അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന അതിൻ്റെ പ്രവർത്തന വിജയത്തിൻ്റെ പാതയിലാണിപ്പോൾ . ഡോ. സജിമോൻ ആൻ്റണി പ്രസിഡൻ്റും, ശ്രീകുമാർ ഉണ്ണിത്താൻ ജനറൽ സെക്രട്ടറിയുമായ ടീമിൽ ട്രഷറായി പ്രവർത്തിക്കുന്ന ജോയി ചാക്കപ്പൻ പ്രവർത്തനത്തിലൂടെ വിജയം എന്ന ചിന്താഗതിയിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. അധികം പബ്ലിസിറ്റിയിൽ വിശ്വസിക്കാത്ത ഒരു സാധാരണ സംഘാടകൻ . പക്ഷെ ഏറ്റെടുക്കുന്ന ഏത് സംഘടനാ പ്രവർത്തനവും വിജയത്തിലെത്തിക്കുവാൻ ഓടി നടന്ന് പ്രവർത്തിക്കുന്ന സംഘടനാ നേതാവ് . ഏതൊരു പ്രവർത്തനത്തിൻ്റെയും വിജയത്തിൻ്റെ പിന്നിലെ പ്രധാന ശക്തികളിൽ ഒന്ന് സാമ്പത്തികമാണ്. പ്രത്യേകിച്ച് ഫൊക്കാന പോലെ ഒരു സംഘടനയുടെ വളർച്ചയ്ക്ക് , പ്രവർത്തനങ്ങൾക്ക് ധനം ഏറെ ആവശ്യമാണ്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഫൊക്കാനയ്ക്ക് ശക്തമായ ഊടും പാവും നെയ്യാൻ ഫൊക്കാനയ്ക്ക് സാമ്പത്തികമായ കരുത്തേകിയ ട്രഷറർ തൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് മനസ് തുറക്കുന്നു.

ചോദ്യം: വാഷിംഗ്ടൺ ഡിസിയിൽ നടന്ന തെരഞ്ഞെടുപ്പ് മുതൽ ഇന്നുവരെ ചിട്ടയായ പ്രവർത്തനങ്ങളാണല്ലോ സജിമോൻ ആൻ്റണി ശ്രീകുമാർ ഉണ്ണിത്താൻ ജോയി ചാക്കപ്പൻ ടീം നടത്തി വരുന്നത്. ഫൊക്കാന ട്രഷറർ എന്ന നിലയിൽ ഈ ടീമിൻ്റെ പ്രവർത്തനങ്ങൾ എങ്ങനെ വിലയിരുത്തുന്നു ?
ഞങ്ങളുടെ ടീം അധികാരത്തിൽ വന്ന ദിവസം മുതൽ ഇന്നുവരെ ഒരു തരത്തിലുള്ള ആശങ്കകൾക്കും ഇട നൽകാതെ ഒരേ മനസ്സോടെ ഞങ്ങൾക്കെല്ലാവർക്കും പ്രവർത്തിക്കാനാകുന്നു എന്നതാണ് നേട്ടം. ഫൊക്കാന പ്രസിഡൻ്റ് ഡോ. സജിമോൻ ആൻ്റണിയുടെ നേതൃത്വ പരതയും ജനറൽ സെക്രട്ടറിയായ ശ്രീകുമാർ ഉണ്ണിത്താൻ്റെ സംഘാടന മികവും ഫൊക്കാനയുടെ കരുത്താണ് ഞങ്ങൾക്ക് എല്ലാവർക്കും ഒരേ മനസ്സാണ് . ഇവിടെ ഏകാധിപത്യമില്ല. എല്ലാവരേയും ഒരുപോലെ പ്രവർത്തനനിരതരാക്കുക എന്നതാണ് ഞങ്ങളുടെ ടീമിൻ്റെ ശൈലി. അതുകൊണ്ടാണ് കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ അമേരിക്കയിലും കേരളത്തിലും ജനോപകാരപ്രദമായ നിരവധി പദ്ധതികൾ നടപ്പിലാക്കി വിജയം വരിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. സമയ ബന്ധിതമായി എല്ലാ പദ്ധതികളും നടപ്പിലാക്കുവാൻ സാധിച്ചു.
ചോദ്യം: അവ വിശദീകരിക്കാമോ ?
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ അമേരിക്കയിൽ മാത്രമല്ല കേരളത്തിലും വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടിയ ഒന്നര വർഷമാണ് കഴിഞ്ഞു പോയത്. ഒരു ചിട്ടയായ പ്രവർത്തന രീതി ഞങ്ങൾക്ക് സംഘടനയിലും പ്രവർത്തനങ്ങളിലും കൊണ്ടുവരാൻ സാധിച്ചു.മുൻപുള്ളതിനെ തുടരുക മാത്രമല്ല പുതിയതായി നിരവധി പദ്ധതികൾ അമേരിക്കൻ മലയാളി സമൂഹത്തിനും , കേരളത്തിനും വേണ്ടിയും ചെയ്യാൻ സാധിച്ചു. അത് വിജയത്തിലെത്തിക്കുവാൻ സാധിക്കുക മാത്രമല്ല നാളേയ്ക്ക് അവ മുതൽകൂട്ടായി മാറ്റുവാനും കഴിഞ്ഞിട്ടുണ്ട്. പ്രധാനമായും പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ ഫൊക്കാനയുടെ എല്ലാ പ്രവർത്തകർക്കും സംഘടനാ പ്രവർത്തനത്തിൽ സജീവമാക്കുവാൻ സാധിച്ചു. അങ്ങനെ ഒരു കൂട്ടായ പ്രവർത്തനത്തിലൂടെ നിരവധി പദ്ധതികൾ നടപ്പിലാക്കുവാൻ കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്
ഫൊക്കാന ഹെൽത്ത് കാർഡ്.കേരളത്തിലെ 6 പ്രമുഖ ആശുപത്രികളായ രാജഗിരി, പാലാ മെഡ്‌സിറ്റി, ബിലീവേഴ്‌സ്, ബേബി മെമ്മോറിയൽ, കിംസ്, കാരിത്താസ് എന്നിവയുമായി സഹകരിച്ചാണ് ഈ മെഡിക്കൽ കാർഡ് പദ്ധതിക്ക് തുടക്കമിട്ടത്. അമേരിക്കൻ മലയാളികൾ വളരെ സന്തോഷത്തോടെ സ്വീകരിച്ച ഈ പദ്ധതിയിൽ നിരവധി അമേരിക്കൻ മലയാളികളും അവരുടെ ബന്ധുക്കളും പങ്കാളികളാകുന്നു. അതുകൊണ്ടു തന്നെ ആയിരകണക്കിന് ആളുകൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നു. ഭാരിച്ച ചികിത്സാ ചിലവുകൾക്ക് വലിയ ആശ്വാസമായി മാറിയിട്ടുണ്ട് ഫൊക്കാന ഹെൽത്ത് കാർഡ്. ഫൊക്കാനയുടെ അംഗങ്ങൾക്കും അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഈ പദ്ധതിയുടെ വിജയമായി ഞാൻ കരുതുന്നു.മറ്റൊരു പ്രധാന പ്രോഗ്രാം ആയിരുന്നു ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് . അല്പം ആശങ്കയോടെ ആരംഭിച്ച പദ്ധതി ആണെങ്കിലും ഡോ. സജിമോൻ ആൻ്റണിയുടെ ആത്മ വിശ്വാസത്തിൻ്റെ വിജയം കൂടിയായിരുന്നു ഈ പദ്ധതി.ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായി മാറിയ ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് ഈ കമ്മിറ്റിയുടെ ഡ്രീം പ്രോജക്ട് ആയിരുന്നു നാട്ടിൽ നിന്നും വരുന്ന ഇൻഷുറൻസ് പരിരക്ഷയില്ലാത്ത ആളുകൾക്കും അതുപോലെ അമേരിക്കയിലുള്ള ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മലയാളികൾക്ക് പ്രാഥമിക ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക് നിലവിൽ വന്നിരിക്കുന്നത് . ന്യൂ ജേഴ്‌സിയിലും ബോസ്റ്റണിലെ ഓഫീസുകൾ പ്രവർത്തനം തുടങ്ങി, മറ്റുള്ള സിറ്റികളിലേക്കും ഓഫീസുകൾ തുറന്നുകൊണ്ടിരിക്കുന്നു. അമേരിക്കയിലെ എല്ലാ മേജർ സിറ്റികളിലും ഹെൽത്ത് ക്ലിനിക്ക് തുടങ്ങുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം. ഇതൊരു ചെറിയ കാര്യമല്ല. കാരണം നിരവധി ആളുകൾ ഈ ക്ലിനിക്കുകളുടെ ഗുണഭോക്താക്കളായി മാറിയത് ഞങ്ങൾ അഭിമാനത്തോടെയാണ് കാണുന്നത്. ഒരുപക്ഷെ ഇത്തരം ഒരു പദ്ധതി ലോക പ്രവാസി സംഘടനകളിൽ വെച്ച് ആദ്യത്തേത് ആകും. അതിന് ഫൊക്കാനയ്ക്ക് എന്നും അഭിമാനിക്കാം.

ചോദ്യം : ഫൊക്കാന ചരിത്രത്തിൽ ആദ്യമായി 100 അംഗസംഘടനകൾ എന്ന നാഴികക്കല്ല് പിന്നിട്ടുവല്ലോ ? അല്പം അസ്വാരസ്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഇത് വലിയ നേട്ടമല്ലേ ?
ഞങ്ങൾക്ക് ഒരു അസ്വാരസ്യവും ഇല്ല. സംഘടനയെ ഇല്ലായ്മ ചെയ്യാൻ ഇറങ്ങി പുറപ്പെട്ടവർക്ക് ഉള്ള ഒരു മറുപടി കൂടിയാണ് 100 അംഗ സംഘടനകൾ എന്ന സംഘാടന ശക്തി. ഇതിന്റെ ഭാഗമായി പുതിയ ലോഗോയും ഞങ്ങൾ അവതരിപ്പിച്ചു. ലോകത്തിലേക്കും ഏറ്റവും വലിയതും പുരാതനവുമായ സംഘടനയായി ഫൊക്കാന മാറിയിരിക്കുന്നു. കൂടുതൽ സംഘടനകളെ ഫൊക്കാനയിലേക്ക് എത്തിക്കുവാൻ സാധിച്ചത് സംഘടന ശക്തിയായി മുന്നോട്ടു പോകുന്നതിൻ്റെ തെളിവാണ്. അതിന് ഫൊക്കാനയുടെ പൂർവ്വകാല നേതാക്കളും, ഫൊക്കാനയെ സ്നേഹിക്കുന്ന നിരവധി വ്യക്തികളും ഫൊക്കാനയ്ക്കൊപ്പം നിലകൊണ്ടു . അതിൽ അഭിമാനമുണ്ട്. മറ്റൊരു പുതിയ തീരുമാനം
ഫൊക്കാന വിമെൻസ് ഫോറത്തിനെ പോലെത്തന്നെ മെൻസ് ഫോറവും ഫൊക്കാനയിൽ ആരംഭിക്കാൻ സാധിച്ചു എന്നതാണ്.നല്ല പ്രവത്തനവുമായി മെൻസ് ഫോറവും മുന്നോട്ട് പോകുന്നു.
ചോദ്യം : ഫൊക്കാന കേരളാ കൺവൻഷൻ്റെ വിജയത്തിന് ട്രഷറർ എന്ന നിലയിൽ വഹിച്ച പങ്ക് എന്തെല്ലാമായിരുന്നു ?
ഒരു കൺവൻഷൻ വിജയിപ്പിക്കണമെങ്കിൽ പണം ആവശ്യമാണ്. അവിടെയാണ് ട്രഷററുടെ ഉത്തരവാദിത്വം പ്രതിഫലിക്കേണ്ടത്. ഇവിടെ ഞാൻ നന്ദി പറയുന്നത് രണ്ട് പേരോടാണ് . ഡോ . സജിമോൻ ആൻ്റണിയും , ശ്രീകുമാർ ഉണ്ണിത്താനും . എൻ്റെ രണ്ട് വശങ്ങളിലായി അവർ ഉണ്ടായിരുന്നത് യാതൊരു പരാതികൾക്കും ഇട നൽകാതെ കേരളാ കൺവൻഷൻ വിജയിപ്പിക്കാൻ സാധിച്ചു എന്നതാണ് സത്യം.
കൂട്ടായ പ്രവർത്തനത്തിൻ്റെയും കൃത്യമായ സംഘാടനത്തിൻ്റേയും വിജയമായിരുന്നു കേരളാ കൺവൻഷൻ . മുൻ കാലങ്ങളെ അപേക്ഷിച്ച് വളരെ ടൈറ്റ് ഷെഡ്യൂളിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ച കൺവൻഷൻ ആയിരുന്നു ഫൊക്കാന കുമരകത്ത് നടത്തിയത്.
ആയിരത്തിലധികം കാഴ്ചക്കാരെ മൂന്ന് ദിവസങ്ങളിലായി ഒരു പ്രോഗ്രാമിൻ്റെ ഭാഗമാക്കാൻ സാധിച്ചതാണ് ഒരു പ്രധാന കാര്യം. 2025 ഓഗസ്റ്റ് 1 , 2 , 3 തീയതികളിൽ കുമരകം ഗോകുലം ഗ്രാൻ്റ് റിസോർട്ടിൽ നടന്ന ഫൊക്കാന കേരളാ കൺവൻഷൻ ഉദ്ഘാടനം മുതൽ സമാപനം വരെ ചരിത്രം തിരുത്തിയ പരിപാടികൾ കൊണ്ട് സമൃദ്ധമായിരുന്നു. ഫൊക്കാനയുടെ അംബാസിഡർ കൂടിയായ മന്ത്രി വി എൻ വാസവൻ ഉദ്ഘാനം ചെയ്ത കൺവൻഷനിൽ നിരവധി മന്ത്രിമാർ, പതിനഞ്ചിലധികം എം. എൽ. എമാർ , സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മലയാളത്തിൻ്റെ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥി ആയത് ഏറെ വ്യത്യസ്തത നൽകി.ജോർജി വർഗീസിന്റെ നേതൃത്വത്തിൽ 'ഭാഷയ്ക്കൊരു ഡോളർ',അവാർഡുകൾ വിതരണം ചെയ്തു .26 വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതം സ്കോളർഷിപ്പു വിമെൻസ് ഫോറം ചെയർ രേവതി പിള്ളയുടെ നേതൃത്വത്തിൽ വിമെൻസ് ഫോറം സെമിനാറിൽ നൽകി. ജോൺസൺ സാമുവേലിൻ്റെ നേതൃത്വത്തിലുള്ള
ലൈഫ് ആൻഡ് ലിമ്പുമായി സഹകരിച്ചു 44 പേർക്ക് കൃത്രിമക്കാൽ വിതരണവും നടത്തി.
നിരവധി നിരാലംബർക്ക് ചികിത്സ സഹായവും ഒരാൾക്ക് ഓട്ടോറിക്ഷ നൽകി ഒരു തൊഴിലിന് അവസരമൊരുക്കുകയും ചെയ്തു.
കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ ഫൊക്കാനയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതി യുവാക്കൾക്കുമായി നൽകിവരുന്ന സൗജന്യ നീന്തൽ പരിശീലനമായ സ്വിം കേരളാ സ്വിം പദ്ധതിക്ക് തുടക്കമിട്ടു . രാജ്യാന്തര നീന്തൽ താരം എസ്.പി. മുരളീധരന്റെ നേതൃത്വത്തിൽ സ്വിം കേരളാ സ്വിം ട്രെയിൻ ചെയ്‌ത 150 അധികം കുട്ടികളുടെ നീന്തൽ പ്രകടനം നടന്നു. സ്വിം കേരളാ സ്വിം ൻ്റെ നാലാം ഘട്ടം പാലാ സെൻ്റ് തോമസ് കോളേജിൻ്റെ നീന്തൽകുളത്തിൽ നടത്തി.
പ്രസിദ്ധ സാഹിത്യകാരനും വയലാർ അവാർഡ് ജേതാവുമായ കെ വി മോഹൻ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രസിദ്ധ സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി നടത്തിയ സാഹിത്യ സമ്മേളനം ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയ ഒന്നായിരുന്നു . സാഹിത്യ സമ്മേളനത്തിൽ കേരളത്തിൽ നിന്നുമുള്ള സാഹിത്യ പ്രതിഭകൾക്ക് അവാർഡുകൾ നൽകി ആദരിക്കുകയുണ്ടായി.കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിലെ വ്യക്തികളെ ഒരുവേദിയിൽ എത്തിച്ച് നടത്തിയ മാധ്യമ സെമിനാർ ഏറെ ശ്രദ്ധേയമായി. കൂടാതെ
ബിസിനസ്സ് സെമിനാർ , ലഹരിക്കെതിരെ ഫൊക്കാനയും കേരളാ ഗവൺമെന്റും ലേബർ ഇന്ത്യ സ്കൂളുകളുമായി സംയുക്ത സംരംഭം ,കാരിക്കേച്ചർ ഷോ , നിരവധി കലാപരിപാടികൾ എന്നിവ കൊണ്ട് ഗംഭീരമായ കേരളാ കൺവൻഷൻ ഫൊക്കാനയുടെ ചരിത്രം തിരുത്തിയ കൺവൻഷൻ തന്നെയായിരുന്നു. ഈ വിജയം ഞങ്ങളുടെ കൂട്ടായ്മയുടെ വിജയമായിരുന്നു എന്ന് നിസ്സംശയം പറയാം . കാരണം ഞങ്ങൾ എല്ലാവരും ഒരേ മനസ്സോടെ കഷ്ടപ്പെട്ടതിൻ്റെ ഫലം ഞങ്ങൾക്ക് നൂറ് മടങ്ങ് തിരിച്ചു കിട്ടിയ നിമിഷമായിരുന്നു കേരളാ കൺവൻഷൻ്റെ വിജയം.
ചോദ്യം : ഫൊക്കാന അന്തർദേശീയ കൺവൻഷൻ്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാമോ ?
അമേരിക്കൻ മലയാളികൾ വളരെ ആവേശത്തോടെ പങ്കെടുക്കുന്ന കൺവൻഷനാണ് ഫൊക്കാന അന്തർദ്ദേശീയ കൺവൻഷനുകൾ . ജാതി മത ഭേദമന്യേ മലയാളികൾ ഒത്തുകൂടുന്ന മലയാളി മാമാങ്കം .
ന്യൂജേഴ്സി കലഹാരിയിൽ 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന കൺവൻഷൻ ഏറ്റവും കൂടുതൽ ജന പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന കൺവൻഷനായിരിക്കും എന്നതിൽ തർക്കം വേണ്ട. ഫൊക്കാനയുടെ രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനവും പുതിയവയുടെ തുടക്കവുമാകും കലഹാരി കൺവൻഷൻ .
ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി ഫൊക്കാന കൺവെൻഷന് വേണ്ടി ബുക്ക് ചെയ്ത റൂമുകൾ എല്ലാം 2025ഡിസംബർ 31 ന് മുൻപ് സോൾഡ് ഔട്ട് ആയി എന്നത് തന്നെ ഏറെ ചർച്ച ചെയ്തു കഴിഞ്ഞു. കൺവൻഷൻ വേദികളിൽ നിരവധി പ്രോഗ്രാമുകൾ ഉണ്ട്. പ്രഗത്ഭരായ അതിഥികളുടെ ഒരു നിര തന്നെ കൺവൻഷന് എത്തുന്നു. കലാ , സാംസ്കാരിക , ചലചിത്ര, സാഹിത്യ രംഗത്തെ പ്രഗത്ഭരുടെ സാന്നിധ്യം . അമേരിക്കൻ യുവജന സമൂഹത്തിൻ്റെ നിരവധി പരിപാടികൾ എന്നിവകൊണ്ട് ശ്രദ്ധേയമാകാൻ പോകുന്ന കൺവൻഷനായിരിക്കും ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ.ഫൊക്കാന നാളിതുവരെ നടത്തി വന്നിട്ടുള്ള മലയാളി മങ്ക ഉൾപ്പെടെ ഉള്ള എല്ലാ പ്രോഗ്രാമുകളും മുടക്കമില്ലാതെ ഈ കൺവൻഷനിലും ഉണ്ടാകും. എല്ലാം ഭംഗിയായി സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളുടെ ടീം.
ചോദ്യം: ഫൊക്കാനയിലേക്ക് കടന്നു വരുന്ന ഒരാൾക്ക് ഈ സംഘടന നൽകുന്ന സ്പേസ് എന്താണ്. സ്വന്തം അനുഭവത്തിൻ്റെ വെളിച്ചതിൽ വിലയിരുത്താമോ ?
ഫൊക്കാന എന്ന് പറയുമ്പോള്‍ പ്രതീക്ഷയും, അഭിമാനവുമായ എന്നും ഒപ്പമുള്ള ഒരു സൗഹൃദ പ്രസ്ഥാനമാണ്. ഫൊക്കാന 43വര്‍ഷങ്ങള്‍ പിന്നിടുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ്. എന്നെ സംബന്ധിച്ച് വ്യക്തിപരമായ ഒരു സന്തോഷം പങ്കുവെയ്ക്കുവാനുള്ളത് ഫൊക്കാനയ്ക്കൊപ്പം ഭൂരിഭാഗം സമയത്തും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു എന്നുള്ളതാണ്. ഫൊക്കാനയിലേക്ക് കടന്നു വരുന്ന ഒരാള്‍ക്ക് ഈ സംഘടന നല്‍കുന്ന ഒരു സ്പേസ് ഉണ്ട്. അത് അവരുടെ വളര്‍ച്ചയ്ക്കായി നല്‍കുന്ന ഇടമാണ്. അത് ഒരു പ്രവര്‍ത്തകന് ലഭിക്കുന്ന അംഗീകാരം കൂടിയാണ്. ഫൊക്കാനയ്ക്കൊപ്പം ഒരു സജീവ പ്രവര്‍ത്തകനായി എന്നും ഒപ്പമുണ്ടാകും. അമേരിക്കന്‍ മലയാളി സംഘടനകളിലെ ഏറ്റവും പ്രബലവും കരുത്തുമായ സംഘടന ഇപ്പോള്‍ ഡോ. സജിമോന്‍ ആന്‍റണിയുടെയും, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ഒപ്പം ട്രഷററായായി പ്രവർത്തിക്കുവാൻ സാധിച്ചത് ഒരു അനുഭവം ആയിരുന്നു. ഈ നേതൃത്വത്തില്‍ കൂടുതല്‍ ശക്തിയാര്‍ജജിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് ഫൊക്കാന.
കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ചത് പ്രവാസി മലയാളികളാണ്. അതില്‍ ഫൊക്കാനയുടെ പങ്ക് ചെറുതല്ല. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവാസി സംഘടനകള്‍ ഉണ്ടെങ്കിലും ഫൊക്കാനയോളം ജനകീയതയുള്ള മറ്റൊരു സംഘടന ഇല്ല എന്ന് പറയാം. ഫൊക്കാനയുടെ തുടക്കം മുതല്‍ ഇന്നുവരെ നൂറുകണക്കിന് വീടുകള്‍ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് ഫൊക്കാന നല്‍കിയിട്ടുണ്ട്. അത് ഇത്തവണ ശ്രീകുമാർ ഉണ്ണിത്താൻ്റെ ഭാര്യയുടെ ഓർമ്മകളിൽ ഫൊക്കാന വില്ലേജായി മാറുന്നു. അത് വലിയ അഭിമാനമാണ്. ഇത്തരം സദ് പ്രവർത്തികളിലൂടെയാണ് ഫൊക്കാന കടന്നുപോകുന്നത്. അതാണ് ഫൊക്കാന ജനങ്ങൾക്കും ഞങ്ങൾക്കും നൽകുന്ന സ്പേസ് .
അമേരിക്കന്‍ മലയാളികളുടെ മഹാസംഘടനയായ ഫൊക്കാന (Federation of Kerala Asosciations in North America)യുടെ 2024 - 2026 കാലയളവിലേക്കുള്ള ട്രഷററായി ജോയി ചാക്കപ്പനെ തെരഞ്ഞെടുത്തത്, ഒരു മികച്ച നേതാവിന് അമേരിക്കന്‍ മലയാളികള്‍ നല്‍കിയ വലിയ അംഗീകാരം കൂടിയാണ്. കൊരട്ടിയില്‍ നിന്നാരംഭിച്ച് ന്യൂജേഴ്സിയിലെ മലയാളി സമൂഹത്തിന്‍റെ തിരക്കുള്ള സാംസ്കാരിക ജീവിതത്തിലേക്ക്, പിന്നീട് ഫൊക്കാനയുടെ ട്രഷറര്‍ പദവിയിലേക്ക്, തന്‍റെ ജീവിതയാത്രയില്‍ അദ്ദേഹം എത്തിപ്പിടിച്ചതെല്ലാം ഇപ്പോഴും മനുഷ്യ ഹൃദയങ്ങളില്‍ ജ്വലിച്ചുകൊണ്ടിരിക്കുകയാണ്. മാതൃഭൂമിയുടെ ആത്മാവും അമേരിക്കൻ ഭൂമിയുടെ സംരക്ഷണവുമുള്ള ഒരു നേതാവായി ജോയി ചാക്കപ്പൻ ഫൊക്കാനയുടെ കാഴ്ചപ്പാടിന് അതുല്യമായ സംഭാവനകളുമായി മുന്നോട്ട് പോകുന്നു. ജോയി ചാക്കപ്പൻ ഫൊക്കാനയ്ക്ക് ഒരു നേട്ടം മാത്രമല്ല . എല്ലാവർക്കും മാതൃകയുമാണ്. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.

