കോഴിക്കോട് കാളിയമ്പുഴയിൽ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. മരിച്ച രണ്ടു പേരും സ്ത്രീകളാണ്. ഗുരുതരമായി പരുക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ടപ്പൻചാൽ സ്വദേശി കമല (65), തിരുവമ്പാടി ലിസ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ (75) എന്നിവരാണ് മരിച്ചത്. നാൽപതോളം യാത്രക്കാരുമായി ആനക്കാംപൊയില്‍ നിന്നും തിരുവമ്പാടിയിലേക്ക് പോയ ബസ് ഉച്ചക്ക് രണ്ടു മണിയോടെ നിയന്ത്രണംവിട്ട് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു.ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരിൽ അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവരെ തിരുവമ്പാടിയിലെയും മുക്കത്തെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ബസിനുള്ളിൽ കുടുങ്ങിയവരിൽ എല്ലാവരെയുംപുറത്തെടുത്തതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ വിശദീകരണം തേടി. കെഎസ്ആർടിസി സിഎംടിയോടാണ് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.