ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതരാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മുസ്ലിങ്ങൾക്ക് രാജ്യത്ത് അരക്ഷിതാവസ്ഥ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷം സിഎൻഎൻ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ പുരോഗതിക്കും സമാധാനത്തിനും ഐക്യത്തിനും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മാനുഷിക ലക്ഷ്യങ്ങളോടുളള പ്രതിബദ്ധത തുടരുമെന്നും കൂടിക്കാഴ്ചയിൽ സന്തുഷ്ടനെന്നും മോദി പറഞ്ഞതായി കാന്തപുരം അബൂബക്കർ മുസ്ലിയാർ പറഞ്ഞു.

സാമൂഹികം, മാനുഷികം, വിദ്യാഭ്യാസം, വികസനം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് ഇരുവരും അർത്ഥവത്തായ ചർച്ചകൾ നടത്തിയെന്ന് ചർച്ചകള്‍ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ക്ഷേമം, പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഭവവികാസങ്ങൾ എന്നിവയും ചർച്ചാവിഷയമായി. 'മാനവികതയ്ക്കൊപ്പം' എന്ന പ്രമേയത്തിൽ അടുത്തിടെ കേരളത്തിൽ നടത്തിയ യാത്രയ്ക്കിടെ വിവിധ ജനവിഭാഗങ്ങളിൽ നിന്ന് ലഭിച്ച പരാതികളും നിർദ്ദേശങ്ങളും ഗ്രാൻഡ് മുഫ്തി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തെക്കുറിച്ചുള്ള സന്ദേശവും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും ജാമിഅ മർക്കസിന്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ പുരോഗതിക്കും ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിനും വലിയ സംഭാവനകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം സന്തോഷവും മാനവ വികസന സൂചികകളും മുൻനിർത്തിയുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ പ്രാധാന്യം ചർച്ചയിൽ ഊന്നിപ്പറഞ്ഞു. ജനസംഖ്യാനുപാതവും പ്രാദേശിക സന്തുലിതാവസ്ഥയും പരിഗണിച്ചുള്ള വിഭവ വിതരണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


