ചിക്കാഗോ: മെയ് 1-ന് നടത്തിയ സൂം മീറ്റിംഗിലൂടെ ഏപ്രില്‍ 21-ന് മണ്‍മറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് അനുശോചന യോഗം സംഘടിപ്പിച്ചു. എസ്.എം.സി.സിയുടെ ആത്മീയ ഡയറക്ടര്‍ ജോഷി ഇളമ്പാശേരില്‍ അച്ചന്‍റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. നാഷണല്‍ സെക്രട്ടറി മേഴ്സി കുര്യാക്കോസ് അനുശോചനയോഗത്തില്‍ പങ്കെടുത്തവരെ പരിചയപ്പെടുത്തി. തുടര്‍ന്ന് എസ്.എം.സി.സി പ്രസിഡണ്ട് സിജില്‍ പാലക്കലോടി എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.
സീറോമലബാര്‍ രൂപതാദ്ധ്യക്ഷനായ മാര്‍ ജോയ് ആലപ്പാട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി ചെറിയ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥനയ്ക്കുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ച് അനുസ്മരിച്ചു. മൂന്നു പ്രാവശ്യം മാര്‍പാപ്പയുമായി കാണുന്നതിനുള്ള അവസരം ലഭിച്ചതായി പിതാവ് പറയുകയുണ്ടായി. ജോയ് പിതാവിന്‍റെ നിയമനത്തിനുള്ള ഉത്തരവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമയത്തായിരുന്നു. മാര്‍പാപ്പയുടെ ജീവിത കാലഘട്ടം കത്തോലിക്കര്‍ മാത്രമല്ല, മറ്റു മതവിശ്വാസികളുടെയും ആദരവും സ്നേഹവും നേടിയതായി ജോയ് പിതാവ് പ്രസ്താവിച്ചു. മാര്‍പാപ്പയുടെ ചാക്രികലേഖനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ അത്യന്തവും പ്രസക്തവുമാണെന്ന് പിതാവ് വിശദീകരിക്കുകയുണ്ടായി. മാര്‍പാപ്പയുടെ അതിജീവിതകര്‍ക്കുള്ള അശ്രാന്തപ്രതിബദ്ധത ഓരോ കത്തോലിക്കനും അഭിമാനിക്കാവുന്നതാണെന്ന് പിതാവ് എടുത്തുപറയുകയുണ്ടായി.
സീറോമലബാര്‍ രൂപതയുടെ വികാര്‍ ജനറാള്‍ റവ.ഫാ. ജോണ്‍ മേലേപ്പുറം മാര്‍പാപ്പയുടെ ആഴത്തിലുള്ള വിശ്വാസവും മൂല്യങ്ങളുമുള്ള വ്യക്തിയായിരുന്നുവെന്ന് വിശേഷിപ്പിച്ചു. കത്തീഡ്രല്‍ വികാരിയും വികാരി ജനറലുമായ തോമസ് കടുകപ്പള്ളി അച്ചനും മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാപൂര്‍ണ്ണമായ ജീവിതവും സദ്ഗുണങ്ങളും എടുത്തുപറയുകയുണ്ടായി.
നാഷണല്‍ എസ്എംസിസിയുടെ ആത്മീയ ഡയറക്ടര്‍ റവ.ഫാ. ജോഷി ഇളമ്പാശേരില്‍ അച്ചനും മാര്‍പാപ്പയ്ക്ക് ജനങ്ങളോടുള്ള സമര്‍പ്പണവും അശ്രാന്ത സേവനതല്പരതയും അനുസ്മരിച്ചു.
സിജില്‍ പാലക്കലോടി, ഡോ. ജെയിംസ് കുറിച്ചി, ജോസ് ആന്‍ഡ് ജയാ കൊട്ടുകാപ്പിള്ളി, ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സേവി മാത്യു, ജോസ് സെബാസ്റ്റ്യന്‍, റോഷന്‍ പ്ലാമൂട്ടില്‍, ബോസ് കുര്യന്‍, ഷൈജു, മേഴ്സി കുര്യാക്കോസ്, കുര്യാക്കോസ് തുണ്ടിപറമ്പില്‍, ആന്‍റോ കവലയ്ക്കല്‍, മാത്യു തോയലില്‍, എത്സി വിതയത്തില്‍, ബൈജു ആന്‍ഡ് മിനി വിതയത്തില്‍, മാത്യു ചാക്കോ, ജിയോ കടവേലില്‍, ജോര്‍ജ് വി. ജോര്‍ജ് എന്നിവരും അനുശോചനം രേഖപ്പെടുത്തി. ജോണ്‍സണ്‍ കണ്ണൂക്കാടന്‍റെ നന്ദി പ്രകാശനത്തോടെ സൂം മീറ്റിംഗ് പര്യവസാനിച്ചു.


