PRAVASI

പാലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി

Blog Image

മസാച്യുസെറ്റ്‌സ് :പാലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ട്രംപ് ഭരണകൂടം തടങ്കലിലാക്കിയ ടഫ്‌റ്റ്‌സ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനി റുമൈസ ഓസ്‌തുർക്കിനെ  നാടുകടത്താനുള്ള നീക്കം ഇമിഗ്രേഷൻ കോടതി തടഞ്ഞു. ഓസ്‌തുർക്കിനെ നാടുകടത്താൻ ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ ആഭ്യന്തര സുരക്ഷാ വകുപ്പ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്.

 2025 മാർച്ചിൽ മസാച്യുസെറ്റ്‌സിലെ സോമർവില്ലിലുള്ള വീടിന് പുറത്തുനിന്നാണ് വേഷപ്രച്ഛന്നരായ ഉദ്യോഗസ്ഥർ ഓസ്‌തുർക്കിനെ പിടികൂടിയത്. ഒരു മാസത്തിലധികം അവർ തടങ്കലിലായിരുന്നു. ഇസ്രായേലിനെ വിമർശിച്ച് സർവകലാശാല പത്രത്തിൽ ലേഖനം എഴുതിയതാണ് ട്രംപ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. ഭീകരവാദ ബന്ധം ആരോപിച്ചായിരുന്നു നടപടിയെങ്കിലും ഇതിന് തെളിവില്ലെന്ന് പിന്നീട് വ്യക്തമായി.

 ഓസ്‌തുർക്കിന്റെ വിസ റദ്ദാക്കിയതും അറസ്റ്റ് ചെയ്തതും രാഷ്ട്രീയ പ്രേരിതമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു.

 "നീതിന്യായ വ്യവസ്ഥയിലെ പോരായ്മകൾക്കിടയിലും ഈ വിധി എന്നെപ്പോലെ വേട്ടയാടപ്പെട്ടവർക്ക് പ്രതീക്ഷ നൽകുന്നു," എന്ന് തുർക്കി സ്വദേശിയായ ഓസ്‌തുർക്ക് പ്രതികരിച്ചു.

പാലസ്തീൻ അനുകൂലികളായ വിദേശ വിദ്യാർത്ഥികളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യം വെച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെയുള്ള വലിയൊരു വിജയമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്. ഹമാസ് അനുകൂലികളായ വിദേശികളെ നാടുകടത്തുമെന്ന് നേരത്തെ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.