ഷിക്കാഗോ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോ (MAGC) ഓണം 2025, അമേരിക്കൻ ഐകൃനാടുകളിൽ ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് ആഗസ്റ്റ് 16-ആം തിയതി നടത്തുന്ന ബൃഹത്തായ ഓണാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ ഷിക്കാഗോയിൽ ആരംഭിച്ചു. കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ രമേശ് ചെന്നിത്തല ചിക്കാഗോ ക്നാനായ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ അമേരിക്കൻ മലയാളി സാമൂഹിക സാംസ്കാരിക നേതൃനിരയുടെ സാന്നിധ്യത്തിൽ ആദ്യ ടിക്കറ്റ് ശ്രീ ജോസ് മണക്കാട്ടിന് കൈമാറിക്കൊണ്ട് പരിപാടികളുടെ പ്രവർത്തനോദ്ഘാടനത്തിനും ടിക്കറ്റ് വിതരണത്തിനും നാന്നി കുറിച്ചു.
പകരം വയ്ക്കാനില്ലാത്ത കേരളീയ രുചി കലവറയുടെ അമരക്കാരൻ ശ്രീ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്തത്തിൽ ഒരുക്കപ്പെടുന്ന 40 വിഭവങ്ങളും 3 പായസവും അടങ്ങിയ സദ്യ സീറോ മലബാർ കത്തീഡ്റൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ആഘോഷപരിപാടികളുടെ മുഖ്യ ആകർഷണമാണ്. നോർത്തമേരിക്കൻ മലയാളികളുടെ ഹൃദയം കീഴടക്കിയ നൃത്ത സംഗീത പ്രകടനങ്ങളുമായി നിരവധി പ്രതിഭകൾ അണിനിരക്കുന്ന കലാസായാഹ്നം ആഘോഷങ്ങൾക്ക് നിറം പകരും.
രാവിലെ പതിനൊന്നിന് സദ്യയോടെ ആരംഭിച്ച് ഒന്നരയ്ക്ക് ഉള്ള കലാപരിപാടികളിലൂടെ തുടരുന്ന വിവിധ ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിനും, സദ്യയുടെ പന്തി തിരഞ്ഞെടുക്കൽ, മറ്റ് ആഘോഷപരിപാടികളെ സംബന്ധിച്ച വിവരങ്ങൾ, സമയക്രമം തുടങ്ങിയവ ലഭിക്കുന്നതിനുമായി www.magconline.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായി വിഭാവനം ചെയ്യുന്ന ഈ മാജിക്ക് (MAGC) ഓണാഘോഷ പരിപാടികളിലേക്ക് എല്ലാ മലയാളികളെയും ഹൃദയപൂർവം ക്ഷണിക്കുന്നതായി പ്രസിഡന്റ് സുശീൽ കുമാർ, കമ്മറ്റി അംഗങ്ങളായ ഷൈലേഷ് മേനോൻ, മണികണ്ഠൻ ചന്ദ്രൻ, സ്വപ്ന രാഹുൽ, രണൺദീപ് രഘു എന്നിവർ അറിയിച്ചു.

