ആരെയെങ്കിലുമൊക്കെ യാത്രയയക്കാനോ സ്വീകരിക്കാനോ വിമാനത്താവളത്തിലേക്കു പോകും വഴി, അഥവാ, അവിടെനിന്നു മടങ്ങും വഴി, ശംഖുമുഖം ബീച്ചിലിറങ്ങി, പത്തു പതിനഞ്ചു മിനിറ്റ് കടൽ കണ്ടു നില്ക്കുന്നത് വർഷങ്ങളായുള്ള എന്റെ ശീലമാണ്. മണൽത്തിട്ട കടലെടുത്ത ശേഷവും ആ അര മതിൽക്കെട്ടിനോടു ചേർന്നു ഞാൻ നില് ക്കാറുണ്ടായിരുന്നു .കൊണ്ടുപോയ മണലെല്ലാം തിരികെ തന്ന്,കടലമ്മ ശംഖുമുഖം ബീച്ചിന്റെ നല്ലൊരു ഭാഗം പഴയപടിയാക്കിയിട്ടു രണ്ടുമൂന്നു മാസമേ ആയിട്ടുള്ളൂ. നഗരവാസി കളുടെ ആഹ്ലാദം വീണ്ടും ആ മണൽതിട്ടയിൽ അലതല്ലി തുടങ്ങിയതു കാണാൻ എനിക്ക് അവസരം ലഭിച്ചത് വാ ലെന്റൈൻസ് ഡേ യുടെ തലേന്നാണ്.
സാഹിത്യ അക്കാഡമിയുടെ ഇംഗ്ലീഷ് ബോർഡിന്റെ യോഗത്തിൽ പങ്കെടുത്തു മടങ്ങുന്ന പ്രിയതമ ജാൻസിയെ സ്വീകരിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ ശംഖുമുഖത്തിന്റെ ആ ചോദ്യം കർണപുടങ്ങളിൽ വന്നലച്ചു : " ഓർമ്മയുണ്ടോ ഈ മുഖം?" ഉണ്ട്, ഓർമ്മ യുണ്ട്. ബന്ധുക്കളും മിത്രങ്ങളുമായ എത്രയോ പേരോടൊപ്പം ഈ മണൽതിട്ടയിൽ സൊറ പറഞ്ഞു കാറ്റു കൊണ്ടിരുന്ന നാളുകൾ! ജാൻസിയും മക്കൾ തുഷാര, തരുൺ, അമൃത എന്നിവരുമൊത്ത് പാട്ട് പാടിയും, മണൽ കൊട്ടാരമുണ്ടാക്കിയും, ബലൂൺ പറത്തിയും, കടല കൊറിച്ചും, ഓടിക്കളിച്ചും കുടുംബ സൗഭാഗ്യമാസ്വദിച്ച സായന്തനങ്ങൾ! പേരക്കിടാങ്ങളായ മി ന്നുവും, മിട്ടുവും, മിയയുമൊത്തു തിരയിൽ കളിച്ചും, കഥ പറഞ്ഞും, കുതിര സവാരി നടത്തിയും ലോകം മറന്നു ബാല്യം കൊണ്ടാടിയ വൈകുന്നേരങ്ങൾ!
മത്സ്യ കച്ചവടക്കാർക്കപ്പുറം കാർ നിർത്തി, ജാൻസിയുടെ കൈ പിടിച്ച്,, കടൽകാറ്റേറ്റ്, പഴയ ഇന്ത്യൻ കോഫി ഹൗസിനു മുന്നിലൂടെ നടന്ന്, ' ഓർമ്മകൾ മേയുമാ ' പൂഴിത്ത ടത്തിലെത്തി. റോഡിലേക്കു മടങ്ങാൻ സമയമായെന്ന് ഡ്രൈവർ വിളിച്ചു പറയുമ്പോൾ ഞങ്ങളുടെ കണ്ണുകൾ അവളെ തേടുകയായിരുന്നു ---- ആ 'സാഗര കന്യക'യെ.
'വെച്ചു വാണി ഭക്കാരു'ടെയും, ' കിലുകിലാ കച്ചവടക്കാരു'ടെയും, ചായ - കാപ്പി കിയോസ്കുകളുടെയുമൊക്കെ ഇടയിലൂടെ ഞങ്ങൾ പരതി, പക്ഷേ അവളെ കണ്ടില്ല. ഒടുവിൽ ഒരു പെട്ടിക്കടക്കാരിയോടു ചോദിച്ചു : " ഇവിടെയുണ്ടായിരുന്ന ആ 'മത്സ്യ കന്യക ' എവിടെപ്പോയി? " അവർ അല്പം ഈർഷ്യയോടെ പറഞ്ഞു :"ദാ, അങ്ങു പുറകിലുണ്ട്. "
തീനും കുടിയും കളിയും ചിരിയുമായി ബഹളം കൂട്ടുന്ന നിഴലുകളെ വകഞ്ഞുമാറ്റി ഞങ്ങൾ അവർക്കു പിന്നിലേക്ക് നടന്നു. അതേ, അവിടെ അവൾ കിടപ്പുണ്ട് ----- ആ ' സാഗര കന്യക '! അരയ്ക്കു താഴോട്ടു മത്സ്യവും മേലോട്ട് മനുഷ്യ സ്ത്രീയുമായ ആ 'മെർമെയ്ഡ് '.
ഞാൻ മക്കളും കൊച്ചുമക്കളുമായി വന്നിരുന്ന നാളുകളിൽ മണൽതിട്ടയ്ക്കും ഈ സൗന്ദര്യധാ മത്തിനുമിടയിൽ കാഴ്ച തടയുന്ന യാതൊന്നും ഉണ്ടായിരുന്നില്ല. ബീച്ചിൽ നിന്നു നോക്കിയാൽ കാണാം, ഒട്ടകലെ, ഉയർന്ന കോൺക്രീറ്റ് തല്പത്തിൽ, വശ്യമായി ചെരിഞ്ഞു കിടന്ന്, നിങ്ങളെ മാടിവിളിക്കുന്ന ആ യുവ സുന്ദരിയെ ! കൊഴുത്ത തുടയിൽ തൊട്ടുനോക്കി, ഇവൾക്ക് ജീവനുണ്ടോ എന്ന് സംശയനിവൃത്തി വരുത്തുന്ന ചെറുപ്പക്കാരെ നോക്കി ഊറിച്ചിരിച്ചുകൊണ്ട്, ഞങ്ങൾ കഥയെത്ര പറഞ്ഞിട്ടുണ്ട്, പാട്ടെത്ര പാടിയിട്ടുണ്ട്!
ഏതു ബീച്ചിൽ എപ്പോൾ പോയാലും എന്റെ ഓർമ്മയിൽ തുഴഞ്ഞു വരാറുണ്ട്, മലയാള സിനിമയിലെ നിത്യവിസ്മയമായ ' ചെമ്മീൻ'. ഈ 'സാഗര കന്യക'യുടെ കാൽക്ക ലിരുന്ന്, മക്കളായ തുഷാരയും തരുണും അമൃതയുമൊത്ത്, ' കടലിനക്കരെ പോണോരോ'ട് "പോയ് വരുമ്പോൾ എന്തു കൊണ്ടുവരും " എന്ന് എത്രയോ തവണ ഞങ്ങൾ പാടി പാടി ചോദിച്ചിട്ടുണ്ട്.!" പതിനാലാം രാവിലെ, പാലാഴിത്തിരയിലെ, മത്സ്യ കന്യകമാരുടെ മാണിക്യ കല്ലു തരാമോ " എന്ന വരിയിലെത്തുമ്പോൾ തുഷാരയുടെ ഭാവഹാവാദികൾ എത്ര രസദായകമായിരുന്നു എന്ന് ഞാൻ ഓർമ്മിച്ചു പോകുന്നു.
പേരക്കിടാ ങ്ങളായ മിന്നുവും മിട്ടുവും മിയയും മാത്യു ആർനോൾഡ് എഴുതിയ ' The Forsaken Merman' എന്ന കവിതയുടെ കഥ ജാൻസി പറയുന്നത് ശ്വാസമടക്കി പ്പിടിച്ചാണ് കേട്ടിരുന്നത്. മനുഷ്യ സ്ത്രീയായ മാർഗരറ്റ് കടലിനടിയിലെ കൊട്ടാരത്തിൽ, അരയ്ക്കു താഴോട്ട് മത്സ്യവും മുകളിലേക്കു മനുഷ്യനുമായ മെർമനോടും മക്കളോടുമൊപ്പം സന്തോഷപൂർവം ഏറെക്കാലം ജീവിച്ചതിനു ശേഷം, പെട്ടെന്നൊരു ദിവസം, ബീച്ചിലുള്ള പള്ളിയിൽ നിന്ന് ഈസ്റ്റർ ദിനത്തിലെ മണിമുഴക്കം കേട്ടപ്പോൾ, മെർമെനെയും മക്കളെയും ഉപേക്ഷിച്ച്, തന്റെ ബന്ധുക്കളുടെ അടുത്തേക്ക് മടങ്ങിപ്പോയതിന്റെയും, അന്നു മുതൽ മെർമെൻ,മക്കളോടൊപ്പംതന്റെ പ്രാണ സഖിക്കുവേണ്ടി നടത്തിയ ഭ്രാന്തമായ കാത്തിരിപ്പിന്റെയും കഥ കേട്ടു നെടുവീർപ്പെടുന്ന മിന്നുവിന്റെയും മിയയുടെയും മുഖങ്ങൾ ഇപ്പോഴും എന്റെ മനസിലുണ്ട്.മനസ് കീറിമുറിക്കുന്ന പ്രണയനഷ്ടത്തിന്റെ ഈ കഥയുടെ കഥ വാലെ ന്റൈൻസ് ഡേ യുടെ തലേന്ന് മെർമെയ്ഡിനെ തേടി നടക്കുമ്പോൾ ഞാൻ ഓർമ്മിച്ചില്ലെ ങ്കിലല്ലേ അദ്‌ഭുതമുള്ളൂ.
കാനായിയുടെ ' സാ ഗരകന്യക ' എനിക്കു കേവലം ഒരു ശില്പമല്ല, ജീവിതത്തിലെ ചില വസന്തോത്സവങ്ങളെ ഓർമ്മപ്പെടുത്തുന്ന പൂവിളിയാണ്. പ്രണയാതുര ചിന്തകൾക്കു തിരി കൊളുത്തുന്ന ജ്യോതിയാണത് ----- വാ ലെ ന്റൈൻസ് ഡേ യുടെ തലേന്ന് വിശേഷിച്ചും. മറ്റു പലരും ചിലരെയൊക്കെ ബൊക്കെ നല്കി സ്വീകരിക്കുമ്പോൾ ഞാൻ വിമാനമിറങ്ങിവരുന്ന എന്റെ പ്രിയതമയെ മിൽക്ക് ചോക്ലേറ്റ് നൽകിയാണ് സ്വീകരിക്കാറ്. ഇത്തവണ ചോക്ലേറ്റ് നല്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് പിറ്റേന്ന് വാലെ ന്റൈൻസ് ഡേയ്ക്ക് നല് കേണ്ട പനിനീർപ്പൂ ച്ചെണ്ട് 'ഓർഡർ ' ചെയ്യുന്ന കാര്യമായിരുന്നു.
മനോഹരമായ 'സാഗര കന്യകാ 'ശില്പത്തിനു മുന്നിൽ നില് ക്കുമ്പോൾ തരളിതമായ എന്റെ മനസ് മലമ്പുഴ ഗാർഡൻസിലേക്കു ചിറ കടിച്ചു പറന്നു. അവിടെ, പൂർണ്ണമായും ഗ്ലാസ്സിൽ തീർത്ത ഹണിമൂൺ കൊട്ടേജിൽ ഞങ്ങളുടെ മധുവിധു ആഘോഷിച്ചതും, ഉറക്കച്ചടിവോടെ പിറ്റേന്നു രാവിലെ ' കാനായി യുടെ 'യക്ഷി ' എന്ന ശില്പത്തിനു മുന്നിൽ ആരാധനാഭാവത്തോടെ കൈ കൂപ്പി നിന്നതും ഞാൻ ഓർമ്മിച്ചു .1969 ൽ ജന്മമെടുത്ത പൂർണ്ണ നഗ്നയായ ' യക്ഷി'യുടെ ' ഏതാനും ഭാഗങ്ങൾ ' കണ്ടപ്പോൾ നവവധു നാണിച്ചു കണ്ണു പൊത്തിയതും, കൈ കൂപ്പി നില്ക്കുന്ന എന്നെ അല്പം അസൂയ കലർന്ന രോഷത്തോടെ നോക്കിയതുമൊക്കെ മധുരിക്കുന്ന ഓർമ്മകളാണ്.
ഒരു കാര്യം പറയാതെ വയ്യ.
1666 ലെ വമ്പിച്ച അഗ്നിബാധക്കു ( The Great Fire of London) ശേഷം ലണ്ടൻ നഗരത്തെ തന്റെ നിർമ്മിതികൾ കൊണ്ടു മനോഹരമാക്കിയ മഹാനായ ആർക്കിടെക്ട് സർ ക്രിസ്റ്റഫർ റെൻ (1632---1723) അന്ത്യ വിശ്രമം കൊള്ളുന്നത് ലണ്ടനിലെ St. Paul's Cathedral ലാണ്. അദ്ദേഹത്തിന്റെ ശവകുടീ രത്തിൽ ലാറ്റിനിൽ എഴുതിവച്ചിട്ടുള്ള Epitaph ( സ്മരണ ക്കുറിപ്പ് ) ന്റെ അർത്ഥം ഇങ്ങനെയാണ് :" Reader, if you wish to see his memorial, look around. ". അതേ, ചുറ്റും നോക്കുമ്പോൾ നിങ്ങൾ കാണുന്ന സൃഷ്ടികൾ തന്നെയാണ് അദ്ദേഹത്തിന്റെ സ്മാരകങ്ങൾ.
87 വയസുള്ള മഹാനായ കാനായിയുടെ സ്മാരകങ്ങളായി മാറേണ്ട ശില്പങ്ങൾക്കു വേണ്ടി മലമ്പുഴ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തുന്ന ആരാധകൻ 1990 ൽ ശംഖുമുഖത്ത് പിറന്നു വീണ സാഗര കന്യകയെ കാണണമെങ്കിൽ ഇന്ന് എത്ര പെട്ടിക്കടകളെയും ചായപ്പീടികകളെയും വകഞ്ഞുമാറ്റേണ്ടി വരും എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു. മുൻപ്, ബീച്ചിലെത്തുന്ന ആരുടെയും കണ്ണിൽ പെട്ടെന്നു പെടാൻ പാകത്തിൽ, കണ്ണുള്ളവരുടെയെല്ലാം ഭാവനക്ക് തീ കൊളുത്തും വിധം വിരാജിച്ചിരുന്ന സുന്ദരീ ശില്പം, ഇന്ന്, ആ പെട്ടിക്കടക്കാരി പറഞ്ഞതുപോലെ, ദാ അവിടെ, കച്ചവടക്കാർക്കെല്ലാം പിന്നിൽ, അവഗണിക്കപ്പെട്ടും അവഹേളിക്കപ്പെട്ടും കിടക്കുന്നു.
ഒരു മനുഷ്യ സ്ത്രീ നല്കിയ അവഗണനയുടെയും സ്നേഹരാ ഹിത്യത്തിന്റെയും കയ്പ്പു നീർ കുടിച്ച് ക ടലിനടിയിൽ നിശ്ശബ്ദനായി കഴിയുന്ന മെർമെനെക്കുറിച്ചു കവിത എഴുതാൻ ഒരു മാത്യു ആർനോൾഡ് ഉണ്ടായി.
അദ്ദേഹം ശക്തമായി നിരാകരിച്ച ഫിലിസ്റ്റൈൻ ( Philistine ) സമീപനം കൊണ്ടു വിഷലിപ്തമായ മനസോടെ, വാണിജ്യ വത്കരണത്തിന്റെ നീരാളിപ്പിടിത്തത്തിൽ അകപ്പെട്ടുപോയ മനുഷ്യർ നല്കുന്ന അവഗണനയുടെയും അനാദരവിന്റെയും കയ്പ്പുനീർ കുടിച്ച് ശംഖു മുഖം കടലോരത്തു കഴിയുന്ന ശബ്ദമില്ലാത്ത മെർമെയ്ഡിന്റെ ശബ്ദമാകാൻ ഇന്ന് ആരുണ്ടാകും?
കൊച്ചി ( കടവന്ത്ര ) യിൽ GCDA ഓഫീസിനു മുന്നിൽ വിശാലമായ പുൽത്തകിടിക്കു നടുവിൽ പരിപാലിക്കപ്പെട്ടുപോരുന്ന ' മുക്കോല പെരുമാൾ ' എന്ന കാനായി സൃഷ്ടി കണ്ടിട്ടുള്ള തലസ്ഥാന വാസികൾ ' സാഗര കന്യക ' യുടെ ദുരവസ്ഥ താരതമ്യം ചെയ്ത്, ഇ വിടെ കലയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതിനുള്ള ചുമതല വഹിക്കുന്ന 'തമ്പുരാക്കന്മാ'രെ ശപിക്കുന്നുണ്ടാവും,!
രാജശില്പീ, താങ്കൾ ഞങ്ങൾക്കു നല്കിയ പൂ ജാവിഗ്രഹത്തിനു മുന്നിൽ പുഷ്പാഞ്ജലിയുമായി നില്ക്കുമ്പോൾ ഈ എളിയ നഗരവാസിയുടെ തല കുനിഞ്ഞു പോകുന്നു. മനസിന്റെ ഭിത്തിയിൽ താങ്കൾക്കായി കൊത്തി വച്ചിട്ടുള്ളത് മൂന്നു വാക്കുകൾ മാത്രം :
" രാജശില്പിയായ കാനായീ, മാപ്പ്!"
ജയിംസ് ജോസഫ് കാരക്കാട്ട്