PRAVASI

പാഠശാലകളുടെ അടിവേര് ഇളക്കാൻ സമയമായോ

Blog Image

വിദ്യാഭ്യാസ മേഖലയിൽ നിലവാര തകർച്ച സംഭവിക്കുന്നത് എന്ത്കൊണ്ട്..? കാരണം വിദ്യാർത്ഥികളോ, അധ്യാപകരോ, സർക്കാരോ, അതോ വർഷങ്ങളായി തുടർന്ന് വരുന്ന വിദ്യാഭ്യാസ സംവിധാനമോ..
വർഷങ്ങളായി ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുമായി ഇടപഴകുന്നു.
സാമുഹ്യ ജീവി എന്ന നിലയിൽ സമൂഹത്തിൽ നടക്കുന്ന വിവിധ സംഭവ വികാസങ്ങൾ അവലോകനം ചെയ്യുന്നു.
യഥാർത്ഥത്തിൽ വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടത് ലഭിക്കുന്നുണ്ടോ...!!
ഇവാൻ ഇല്ലിച്ച്(Evan Illich) തൻ്റെ ഡീസ്‌കൂളിംഗ് സൊസൈറ്റി (Deschooling Society) എന്ന ഗ്രന്ഥത്തിൽ നിലവിലെ വിദ്യാഭ്യാസ സംവിധാനത്തെ വിമർശനാത്മകമായി വിലയിരുത്തുന്നു.
ഔപചാരിക വിദ്യാഭ്യാസ (formal education) സ്ഥാപനങ്ങൾ സാമൂഹ്യ ജീവി എന്ന നിലയിൽ വിദ്യാർത്ഥിക്ക് ലഭിക്കേണ്ട അറിവുകൾ ഉറപ്പ് തരുന്നില്ല. എന്നാൽ സമൂഹത്തിൽ നിലനിൽക്കണമെങ്കിൽ, ജീവിതത്തിൽ വിജയിക്കണമെങ്കിൽ ഔപചാരിക വിദ്യാഭ്യാസം(formal education) അനിവാര്യമാണ് എന്ന തെറ്റിദ്ധാരണയാണ് ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ (formal educational institutions) വളർത്തി എടുക്കുന്നു.
യഥാർത്ഥത്തിൽ, അനുഭവത്തിലൂടെയുള്ള അറിവിനെയാണ് (knowledge based on experience) വിദ്യാഭ്യാസം എന്ന് പറയുന്നത്. വിദ്യാർഥിയുടെ, താൽപര്യം, കാഴ്ചപ്പാട്, എന്നിവ നോക്കാതെ, ഒരു കർക്കശമായ (Rigid) സിലബസിൻ്റെ അടിസ്ഥാനത്തിൽ നൽകുന്ന വിദ്യാഭ്യാസം, വിദ്യാർഥിയുടെ അറിയാനുള്ള ജിജ്ഞാസയെ ഇല്ലാതാക്കാൻ കാരണമാവും. 
പുതുതായി നടപ്പാക്കിയ FYUGP ( Four year Under graduate program) ഇതിൽ ഒരു മാറ്റം വരുത്താൻ ഉള്ള ശ്രമമായി മനസ്സിലാക്കാം.
വിദ്യാർത്ഥികൾക്ക് ഏത് വിഷയവും തിരഞ്ഞെടുക്കാം, മേജർ (Major) , മൈനർ(Minor), MDC( Multi Disciplinary courses) എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വിദ്യാർത്ഥികൾക്ക് പുതിയ ചിറകുകൾ സമ്മാനിക്കുകയാണ് പുതിയ സംവിധാനം ചെയ്യുന്നത്.
2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിലൂടെയാണ് ഈ രീതി നടപ്പിലാക്കാൻ തുടങ്ങിയത്. 2013 ൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ (Delhi University) ഇത് നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും പിന്നീട് അത് നിർത്തലാക്കി.
എന്നാൽ വിദ്യാഭ്യാസ മേഖലയിലെ നിലവാര തകർച്ച പരിഹരിക്കാൻ ഇത് ഒരു മാർഗ്ഗമാണോ.? 
വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തെ, ജോലി നേടാനുള്ള ഒരു ഉപാധി മാത്രമായി കാണുന്നു. വിദ്യാഭ്യാസ നയത്തിൽ മാറ്റം കൊണ്ട് വന്നാലും, വിദ്യാർത്ഥികളുടെ മനോഭാവത്തിൽ മാറ്റം വരാതെ, ഈ നിലവാര തകർച്ചക്ക് പരിഹാരമായില്ല.
ചില വിരുതന്മാർ, ശരീരത്തിലും വസ്ത്രത്തിലും ഉത്തരങ്ങൾ എഴുതിയ കടലാസ് തുണ്ടുകളുമായി പരീക്ഷാ കേന്ദ്രത്തിൽ വരുന്നതും, അസൈൻമെൻ്റ് സബ്മിറ്റ് ചെയ്യാൻ പറയുമ്പോൾ മറ്റു വിദ്യാർത്ഥികൾ എഴുതിയത് വാങ്ങി കോപ്പി അടിക്കുന്നതും, അത് തന്നെ പേര് മാറ്റി സബ്മിറ്റ് ചെയ്യുന്നതും കാണാം. വിരുതന്മാർ വിചാരിക്കുന്നത്, അവർ, സ്വന്തമായി പഠിച്ച് എഴുത്തിയവരെക്കാൾ കേമൻമാരാണ് എന്നാണ്. 
സർട്ടിഫിക്കറ്റും ജോലിയും മാത്രം ലക്ഷ്യമാക്കി വരുന്ന വിദ്യാർത്ഥികളോട് അദ്ധ്യാപകന് പറയാൻ എന്ത് മറുപടിയാണ് ഉള്ളത്..!!
അതോ, ഈ കാഴ്ചപ്പാട് വിദ്യാർത്ഥിയിൽ വളർത്തിയെടുത്തത് അധ്യാപകർ തന്നെയാണോ...!!!
ചില വിദ്യാർത്ഥികൾ ചോദിക്കാറുണ്ട്, സാറേ, ഈ കോഴ്സ് ചെയ്താൽ എന്ത് ജോലിയാണ് കിട്ടുക, എന്നൊക്കെ...!!
മാർക്സിയൻ തത്ത്വചിന്തകനായ ലൂയിസ് ആൽത്യൂസർ (Louis Althusser) വിദ്യാഭ്യാസം Ideological state aparatus ൻ്റെ 
ഭാഗമായി വിശദീകരിക്കുന്നു.
അധികാര വർഗ്ഗത്തിൻ്റെ അല്ലെങ്കിൽ മുതലാളി വർഗ്ഗത്തിൻ്റെ, താൽപര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ  അടച്ചേൽക്കുകയും, അതിലൂടെ, വിമർശനാത്മകമായി ചിന്തിക്കാത്ത, അനുസരണയുള്ള ഒരു കൂട്ടം "തൊഴിലാളികളെ" സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു!!
സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി രൂപപെടുത്തുന്നതിന് പകരം, തൊഴിൽ നൽകുന്നവന് എന്തെല്ലാം കഴിവുകളാണോ ആവശ്യപ്പെടുന്നത്, അതിനു മാത്രം പ്രാധാന്യം നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസം  നൽകാൻ ശ്രമങ്ങൾ നടക്കുന്നു. ഇതിലൂടെ സാമുഹിക, രാഷ്ട്രീയ സാമ്പത്തിക, ചുറ്റുപാടുകളിലെ വിവേചനവും അസമത്വവും ചോദ്യം ചെയ്യുന്ന വിമർശനാത്മക ചിന്തകൾ ഇല്ലാതാകുന്നു.
ഡിഗ്രിയും സർട്ടിഫിക്കറ്റും ഉള്ളവന് ജോലിയും അവസരവും ലഭിക്കുമെന്നും, ഇല്ലാത്തവർ പിന്തള്ളപ്പെടുമെന്നും ഉള്ള മിഥ്യാ ധാരണ രൂപപ്പെടുന്നു. അത് അസമത്വം (inequality) ഉണ്ടാവാൻ കാരണമാകുന്നു.
Education = Job = Success എന്ന സമവാക്യം യുവാക്കൾക്കിടയിൽ അടിച്ചേൽപ്പിക്കപ്പെടുന്നു!!
ഗുരു, തൻ്റെ അറിവ് പകരുന്നതോടൊപ്പം കാഴ്ചപ്പാടും വീക്ഷണവും കൂടി പകർന്നു നൽകുമ്പോഴല്ലാതെ ഇതിന് ഒരു മാറ്റം സംഭവിക്കില്ല. അതിന് വ്യക്തമായ കാഴ്ചപ്പാടും വീക്ഷണവും ഉള്ള ഗുരു അനിവാര്യമാണ്...!!!
"ഒരു സൂര്യനിനിയും ബാക്കിയുണ്ടെന്നൊരു മല സ്വന്തം സൂര്യനോടോതി...
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാൻ പടരുന്ന രാത്രിയോടോതി", എന്ന സച്ചിദാനന്ദൻ്റെ വരികൾ പ്രാധാന്യമർഹിക്കുന്നു. യഥാർത്ഥ വീക്ഷണം പകർന്നു കിട്ടുന്നതിന്, വീക്ഷണമുള്ള ഒരു ഗുരു ആവശ്യമാണ്, ഒരു സാമൂഹ്യ പരിഷ്കർത്താവ് ആവശ്യമാണ്...!! ഒരു സൂര്യൻ കാലഘട്ടത്തിൻ്റെ ആവശ്യമാണ്...!! അത് ഒരു ജീവ ശ്വാസമായി, ഞരമ്പിലെ മിടിപ്പായി വന്ന്, തീജ്വലയായി, ഒരു സൂര്യനായ് മാറുന്നു.!!
അല്ലാമാ ഇഖ്ബാൽ പാടിയത് പോലെ, "ഹസാരോ സാൽ നർഗീസ് അപ്‌നി ബെ നൂരി പേ രോതി ഹേ, ബഡീ മുഷ്കിൽ സെ ഹോതാ ഹേ ചമൻ മെ ദീദാവർ പൈദാ".
നർഗീസ് പുഷ്പം, കണ്ണിൻ്റെ രൂപത്തിൽ ഉള്ള ഒരു പുഷ്പമാണ്. എന്നാലും അതിനു കാഴ്ച എന്ന പ്രയാസത്തിൽ കരഞ്ഞുകൊണ്ടിരിക്കുന്നു. വളരെ വിരളമായി മാത്രമേ ഈ പൂന്തോട്ടത്തിൽ കാഴ്ചയുള്ള ഒരു നർഗീസ് പുഷ്പം പിറക്കാറുള്ളൂ എന്ന് കവി പറയുന്നു..
ഒരു ശില്പി നല്ലൊരു ശിൽപം മെനയുന്നത് എങ്ങനെയാണ്? വർഷങ്ങളോളം തൻ്റെ ഗുരുവിൻ്റെ സഹവാസത്തിൽ നിൽക്കുകയും, ഗുരുവിൻ്റെ കാഴ്ചപ്പാടും വീക്ഷണവും സ്വന്തം വീക്ഷണമായി മാറ്റുകയും, ഗുരു കൈകൾ ചലിപ്പിക്കുന്നത് പോലെ ശിഷ്യനും ചലിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഒരു നല്ല ശില്പി രൂപപ്പെടുന്നത്...!

പ്രൊഫ.മുഹമ്മദ് ഫുഹദ്  പി.കെ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.