കൊച്ചി: 500 രൂപ മുതൽ ഏറ്റവും വിലകൂടിയ മദ്യം വരെ ലഭിക്കുന്ന ബെവ്കോ ഔട്ട്ലെറ്റ് ഇനി മെട്രോ സ്റ്റേഷനിലും. കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ സംസ്ഥാന ബിവറേജസ് കോർപറേഷന്റെ ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റിന് തുടക്കമായി. 'ഹൈ സ്പിരിറ്റ്- എ ബെവ്കോ ബൊട്ടീക്' എന്ന് പേരിട്ടിരിക്കുന്ന ഈ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ എം ഡി ലോക്നാഥ് ബെഹ്റ നിർവഹിച്ചു.
സാധാരണക്കാർക്ക് അപ്പുറം വിനോദസഞ്ചാരികളെയും പ്രീമിയം മദ്യം ആഗ്രഹിക്കുന്നവരേയും ലക്ഷ്യമിട്ടാണ് ബെവ്കോ പുതിയ സംരംഭം ആരംഭിച്ചത്. കോഴിക്കോടിനും തൃശൂരിനും ശേഷം ബെവ്കോ തുറക്കുന്ന മൂന്നാമത്തെ സൂപ്പർ പ്രീമിയം ഔട്ട്‍ലെറ്റാണിത്. ഉദ്ഘാടനശേഷം ആദ്യ വിൽപനയും ലോക്നാഥ് ബഹ്റ നിർവഹിച്ചു. എക്സൈസ് കമ്മിഷണർ എം ആർ അജിത് കുമാർ ആദ്യ ബോട്ടിൽ സ്വീകരിച്ചു.
ഏഴായിരം കേസ് മദ്യമാണ് പുതിയ ഔട്ട്ലെറ്റിലുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കൊച്ചി മെട്രോയുടെ വൈറ്റില, വടക്കേക്കോട്ട സ്റ്റേഷനുകളിൽ ഔട്ട്‍ലെറ്റുകൾ തുടങ്ങാൻ കെഎംആർഎല്ലും ബെവ്കോയും തമ്മിൽ കരാറിലെത്തിയത്. ഇതിന് പിന്നാലെ എക്സൈസ് വകുപ്പ് അനുമതി നൽകുകയായിരുന്നു. ഔട്ട്ലെറ്റ് ഒക്കെ വന്നെങ്കിലും സീൽ പൊട്ടിക്കാത്ത മദ്യകുപ്പിയുമായേ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുകയുളുവെന്നാണ് മെട്രോ അധികൃതരുടെ മുന്നറിയിപ്പ്.

