PRAVASI

അവൾ കാണുന്ന പോലെ അല്ല അവന്റെ ലോകം

Blog Image

സ്നേഹിക്കുക എന്നാൽ സ്വാതന്ത്ര്യമില്ലാതാക്കുക എന്ന അവസ്ഥ എത്ര പരിതാപകരം ആണ്.പുരുഷൻ ഒരിക്കലും അംഗീകരിക്കാൻ സാധ്യത ഇല്ലാത്ത കാര്യമാണ് അവന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന കാര്യങ്ങൾ.
അവന്റെ പഴയ കൂട്ടുകെട്ടുകൾ മാറ്റിവെച്ചു പൂർണമായും അവളിലേക്ക് മാറുക എന്നത് അവനെ സംബന്ധിച്ചു അസംഭവ്യം തന്നെയാണ്.
ഒരു സ്ത്രീയെപ്പോലെ ആകാൻ, അവൾ ചിന്തിക്കുന്ന പോലെ ആവാൻ അവനും സാധിക്കണം എന്ന് കടും പിടുത്തം വെക്കുന്നത് സ്ത്രീയുടെ വളരെ വൃത്തികെട്ട മനോഭാവമായി മാത്രമേ അവനു കാണാൻ സാധിക്കു.

ഒരു ബന്ധത്തിൽ ആത്മാർത്ഥമായി വന്നെത്തുന്ന പെണ്ണ് അവളുടെ ലോകം മുഴുവനായി അവൻ എന്ന ബിന്ദുവിലേക്ക് ഒതുക്കുന്നത് അവളുടെ സ്വഭാവമാണ്. വീട്ടുകാരോ കൂട്ടുകാരോ പഴയ ബന്ധങ്ങളോ ഒന്നും അവനോളം വലുതായി അവൾക്ക് പിന്നെ ഇല്ലാ.
അവനിൽ അവരെയെല്ലാം കണ്ടെത്താൻ ഉള്ള കഴിവ് അവൾക്കുണ്ട്.
അവനെ നേടിയെന്നു ഉറപ്പായാൽ, സ്നേഹം സത്യമെന്നു ബോധ്യപ്പെട്ടാൽ ചുറ്റുമുള്ള എല്ലാറ്റിനും നേരെ കണ്ണടച്ച് സ്വയം അവനെന്ന ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യാൻ ആണ് അവൾ ഇഷ്ടപ്പെടുന്നത്.
ഒരേ സമയം ഒരുപാട് ബന്ധങ്ങൾ കൊണ്ടു നടക്കുന്ന സ്ത്രീകൾ ഒന്നിലും ആത്മാർത്ഥത ഉള്ളവർ അല്ല. അത്തരക്കാരെ അല്ല ഇവിടെ പ്രതിപാദിക്കുന്നതും.

പറഞ്ഞ് വന്നത് എന്താണ് വെച്ചാൽ തന്റെ പുരുഷനും അങ്ങനെ ഞാനെന്ന ഒറ്റ വള്ളിയിൽ മാത്രം ഊഞ്ഞാൽ ആടണം എന്നാണ് അവളുടെയും വ്യാമോഹം.
എന്നാൽ വസ്തുത വേറെയാണ്.
അവൾ കാണുന്ന പോലെ അല്ല അവന്റെ ലോകം.
പ്രധാനമായും കൂട്ടുകാർ കഴിഞ്ഞുള്ള ലോകമേ അവനു മറ്റെവിടെയും ഉള്ളു എന്നതാണ് സത്യം. ഒരു പ്രണയത്തിനോ, ഇണക്കോ വേണ്ടി മറ്റൊരു ബന്ധവും ഇല്ലാതാക്കാനോ, ഉപേക്ഷിക്കാനോ അവനു സാധിക്കില്ലെന്നത് പരമാർത്ഥമാണ്. അതിനു അവനെ നിർബന്ധിക്കാതെ ഇരിക്കുക എന്നതാണ് നമ്മൾ (സ്ത്രീകൾ ) ചെയ്യേണ്ട കാര്യം. അവന്റെ മറ്റു ബന്ധങ്ങൾ എല്ലാം ഇതിനൊപ്പം അങ്ങ് പോകാൻ മൗനമായി സമ്മതിക്കുക. (ആത്മാർത്ഥമായി പറ്റില്ല എങ്കിലും).
പരസ്പരമുള്ള വിശ്വാസവും, അതിലൂടെ കിട്ടുന്ന സ്വാതന്ത്ര്യവും ആണ് ഏതു ബന്ധങ്ങളുടെയും നിലനിൽപ്പിനു വേണ്ടത്.
മനസ്സ് അല്പം കട്ടിയാക്കി അത് അംഗീകരിക്കാൻ സാധിച്ചാൽ ബന്ധങ്ങൾ നിലനിൽക്കും.
അല്ലേൽ എന്നെപോലെ അവനും ആകണം എന്ന് വാശി കാണിക്കാൻ നിന്നാൽ സ്നേഹത്തേക്കാൾ വെറുപ്പായിരിക്കും അവനുണ്ടാകാൻ പോകുന്നത്.

പിന്നെ ആരും നമ്മളെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടണ്ട എന്ന് അങ്ങ് വിചാരിക്കണം.നമ്മുടെ വില നമ്മൾ ആയി കളയേണ്ട കാര്യമില്ല. നമ്മൾ കൊടുക്കുന്ന സ്നേഹവും സ്ഥാനവും ബഹുമാനവും ആത്മാർത്ഥതയും അല്ല അതിനേക്കാൾ വലുത് അവനു മറ്റുപലതുമാണ് എങ്കിൽ തുറന്നു വിട്ടേക്കുക.
അത് നമ്മൾ അത്രമേൽ കൂടെ നിക്കണം എന്ന് ആഗ്രഹിക്കുന്ന ആരായാലും ശരി മനസ്സ് കൊണ്ടു ഉപേക്ഷിക്കുക.

മാധവിക്കുട്ടി പറയുന്ന പോലെ സ്വന്തമെന്നു കരുതുന്നതിനെ അങ്ങ് തുറന്നു വിട്ടേക്കുക.
തുറന്നു വിടാൻ മനസ്സിന് വലിയ പ്രയാസമാണ്.എങ്കിലും നിനക്കുള്ളത് നിന്നിലേക്ക് വരുമെന്ന് ഉറപ്പ് മനസ്സിന് കൊടുക്കുക. നിങ്ങളുടെ സ്നേഹം ആത്മാർത്ഥമെങ്കിൽ തിരിച്ചു വരുമെന്ന് അഹങ്കരിക്കുക. കടമയോ കടപ്പാടുകളോ അല്ലാതെ സ്നേഹത്തിൽ മുഴുകി മാത്രം
ബന്ധങ്ങൾ നിലനിൽക്കട്ടെ.

അച്ചു ഹെലൻ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.