PRAVASI

മുതുകുളത്തെ മുത്തശി ദേവകിയമ്മയ്ക്ക് പത്മശ്രീ

Blog Image

പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്ത മാതൃക സമ്മാനിച്ച ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ. 91-ാം വയസിലും പ്രകൃതിയെ ചേർത്തു പിടിക്കുന്ന ദേവകി അമ്മയ്ക്ക് ലഭിച്ച പുരസ്കാരം എല്ലാ മലയാളികൾക്കും അഭിമാനമായിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളം എന്ന ഗ്രാമത്തിലാണ് അഞ്ച് ഏക്കറിലായി പരന്നു കിടക്കുന്ന ദേവകി അമ്മയുടെ 'തപോവനം'. പച്ചപ്പും മരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളുമുള്ള വനം ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കൊല്ലക്കയിൽ ദേവകി അമ്മയും കുടുംബവും ചേർന്ന് നട്ടുപിടിപ്പിച്ച ഈ ഹരിതസമൃദ്ധി ഇന്ന് മൂവായിരത്തിലധികം മരങ്ങൾ നിറഞ്ഞ ഒരു കൊച്ചു വനമായി മാറിയിരിക്കുന്നു.
തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ എ​ൻ​വ​യ​ൺ​മെ​ൻ​റ്​ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പ് മേ​ധാ​വി​യായി വിരമിച്ച മകൾ തങ്കമണിയും വന പരിപാലനത്തിൽ ദേവകിയമ്മയ്ക്കൊപ്പമുണ്ട്. ജോ​ലി​യി​ൽ​നി​ന്നു വി​ര​മി​ച്ച​തോ​ടെ ത​ങ്ക​മ​ണിയും തൈ​ക​ൾ പരിപാലിച്ചും ഏ​തു​നേ​ര​വും അ​മ്മ​ക്കൊ​പ്പമുണ്ട്.
1980-ൽ ഉണ്ടായ ഒരു വാഹനാപകടമാണ് ദേവകി അമ്മയുടെ ജീവിതത്തെ മാറ്റിമറിച്ചത്.മൂന്ന് വർഷത്തോളം കിടപ്പിലായിരുന്ന അവർക്ക് പിന്നീട് പഴയതുപോലെ നെൽവയലുകളിൽ പോയി കൃഷി ചെയ്യാൻ സാധിച്ചില്ല. എന്നാൽ മനക്കരുത്ത് കൈവിടാതെ അവർ വീടിനോട് ചേർന്നുള്ള സ്ഥലത്ത് മരങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചു. മരങ്ങൾക്ക് മാത്രമേ നശിച്ചുകൊണ്ടിരിക്കുന്ന ഈ ഗ്രഹത്തെ രക്ഷിക്കാൻ കഴിയൂ എന്ന വലിയ പാഠം തന്റെ ജീവിത പങ്കാളിയായിരുന്ന അധ്യാപകൻ ഗോപാലകൃഷ്ണ പിള്ളയിൽ നിന്നാണ് അവർ പഠിച്ചത്. യാത്രകൾ കഴിഞ്ഞ് മടങ്ങുമ്പോൾ പുതിയ മരങ്ങളുടെയും ചെടികളുടെയും തൈകളും വിത്തുകളും അദ്ദേഹം കരുതുമായിരുന്നു. അവ നട്ടു പിടിപ്പിക്കുന്നത് ഭർത്താവിന്റെ മരണശേഷവും ദേവകി അമ്മ തുടരുകയായിരുന്നു..

നാൽപ്പത് വർഷത്തെ കഠിനാധ്വാനം കൊണ്ടാണ് ദേവകിയമ്മ വനം വളർത്തിയെടുത്തത്. തേക്ക്, മഹാഗണി തുടങ്ങിയ വലിയ മരങ്ങൾ മുതൽ കൃഷ്ണനാൽ, കായമ്പൂ തുടങ്ങിയ പുരാണ പ്രസിദ്ധമായ സസ്യങ്ങളും ലക്ഷ്മി തരു, അങ്കോലം തുടങ്ങിയ ഔഷധസസ്യങ്ങളും ഇവിടെ സമൃദ്ധമായി വളരുന്നു. മഴ പെയ്താൽ പോലും വെള്ളം നേരിട്ട് മണ്ണിൽ വീഴാത്ത വിധം മരങ്ങൾ തഴച്ചുവളരുന്ന ഈ വനം അമുർ ഫാൽക്കണുകൾ , ബ്ലൂത്രോട്ടുകൾ , കറുത്ത ചിറകുള്ള സ്റ്റിൽറ്റുകൾ , പാരഡൈസ് ഫ്ലൈകാച്ചറുകൾ , മരതക പ്രാവുകൾ തുടങ്ങിയ അപൂർവ്വ പക്ഷികളുടെയും മൃഗങ്ങളുടെയും പ്രധാന സങ്കേതമാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.