ യുവാക്കൾക്കും കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാമെന്ന് അലക്സ് അറിയിച്ചു.
ലേഖനങ്ങൾ, ബിസിനസ് പരസ്യങ്ങൾ, വ്യക്തിഗത ആശംസകൾ എന്നിവ കോൺഫറൻസിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിൽ ഉൾപ്പെടുത്താൻ ഫിലിപ്പ് തങ്കച്ചൻ അഭ്യർത്ഥിച്ചു. കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് ലിസ് പോത്തൻ സംസാരിച്ചു. കോൺഫറൻസിന്റെ രണ്ടാം ദിവസം നടക്കാനിരിക്കുന്ന സ്പോർട്സ് & ടാലന്റ് ഷോയെക്കുറിച്ചുള്ള വിവരങ്ങൾ റോണ വർഗീസ് പങ്കുവച്ചു. പങ്കെടുക്കുന്നവർക്ക് വിശ്രമിക്കാനും ആസ്വദിക്കാനുമുള്ള ഒരു അവസരമാണിത്. 
മുൻകാല കോൺഫറൻസുകളിൽ പങ്കെടുത്ത അനുഭവം  മേരിഗ്രേസ് പോത്തൻ പങ്കുവച്ചു.,  വിശ്വാസം ശക്തിപ്പെടുത്താനും സുഹൃത്തുക്കളുമായി അവിസ്മരണീയമായ സമയം ചെലവഴിക്കാനും കോൺഫറൻസ് എങ്ങനെ സഹായിച്ചു എന്ന് മേരിഗ്രേസ് വിശദീകരിച്ചു.
ഇടവകയിലെ നിരവധി അംഗങ്ങൾ രജിസ്ട്രേഷനുകളിലൂടെയും സുവനീറിൽ വ്യക്തിപരമായ ആശംസകൾ  ചേർത്തുകൊണ്ടും പിന്തുണ വാഗ്ദാനം ചെയ്തു . ഇടവകയുടെ പിന്തുണയുടെ പ്രതീകമായി, ഭാരവാഹികൾ  സുവനീറിനുള്ള ഒരു ചെക്ക് കോൺഫറൻസ് ടീമിന് കൈമാറി.
കോൺഫറൻസിന് ആത്മാർത്ഥമായ പിന്തുണ നൽകിയ ഫാ. ഷിനോജ് തോമസിനും, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്കും, ഇടവകാംഗങ്ങൾക്കും ഉമ്മൻ കാപ്പിൽ നന്ദി അറിയിച്ചു
2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം  ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), ഫാ.  ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ. ‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിൻ്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595),  ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.