തലമുറകള്‍ തന്നു പോയ രാഷ്ട്രീയ ബോധം അങ്ങനെയാണ്, അത് രക്തത്തിലും മജ്ജയിലും മാംസത്തിലും എല്ലാം നിറഞ്ഞു നില്‍ക്കും. കേരള രാഷ്ട്രീയത്തില്‍ കെ.എം. മാണി എന്ന പാലാക്കാരുടെ സ്വന്തം മാണി സാര്‍ എങ്ങനെ അടയാളപ്പെട്ടുവോ അത്രതന്നെ ഭംഗിയായി ജോസ് കെ. മാണിയും എഴുതപ്പെട്ടിരിക്കുന്നു. നിലപാടുകള്‍ കൊണ്ടും നാടിന് വേണ്ടിയുള്ള മുന്നേറ്റം കൊണ്ടും ചരിത്രത്തിലെ അതേ ജനകീയത വര്‍ത്തമാന കാലത്തിലും അദ്ദേഹം നിലനിര്‍ത്തുന്നു.
കേരളാ കോണ്‍ഗ്രസ്സ് എം ചെയർമാനും പാലായിൽ നിന്നും എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ജോസ് കെ. മാണി എം.പി കേരളാ എക്സ്പ്രസുമായി തന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും വികസന സ്വപ്നങ്ങളെ കുറിച്ചും മനസ്സ് തുറക്കുന്നു.
ചോദ്യം :പാലായിൽ നിന്നും വീണ്ടും ജനവിധി തേടുകയാണല്ലോ .പാലാക്കാരുടെ മുൻപിലേക്ക് വയ്ക്കുന്ന രാഷ്ട്രീയം എന്താണ് ?
ഉത്തരം :വികസനത്തിന്റെ രാഷ്ട്രീയം മാത്രമാണ് മുന്നോട്ട് വയ്ക്കുന്നത് .കഴിഞ്ഞ പത്തു വർഷത്തെ ഇടതുമുന്നണിയുടെ വികസനപ്രവർത്തങ്ങൾ പാലായിലെ ജനങ്ങളും കണ്ടതാണ് .ഒരു ജനപ്രതിനിധി എന്ന നിലയിൽ പാലായുടെ വികസനത്തിന് വേണ്ടിഎക്കാലവും പ്രവർത്തിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ കഴിഞ്ഞ 17 വര്‍ഷക്കാലം നമ്മുടെ നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി ഞാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്.
പാലാ ട്രിപ്പിള്‍ ഐടി, സയന്‍സ് സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍ കോട്ടയം ക്യാമ്പസ്, മുത്തോലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങി നമ്മുടെ നാടിനെ രാജ്യത്തിന്റെ വികസനഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന കേന്ദ്രസ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.
പാലാ ഗവണ്‍മെന്റ് ആശുപത്രിയോട് ചേര്‍ന്ന് രാജീവ് ഗാന്ധി ബയോ ടെക്‌നോളജി ലാബ്, ക്യാന്‍സര്‍ ബ്ലോക്ക് തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുവാനും സാധിച്ചു. മികച്ച റോഡുകളും അടിസ്ഥാന സൗകര്യവികസനവും ഇലവീഴാപ്പൂഞ്ചിറ ഉള്‍പ്പെടെയുള്ള ടൂറിസം മേഖലയുടെ വളര്‍ച്ചയും ഉറപ്പാക്കാന്‍ കഴിഞ്ഞത് പാലായിലെ ജനങ്ങൾ നല്‍കിയ കലവറയില്ലാത്ത പിന്തുണ കൊണ്ടാണ്.
എന്റെ പിതാവ് ശ്രീ കെ. എം. മാണിയുടെ നേതൃത്വത്തില്‍ 1965 മുതല്‍ 50 വര്‍ഷത്തിലേറെക്കാലമായി നടന്ന പാലായുടെ വികസനം കേരളത്തിന് മാത്രമല്ല, രാജ്യത്തിനുതന്നെ തന്നെ ഉദാത്ത മാതൃകയായിരുന്നു. പാലായുടെ നഷ്ടപ്പെട്ട ആ സുവര്‍ണ്ണനാളുകള്‍ വീണ്ടെടുക്കേണ്ടതുണ്ട്. പാലായിലെ എന്റെ പ്രിയപ്പെട്ട ഓരോരുത്തരുടെയും വിശ്വാസവും സ്‌നേഹവുമാണ് എന്നും എക്കാലത്തും എന്റെ കരുത്ത്. അത് പാലായിലെ ജനങ്ങൾക്കും അറിയാം. ഇത്തവണ പാലായിലെ വോട്ടർമാർ അത് തിരിച്ചറിയും എന്നെനിക്ക് ഉറപ്പുണ്ട്. കാരണം ഇടതുമുന്നണിയുടെ വികസന തുടർച്ച തുടരുമ്പോൾ പാലായിൽ കേരളാ കോൺഗ്രസ് എമ്മിന് എം. എൽ. എ കൂടി ലഭിച്ചാൽ വലിയ മാറ്റങ്ങൾ ഇനിയും പാലായ്ക്ക് ഉണ്ടാകും എന്ന് നൂറ് ശതമാനം ഉറപ്പാണ്.

ചോദ്യം: വളരെ ചിന്തിച്ചും, സൂക്ഷിച്ചും മാത്രം വികസനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഒരു അന്തരീക്ഷമാണ് കോട്ടയം ജില്ലയുടേത്. അവിടെ എങ്ങനെ സയന്‍സ് സിറ്റി എന്ന ആശയം പ്രസക്തമാകുന്നു.
ഉത്തരം: കോട്ടയം ജില്ലയുടെ വികസന ചരിത്രത്തില്‍ ഒരു വലിയ നാഴികക്കല്ലായി മാറേണ്ട പദ്ധതിയാണ് സയന്‍സ് സിറ്റി. ഞാന്‍ കോട്ടയത്തെ ലോക്സഭാംഗമായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാരുമായി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ഇടപെടലുകളുടെയും ഫലമായാണ് കുറവിലങ്ങാട്ട് 30 ഏക്കറില്‍ 100 കോടി രൂപ മുതല്‍മുടക്കി സയന്‍സ് സിറ്റിയുടെ നിര്‍മ്മാണം ആരംഭിച്ചത്. അന്നേ എനിക്ക് ഉറപ്പുണ്ട്, ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ ജില്ലയുടെ മുഖം തന്നെ മാറുമെന്ന്.
സ്പെയ്സ് തിയേറ്റര്‍, എന്‍ട്രന്‍സ് പ്ലാസ, മോഷന്‍ സിമുലേറ്റര്‍, ഓപ്പണര്‍ എയര്‍ ഓഡിറ്റോറിയം, ഇലക്ട്രിക്കല്‍ സബ്സ്റ്റേഷന്‍സ്, കോബൗണ്ട് വാള്‍, ഗേറ്റുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. വരുന്ന സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന ബജറ്റില്‍ 25 കോടി രൂപയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് വേണ്ടി അനുവദിച്ചിരിക്കുന്നത്. അതിന്‍റെ ആദ്യഘട്ടമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എല്‍ ഡി എഫ് ഗവണ്മെന്‍റിന്‍റെ പ്രത്യേകത തന്നെ വികസനത്തിനും നാടിന്‍റെ വളര്‍ച്ചക്കും നല്‍കുന്ന മുന്‍തൂക്കമാണ്. അതിന് ഞാനൊരു കാരണക്കാരനായി എന്ന് മാത്രം.
ചോദ്യം: പാലാക്കാരുടെ വര്‍ഷങ്ങളായിട്ടുള്ള ഒരു സ്വപ്നമാണ് മീനച്ചില്‍ താലൂക്കില്‍ പൂര്‍ത്തിയാക്കിയ ഐ.ഐ.ഐടി. കേന്ദ്രത്തിന്‍റെ ഈ പദ്ധതി കേരളത്തിലേക്ക് എത്തിക്കാന്‍ എത്രത്തോളം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്? പ്രത്യേകിച്ച് വികസന പദ്ധതികളുടെ കാര്യത്തില്‍ കേരളത്തെ തഴയുന്ന നയം കേന്ദ്രം സ്വീകരിക്കുന്ന ഒരു സാഹചര്യത്തില്‍?
ഉത്തരം: കേരളം ആവശ്യപ്പെട്ട ഫണ്ടുകളൊക്കെ കേന്ദ്രം അനുവദിച്ചിരുന്നെങ്കില്‍, നമ്മുടെ സംസ്ഥാനം വികസനത്തിന്‍റെ മറ്റൊരു തലത്തിലേക്ക് എത്തുമായിരുന്നു. അവിടെയാണ് പലപ്പോഴും ഈ തഴയപ്പെടുന്നതിന്‍റെ ഒരു പ്രശ്നമുടലെടുക്കുന്നത്.
കോട്ടയത്തെ കേരളത്തിന്‍റെ നോളജ് ഹബ് ആയി മാറ്റുക എന്നത് ഇവിടുത്തെ ജനങ്ങളുടെയും അതുപോലെതന്നെ എന്‍റെയും ഒരു വലിയ ആഗ്രഹമായിരുന്നു. അതിന് ഇത്തരത്തില്‍ ഒരു പദ്ധതി അനിവാര്യവുമായിരുന്നു. അതുകൊണ്ടുതന്നെ നിരന്തരമായിട്ടുള്ള ചര്‍ച്ചകളും മറ്റും നടത്തിയാണ് ഇന്നീ കാണുന്ന നിലയിലേക്ക് ആ സ്വപ്നത്തെ ഉയര്‍ത്തിയെടുത്തത്.
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മീനച്ചില്‍ താലൂക്കിലെ വലവൂരിലെ 55 ഏക്കര്‍ സ്ഥലത്ത് ഇന്ന് പൂര്‍ത്തിയായി നില്‍ക്കുമ്പോള്‍ അതിന് വര്‍ഷങ്ങള്‍ നീണ്ട കഷ്ടപ്പാടിന്‍റെ കഥകളും പറയാനുണ്ട്. ഏകദേശം 250 കോടിയോളം രൂപയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് വേണ്ടി അവിടെ മുടക്കിയിട്ടുള്ളത്. രണ്ടായിരത്തോളം കുട്ടികള്‍ ഇപ്പോള്‍ തന്നെ ആ ക്യാമ്പസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതായത് കുട്ടികള്‍ക്ക്, വളര്‍ന്നുവരുന്ന നമ്മുടെ പുതുതലമുറയ്ക്ക് പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനുവേണ്ടി സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കേണ്ടത് നമ്മളാണ്.
വെറുമൊരു ഐ.ഐ.ഐ.ടി മാത്രമല്ല അതിന്‍റെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നതിനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഐ.ഐ.ഐ.ടിക്കൊപ്പം ഒരു ഇന്‍ഫോസിറ്റിയും സ്ഥാപിക്കണം (ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം ഇന്‍ഡസ്ട്രി) എന്ന ആശയം ഉയരുന്നത്. ഇത് പുതിയ തലമുറയ്ക്ക് ഐ.ടി. മേഖലയില്‍ ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും സൗകര്യമൊരുക്കും എന്നതാണ് അഭിമാനകരം.

ചോദ്യം: ഇടതുമുന്നണിക്ക് കര്‍ഷക രോടുള്ള സമീപനത്തെ എങ്ങനെ വിലയിരുത്തുന്നു ?
ഇടതു മുന്നണിയുമായി കര്‍ഷക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ കര്‍ഷക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കേരളാ കോണ്‍ഗ്രസ് ആണ്. അതിന്‍റെ ഫലം എന്നോണം ഒരു പരിധിവരെ കേരളത്തിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത് ഇടതുമുന്നണി തന്നെയാണ്. പട്ടയത്തിന്‍റെ വിഷയം തന്നെ എടുക്കാം. അവിടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പറഞ്ഞത് കോടതിയാണ്. അത് ഉപാധികളോടെയാണ്. അവിടെ നിയമം മൂലം കര്‍ഷകര്‍ക്കും കുടിയേറ്റ ജനതയ്ക്കും ജീവിത നിലനില്പിന് ആവശ്യമായ രീതിയില്‍ മാറ്റം ഉണ്ടാക്കുവാന്‍ ശ്രമിച്ചത് ഇടത് സര്‍ക്കാരാണ്. അതിനെ വിസ്മരിക്കാന്‍ കഴിയില്ല. കാരണം അത് ചരിത്രമാണ്.
റബ്ബര്‍ കര്‍ഷകരുടെ കാര്യം എടുക്കുകയാണെങ്കില്‍ റബ്ബറിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ 150 രൂപയാണ് വില. ഈ പ്രശ്നങ്ങളിലൊക്കെ നമ്മെ ഞെരുക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഇവിടെ ഒരു പൊളിറ്റിക്കല്‍ ഗെയിം ഉണ്ട്. ബി.ജെ.പിക്ക് രാഷ്ട്രീയ നേട്ടം ഇല്ലെങ്കില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായും രാഷ്ട്രീയമായും ഞെരുക്കുക എന്നതാണ് അവരുടെ തന്ത്രം. കേരളാ കോണ്‍ഗ്രസിന്‍റെയും, കേരളാ ഗവണ്‍മെന്‍റിന്‍റേയും ഇടപെടല്‍ മൂലം വരുംകാലത്ത് റബ്ബര്‍ കര്‍ഷകരുടെ കാര്യത്തില്‍ വലിയ മാറ്റം ഉണ്ടായേക്കാം.
ചോദ്യം: കേരളത്തിന്‍റെ വികസനത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാടുകളെ എങ്ങനെ വിലയിരുത്തുന്നു?
ബി.ജെ.പിക്ക് രാഷ്ടീയ നേട്ടം ഇല്ലാത്ത സംസ്ഥാനങ്ങളെ രാഷ്ട്രീയമായും, സാമ്പത്തികമായും ഞെരുക്കുക. തമിഴ് നാടിനെ നോക്കിയാലും ഇതേ വിഷയം തന്നെയാണ്. എങ്കിലും കേരളാ കോണ്‍ഗ്രസ് ആണ് മുന്നണിയുടെ ശ്രദ്ധയില്‍ പെടുത്തി ചില ഇടപെടലുകള്‍ മൂലം റബ്ബറിന്‍റെ താങ്ങുവില 150 ല്‍ നിന്ന് 180-ലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു.
കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് നല്‍കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ സാറ്റലൈറ്റ് സര്‍വേയ്ക്ക് പകരം വില്ലേജ് - പഞ്ചായത്ത് സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട് സര്‍വ്വേ നടത്തണമെന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും സര്‍ക്കാര്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചോദ്യം: മലയോര കര്‍ഷകര്‍ കേരളാ കോണ്‍ഗ്രസിന്‍റെ അടിസ്ഥാന വര്‍ഗമാണ്. കര്‍ഷകര്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുമ്പോള്‍ വനം മന്ത്രിയുടേയും സര്‍ക്കാരിന്‍റെയും കഴിവില്ലായ്മയെ പാര്‍ട്ടി എങ്ങനെ കാണുന്നു?
ഉത്തരം: കര്‍ഷകരും വന്യജീവികളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് കാലം ഒരുപാട് ആയി. രണ്ടിടത്തും നിലനില്‍പ്പിനു വേണ്ടി പോരാടുന്നതുകൊണ്ട് തന്നെ അത് കുറയ്ക്കാന്‍ മാത്രമേ നമ്മളെ കൊണ്ട് പറ്റുകയുള്ളൂ. മലയോര കര്‍ഷകരുടേയും, വന്യമൃഗ പ്രശ്നങ്ങളെയും സംബന്ധിച്ച് പാര്‍ലമെന്‍റില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് തോമസ് ചാഴികാടനും, രാജ്യസഭയില്‍ ഞാനുമാണ്.
ചോദ്യം: കേരളത്തിലെ പുതിയ തലമുറ കേരളം വിട്ട് പുറത്തേക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും പോകുന്ന പ്രവണത കൂടി വരികയല്ലേ? കേരളത്തിലെ തൊഴിലില്ലായ്മയും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്‍റെ സാധ്യതയില്ലായ്മയുമല്ലേ അത് സൂചിപ്പിക്കുന്നത്?
ഉത്തരം: എം.പി എന്ന നിലയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത് എന്‍റെ മണ്ഡലത്തെ കോട്ടയത്തെ ഒരു നോളഡ്ജ് ഹബ് ആക്കി മാറ്റുക എന്നായിരുന്നു. കേരളം സ്റ്റാര്‍ട്ടപ്പിന്‍റെ കേന്ദ്രമാക്കുക, കേരളം കണ്ടുപിടുത്തത്തിന്‍റെ കേന്ദ്രമാക്കുക. നമുക്ക് പഠിക്കാന്‍ ഇവിടെ തന്നെ അവസരങ്ങള്‍ ഉണ്ടാക്കുക. സ്വകാര്യ സര്‍വ്വകലാശാലകള്‍ വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. പക്ഷേ, നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കുവാന്‍ അവിടെ അവസരം ലഭിക്കണം.

ചോദ്യം: കോട്ടയം ജില്ലയില്‍ എയിംസ് വരാന്‍ സാധ്യതയുണ്ടോ ?
കോട്ടയം ജില്ലയില്‍ എയിംസ് കൊണ്ടുവരുന്നതിനായി ആരോഗ്യമന്ത്രി ആയിരുന്ന ഹര്‍ഷവര്‍ദ്ധനനെ കണ്ടതാണ്. കോട്ടയം മെഡിക്കല്‍ കോളജിനടുത്ത് 100 ഏക്കര്‍ സ്ഥലം കണ്ടുപിടിച്ച് ഒരു പ്രോജക്ട് ആയിട്ടാണ് അദ്ദേഹത്തെ സമീപിച്ചത്. അദ്ദേഹം അത് പരിഗണിക്കാമെന്ന് പറഞ്ഞതാണ്. പിന്നീട് അതിന്‍റെ ഫോളോ അപ്പിനായി ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു 200 ഏക്കര്‍ വേണം എന്ന്. ഭുവനേശ്വര്‍ എയിംസിന് 90 ഏക്കറേ ഉള്ളല്ലോ എന്ന് ഞാന്‍ പറഞ്ഞു. സംഭവം നടന്നില്ല. അപ്പോള്‍ എന്താണ് കാര്യം. ഇതെല്ലാം പൊളിറ്റിക്കല്‍ ആണ്. പൊളിറ്റിക്കല്‍ അജണ്ട ഉള്ളതു കൊണ്ടാണ് ഇതൊന്നും നടക്കാത്തത്.
നമ്മുടെ കുട്ടികള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഊര്‍ജ്വസ്വലരാക്കാന്‍ പദ്ധതികള്‍ ഉണ്ടാവണം 'വണ്‍ എം.പി. വണ്‍ ഐഡിയ' എന്ന ഒരു പദ്ധതി എം.പിമാര്‍ക്ക് ഉണ്ട്. ഒരു കണ്ടുപിടുത്തം നടത്തുന്ന ഒരു കുട്ടിക്ക് 5 ലക്ഷം രൂപ നല്‍കും. എന്‍റെ മണ്ഡലത്തില്‍ അങ്ങനെ ഇന്ത്യയില്‍ ആദ്യമായി കോട്ടയത്ത് നടത്തി.
ചോദ്യം: കേരളാ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനുമായുള്ള സൗഹൃദം?
കേരളത്തിന്‍റെ മുഖ്യമന്ത്രി എന്ന നിലയിലും ഒരു സുഹൃത്ത് എന്ന നിലയിലും നല്ല ബന്ധമാണ് അദ്ദേഹവുമായി എനിക്കുള്ളത്. അദ്ദേഹത്തെ സമീപിച്ച് ഒരു വിഷയം ഉന്നയിച്ചാല്‍ അത് നടക്കുമെങ്കില്‍ നടക്കും എന്ന് പറയും. നോ പറഞ്ഞാല്‍ പിന്നെ അതിന്‍റെ പിറകെ പോയിട്ട് കാര്യമില്ല. യു ഡി. എഫില്‍ അങ്ങനെ അല്ലായിരുന്നു. പിറകെ കുറെ നടക്കണം, എന്തെങ്കിലും ലഭിക്കുന്നത് ചിലപ്പോള്‍ മാത്രം.
ചോദ്യം: കെ.എം. മാണിസാറിനെ എങ്ങനെ വിലയിരുത്തും?
ഉത്തരം: കെ.എം. മാണി കേരള പൊതുസമൂഹത്തിന്‍റെ സ്വത്ത് ആണ്. അദ്ദേഹത്തെ അറിയാവുന്ന ഏതൊരാളോടു ചോദിച്ചാലും അവര്‍ പറയും അദ്ദേഹം അവരുടേതാണെന്ന്. സഭകള്‍, സമുദായങ്ങള്‍, വ്യക്തികള്‍ എല്ലാവരുടേയും ആയിരുന്നു അദ്ദേഹം. അതൊരു പ്രത്യേക വ്യക്തിത്വമാണ്. 60 വര്‍ഷമായി ശക്തമായി കേരളാ കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത് കെ.എം. മാണി എന്ന വ്യക്തിത്വത്തിന്‍റെ പ്രഭയില്‍ തന്നെയാണ്. ആ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്. കര്‍ഷകരുടെ ഏത് പ്രശ്നങ്ങള്‍ എടുത്താലും അവയുടെ പരിഹാരങ്ങള്‍ക്കും സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ആദ്യം മുന്നിട്ടിറങ്ങുന്നത് മാണിസാറും കേരളാ കോണ്‍ഗ്രസും ആയിരുന്നു. ഇപ്പോള്‍ ഞങ്ങളും....
ഞങ്ങള്‍ തമ്മിലുള്ള സംഭാഷണം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ എനിക്കൊരു കാര്യം വ്യക്തമായി. സമൂഹത്തിന്‍റെ ഏതൊരു കാര്യത്തിലും ജോസ് കെ. മാണിക്ക് കൃത്യമായ ധാരണയും തീരുമാനങ്ങളും ഉണ്ട്. അത് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്നും തന്നെ വ്യക്തമാണ്. എങ്ങനെയാണോ ഒരു നേതാവ് ആയിരിക്കേണ്ടത് എന്നതിന്‍റെ എല്ലാ അടയാളവും ഈ സംഭാഷണത്തില്‍ അദ്ദേഹം ബാക്കി വെച്ചിട്ടുണ്ട് .



