കെഎസ്‍ആർടിസി സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമ. എറണാകുളം ആലുവ - മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന ലിറ്റിൽ ഫ്ലവർ ബസാണ് പുരുഷന്മാർക്ക് സൗജന്യയാത്ര നൽകുന്നത്. പ്രതിഷേധ സൂചകമായാണ് പുരുഷന്മാർക്ക് സൗജന്യയാത്ര നൽകുന്നതെന്ന് ബസുടമ ഡേവിസ് വ്യക്തമാക്കി.
സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിക്കുന്ന ജൂൺ 15-ാം തീയതി മുതലാണ് പുരുഷന്മാർക്ക് സൗജന്യയാത്ര അനുവദിക്കുന്നത്. ഇത് സ്വകാര്യബസ് വ്യവസായത്തിന്റെ നിലനിൽപ്പിനുള്ള പ്രതിഷേധമാണെന്ന് ബസുടമ പറഞ്ഞു.
സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നത് നല്ല കാര്യമാണെന്നും എന്നാൽ സ്വകാര്യ ബസുകളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കാര്യമാണെന്നും ഡേവിസ് പറഞ്ഞു. സർക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള സമരമാർഗമാണിത്. തന്റെ റൂട്ടിന്റെ ഭൂരിഭാഗവും കെഎസ്‍ആർടിസിയാണ് സർവീസ് നടത്തുന്നത്. തിങ്കളാഴ്ച മുതൽ ഇന്ദിരഗ്യാരന്റി നടപ്പിലാക്കുമ്പോൾ എന്റെ ബസിന്റെ സ്ഥിതി പരിതാപകരമായിരിക്കും.

